• കൊച്ചി സിനഗോഗിന് മുന്നിൽ തീയിട്ട കേസിലെ പ്രധാന പ്രതി എബിൻ പോളിനെതിരെ ഭീകരവാദ പ്രവർത്തനങ്ങളും ഗൂഢാലോചനയും ചൂണ്ടിക്കാട്ടി പൊലീസ് യുഎപിഎ ചുമത്തി.

കൊച്ചിയിലെ സിനഗോഗിന് മുന്നിൽ തീയിട്ട കേസിലെ പ്രതി  എബിൻ പോളിനെതിരെ യുഎപിഎ ചുമത്തി. കേസ് അന്വേഷണം എന്‍ഐഎ  ഏറ്റെടുത്തേക്കും. ഗൂഢാലോചനയിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും സംഭവങ്ങൾക്ക് പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്ന് സംശയമുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു.

യുഎപിഎയിലെ 16, 18 വകുപ്പുകളാണ് എബിന്‍ പോളിനെതിരെ ചുമത്തിയത്. ഭീകരവാദ പ്രവർത്തനം, തീവ്രവാദം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് മന്ത്രി കോടതിയിലേക്ക് പൊലീസ് റിപ്പോർട്ട് നൽകിയിട്ടുള്ളത്. എബിന്‍ പോളിന്‍റേത് തീവ്രവാദ പ്രവർത്തനമാണെന്ന് സിനഗോഗ് തീപിടുത്തവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തന്നെ വ്യക്തമായിരുന്നു. ‍‌‌ മറ്റു സ്ഥലങ്ങളില്‍ നടത്തിയ ആക്രമണങ്ങളും തീവ്രവാദ സ്വഭാവമുള്ളതാണ്. മൂവാറ്റുപുഴയിലും വാളകത്തും നടത്തിയ ആക്രമണം തീവ്രവാദ സ്വഭാവമുള്ളതാണെന്നും ഇവ വൈകാരിക സ്വഭാവമുള്ള ഇടങ്ങളാണെന്നും പൊലീസ് വ്യക്തമാക്കി. ഇതിനാലാണ് എബിന്‍ പോളിനെതിരെ യുഎപിഎ ചുമത്താന്‍ പൊലീസ് തീരുമാനിച്ചത്. 

അക്രമങ്ങൾ നടത്താൻ ആശയവിനിമയങ്ങൾ നടത്തിയിരുന്ന ടെലഗ്രാം ഗ്രൂപ്പിനും തീവ്രവാദ സ്വഭാവം ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. കേരളത്തിനു പുറമെ ഇന്ത്യക്ക് പുറത്തേക്കും സ്ഫോടനങ്ങൾ അടക്കമുള്ള അക്രമങ്ങൾ നടത്താൻ സംഘം പദ്ധതിയിട്ടിരുന്നു. ആക്രമണത്തിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. അതുകൊണ്ട് ഇത് എബിൻ പോളോ, വിക്രം സിംഗിലോ മാത്രം ഒതുങ്ങിനിൽക്കുന്ന കാര്യമല്ലെന്നും കൂടുതല്‍ പേര്‍ പങ്കാളികളായിട്ടുണ്ടെന്നും പൊലീസ് വിവരമുണ്ട്. 

യുഎപിഎ ചുമത്തി കേസെടുത്തതിനാല്‍ അന്വേഷണം ദേശിയ അന്വേഷണ ഏജന്‍സിയിലേക്ക് പോകും. ഉടന്‍ തന്നെ എന്‍ഐഎ കേസ് ഏറ്റെടുക്കും. 

ENGLISH SUMMARY:

Kochi City Police have invoked strict provisions under the Unlawful Activities (Prevention) Act against accused Ebin Paul in connection with the arson attack in front of the historic Kochi Synagogue. Sections 16 and 18 of the UAPA, covering terror activities and conspiracy, were invoked after investigations revealed coordinated attacks across multiple sensitive locations including Muvattupuzha and Valakom. Officials uncovered that the suspects utilized a radical Telegram network to map out violent attacks both within India and internationally. Due to the national security implications and complex wider conspiracy involving additional suspects, the National Investigation Agency is expected to formally take over the probe soon.