• നെടുമ്പാശ്ശേരി അപകടത്തിൽ വാഹനം ഓടിച്ചത് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിലാണെന്ന് സിസിടിവി പരിശോധനയിൽ പൊലീസ് കണ്ടെത്തി.

നെടുമ്പാശേരിയില്‍ അപകടത്തിനിടയാക്കിയ വാഹനം ഓടിച്ചത് മണിക്കൂറില്‍ 160 കിലോ മീറ്റര്‍ വേഗത്തില്‍. പ്രതി സുഹൈല്‍ അരക്കിലോമീറ്റര്‍ പിന്നിട്ടത് വെറും പതിനൊന്ന് സെക്കന്‍ഡില്‍ നിന്നും കണ്ടെത്തല്‍. മരണപ്പാച്ചില്‍ കൂട്ടുപ്രതികള്‍ ചിത്രീകരിച്ചെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അപകടശേഷം തെളിവെടുപ്പിനിടെ 120 കിലോ മീറ്റര്‍ വേഗതയില്‍ വണ്ടി ഓടിച്ചു എന്നായിരുന്നു സുഹൈല്‍ പൊലീസിനോട് പറഞ്ഞത്. 

നെടുമ്പാശേരിയില്‍ അപകടം നടന്ന റോഡിലെ സിസിടിവി പരിശോധിച്ചതില്‍ നിന്നും കാറിലുണ്ടായിരുന്ന കൂട്ടുപ്രതികള്‍ ചിത്രീകരിച്ച വിഡിയോയില്‍ നിന്നുമാണ് പൊലീസിന് ഈ വിവരം ലഭിച്ചത്. സിയാല്‍ പരിപാലിക്കുന്ന വിമാനത്താവളത്തിലേക്കുള്ള റോഡില്‍ അപകടം നടന്ന ഭാഗത്ത് 500 മീറ്ററിനുള്ളില്‍ അ‍ഞ്ച് ക്യാമറകളുണ്ട്. ഇതില്‍ നിന്നും അപകടസമയത്ത് അരകിലോമീറ്റര്‍ പിന്നിട്ടത് 11 സെക്കന്‍ഡിലാണെന്ന് പൊലീസ് കണ്ടെത്തി. 

സുഹൈലിനൊപ്പം കാറില്‍ സഞ്ചരിച്ച കൂട്ടുപ്രതികള്‍ പിന്‍സീറ്റിലിരുന്ന ചിത്രീകരിച്ച ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ഇതില്‍ കാറിന്‍റെ സ്പീഡോമീറ്ററിലെ വിവരങ്ങളിലാണ് 160 കിലോ മീറ്റര്‍ വേഗത കാണിക്കുന്നത്. വേഗം സംബന്ധിച്ച ശാസ്ത്രീയ വിവരം ഡാറ്റ റെക്കോഡര്‍ പരിശോധന ഫലം ലഭിച്ചാല്‍ അറിയാന്‍ സാധിക്കും. ഇത് പരിശോധിക്കാന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ലുവിന്‍റെ ജര്‍മനയിലെ ഓഫീസിലേക്ക് അയച്ചിരിക്കുകയാണ്.  

അപകടം നടന്ന സ്ഥലത്തു കൂടെ സുഹൈല്‍ രണ്ടു തവണ വാഹനം ഓടിച്ചതായും പൊലീസ് ക്യാമറ പരിശോധിച്ച് കണ്ടെത്തി. കേസന്വേഷിക്കുന്ന പൊലീസ് സംഘം നിലവില്‍ മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുന്നുണ്ട്. ഇത് പൂര്‍ത്തിയാകുന്ന പക്ഷം കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. 

ENGLISH SUMMARY:

Police investigation into the fatal Nedumbassery accident has revealed that the accused, Suhail, was driving at a dangerous speed of 160 kmph, disproving his earlier claims. CCTV footage analyzed from the airport road showed that the vehicle covered half a kilometer in just eleven seconds. Furthermore, investigators retrieved a video filmed by co-passengers in the backseat that documented the reckless high-speed driving. The scientific data recorder has been sent to BMW's Germany headquarters for official verification as police prepare to file the chargesheet.