ചേരാനല്ലൂരില്‍ കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചതില്‍ കാറോടിച്ച പതിനേഴുകാരന്റെ പിതാവായ ജഡ്ജിക്ക് കുരുക്ക് മുറുകുന്നു. അപകട കേസില്‍ വാഹന ഉടമയായ ജഡ്ജിയെ സസ്പെന്‍ഡ് ചെയ്യാന്‍ ഹൈക്കോടതി തീരുമാനം. സംഭവം ജുഡീഷ്യറിക്ക് അവമതിപ്പുണ്ടാക്കിയെന്ന് കോടതി വിലയിരുത്തി. അതിനിടെ കേസില്‍ പൊലീസ് വാഹന ഉടമയായാ ജഡ്ജിയേയും പ്രതി ചേര്‍ത്തു. അന്വേഷണ വീഴ്ചയില്‍ പൊലീസിലും നടപടിക്ക് സാധ്യത.കൊച്ചി കമ്മിഷണറോട് എഡിജിപി വിഷയത്തില്‍ വിശദീകരണം തേടി. അപകട സമയത്ത് വാഹനം അമിത വേഗത്തില്‍ ആയിരുന്നെന്ന് പരിശോധനയില്‍ വ്യക്തമായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ കാളിരാജ് മാഹേഷ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് തെളിവ് ലഭിച്ചത്. കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തത് വിശദമായ അന്വേഷണത്തിലാണെന്നും തെളിവ് ലഭിക്കാന്‍ വൈകിയെന്നും കൊച്ചി കമ്മിഷ്ണര്‍ പറഞ്ഞു. Also Read: ‘വേഗത മണിക്കൂറിൽ 104 കിലോമീറ്റർ’ മൊബൈൽ ദൃശ്യങ്ങൾ കുടുക്കി
കേസിൽ വിശദമായ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. നരഹത്യാക്കുറ്റം ചുമത്തുന്നത് മനഃപൂർവം വൈകിപ്പിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ നിലപാട്. മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം നൽകിയ പരാതിയും പ്രത്യേക അന്വേഷണസംഘം പരിശോധിക്കും. അപകടസമയത്ത് 17കാരൻ അമിതവേഗത്തിലായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അപകടത്തിന് തൊട്ടുമുമ്പ് കാറിന്റെ വേഗം മണിക്കൂറിൽ 104 കിലോമീറ്ററായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. അപകടവുമായി ബന്ധപ്പെട്ട് പ്രതി പകർത്തിയ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. Also Read: ചേരാനല്ലൂര്‍ അപകടം; ജഡ്ജിയുടെ മകന് ജാമ്യം
കേസിന്റെ അന്വേഷണത്തിലും തുടർനടപടികളിലും വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി ആവശ്യപ്പെട്ടു. പിതാവ് തട്ടുകട നടത്തിപ്പുകാരനായിരുന്നതിനാലാണ് പൊലീസ് കേസ് കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തിയതെന്നും അവർ ആരോപിച്ചു. സംഭവത്തിൽ നീതി തേടി മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകുമെന്ന് ഭദ്രകീർത്തി അറിയിച്ചു. നീതി ലഭിക്കുന്നതുവരെ നിരാഹാരസമരം നടത്തുമെന്നും അവർ വ്യക്തമാക്കി.