പി.എസ്.സി. ചെയർമാൻ എം.ആര്‍.ബൈജു
പി.എസ്.സിയിൽ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശക്തമാകുന്നതിനിടെ ചെയർമാൻ എം.ആർ. ബൈജുവിനെതിരെ ഒരുവിഭാഗം അംഗങ്ങൾ രംഗത്ത്. പരീക്ഷാ അട്ടിമറിക്ക് പിന്നിൽ ചെയർമാനാണെന്ന് ആരോപിച്ച് ഇവർ മുഖ്യമന്ത്രി വി.ഡി. സതീശന് പരാതി നൽകി. Also Read: മോദിക്കെതിരായ ഖർഗെയുടെ പ്രസ്താവന; ഇന്ത്യ സഖ്യ നേതാക്കൾക്ക് അതൃപ്തി
സവിശേഷ അധികാരം ദുരുപയോഗം ചെയ്ത് ഡിവൈ.എസ്.പി. സ്പെഷൽ റിക്രൂട്ട്മെന്റ്, ലോ കോളജ് അസിസ്റ്റന്റ് പ്രഫസർ പരീക്ഷകൾ അട്ടിമറിച്ചെന്നാണ് പരാതിയിലെ ആരോപണം. എഴുത്തുപരീക്ഷയിലെ മാർക്ക് മുൻകൂട്ടി മനസ്സിലാക്കി ഇഷ്ടക്കാരെ അഭിമുഖത്തിന് പങ്കെടുപ്പിച്ചെന്നും അംഗങ്ങൾ ആരോപിക്കുന്നു. ചെയർമാന്റെ നടപടികൾ മൂലം പി.എസ്.സി. ഒന്നടങ്കം സംശയനിഴലിലായെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഗുരുതരമായ പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ ചെയ്ത വിഷയത്തിൽ കരുതലോടെ പ്രതികരിക്കാനാണ് സർക്കാർ നീക്കം. മുഖ്യമന്ത്രി വി.ഡി. സതീശൻ ഘടകകക്ഷികളുമായി വിഷയം ചർച്ച ചെയ്യും.
അതിനിടെ, പി.എസ്.സിക്കെതിരെ മിൽമ ഭരണസമിതിയും സർക്കാരിന് പരാതി നൽകി. മതിയായ പരിശോധന നടത്താതെ യോഗ്യതയില്ലാത്ത ഒരാളെ നിയമിക്കാൻ നീക്കം നടത്തിയെന്നാണ് പരാതി. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം നിയമന ഉത്തരവ് പുറപ്പെടുവിച്ചെന്നും ജോലിയിൽ പ്രവേശിക്കാനെത്തിയ വ്യക്തിക്ക് യോഗ്യതയില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് തിരിച്ചയച്ചെന്നും മിൽമ ആരോപിക്കുന്നു. സംഭവത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി മിൽമ പി.എസ്.സിക്കും കത്തയച്ചിട്ടുണ്ട്.