Image: Facebook, PA Seba

  • ‘പിണറായി വിജയന്‍ ഈ പോസ്റ്റ് ഒന്നു വായിക്കണം, എല്ലാത്തിലും രാഷ്ട്രീയം കാണരുത്, വേദന തോന്നി ആ നിലപാട് കണ്ടപ്പോള്‍’

സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്എംഎ) രോഗബാധിതര്‍ക്ക് ഇന്ത്യന്‍ നിര്‍മിത ജനറിക് മരുന്ന് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുടെ നിലപാടില്‍ സങ്കടക്കുറിപ്പുമായി പി.കെ സേബ. എസ്എംഎ രോഗബാധിത കൂടിയായ സേബയും കൂടി നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ജനറിക് മരുന്ന് വില്‍ക്കാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയത്. പിണറായി വിജയന്‍ നിലവിലെ സര്‍ക്കാറിനെ കുറ്റപ്പെടുത്തി ഒരു ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് ശ്രദ്ധിച്ചെന്നും കണ്ടപ്പോള്‍ വലിയ ദുഖം തോന്നിയെന്നും സേബ പറയുന്നു.  താനടക്കമുള്ള ഇന്ത്യയിലെ എസ്എംഎ ബാധിതരുടേയും കുടുംബങ്ങളുടേയും ഒരുപാട് കാലത്തെ പ്രയത്നത്തിന്റെ ഫലമാണ് ജനറിക് റിസ്ഡിപ്ലാം ഇന്ത്യയില്‍ വന്നതെന്ന് സേബ പറയുന്നു. എന്നിട്ട് ഈ വിഷയത്തെ ഒരു രാഷ്ട്രീയപ്പോരാക്കി മാറ്റാൻ ശ്രമിക്കുന്നത് ഖേദകരമാണെന്ന് സേബ പറയുന്നു. 

Also Read: മറന്നുവച്ച ചെരിപ്പെടുക്കാൻ ബസിൽ കയറി; വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർഥി കാറിടിച്ച് മരിച്ചു

ഇന്ത്യന്‍ കമ്പനിയായ നാറ്റ്കോ നിര്‍മിക്കുന്ന ജനറിക് മരുന്നായ റിസ്ഡിപ്ലാം ഏപ്രില്‍ മുതല്‍ താന്‍ ഉപയോഗിക്കുന്നുണ്ടെന്ന് സേബ തന്റെ പോസ്റ്റിലൂടെ വെളിപ്പെടുത്തി. സംസ്ഥാനത്ത് 12വയസു വരെയുള്ള എസ്എംഎ ബാധിതര്‍ക്കാണ് സൗജന്യമായി മരുന്ന് നല്‍കുന്നത്. പ്രായപരിധി കഴിഞ്ഞതിനാല്‍ തനിക്ക് സൗജന്യമരുന്ന് ലഭിച്ചിരുന്നില്ല.  സ്വിസ് കമ്പനിയായ റോഷില്‍ നിന്നാണ് കേരളം മരുന്നു വാങ്ങിയിരുന്നത്. അതിന് ഒരു കുപ്പിക്ക് 5.2ലക്ഷം രൂപവരെയാണ് വില. നാറ്റ്കോ ഫാര്‍മയുടെ ജനറിക് മരുന്ന് ഇന്ത്യയില്‍ നിര്‍മിച്ചു വില്‍ക്കാന്‍ 2025 ഒക്ടോബറിലാണ് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയത്. 

മുതിർന്ന രോഗികൾക്കും കൂടി മരുന്ന് വാങ്ങാൻ സര്‍ക്കാറിന്റെ കയ്യിൽ പണമില്ല എന്ന് പറഞ്ഞാണ് മുൻ സർക്കാർ താന്‍ അടക്കമുള്ള മുതിർന്ന SMA രോഗബാധിതർക്ക് ചികിത്സ സഹായം നിഷേധിച്ചിരുന്നതെന്നും സേബ പോസ്റ്റില്‍ പറയുന്നു. മരുന്ന് എല്ലാ രോഗികൾക്കും ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ശ്രീ. പിണറായി വിജയനും, മുൻ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജിനും, താന്‍ പല തവണ ഈ മെയിലുകൾ അയച്ചിട്ടുള്ളതാണ്. കുട്ടികൾക്ക് മരുന്നു കൊടുക്കുന്നതിനെ സംബന്ധിച്ച് സർക്കാരിന്റെ പരസ്യങ്ങളും വീണ ജോർജ് മാഡത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകളും കണ്ടിട്ടുള്ളതാണ്. അത്തരം പോസ്റ്റുകളിൽ പലപ്പോഴും ഞാൻ കമന്റുകളും ഇട്ടിട്ടുണ്ട്. പക്ഷേ അപ്പോഴൊന്നും മരുന്ന് എല്ലാവർക്കും ലഭ്യമാക്കാൻ വേണ്ടി നടപടികൾ എന്തെങ്കിലും സ്വീകരിക്കാം എന്ന് ഒരു മറുപടിയും തനിക്ക് കിട്ടിയിട്ടില്ലെന്നും സേബ വ്യക്തമാക്കുന്നു. 

തന്നെ പോലെയുള്ള മുതിർന്ന എസ്എംഎ രോഗികൾ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടാണ് ജീവിക്കുന്നതെന്നും മുതിർന്ന ഒരു രോഗിയെ പരിചരിക്കുന്നത് വളരെ കഷ്ടപ്പാടുള്ള കാര്യമാണെന്നും സേബ കൂട്ടിച്ചേര്‍ക്കുന്നു. മാതാപിതാക്കള്‍ മിക്കവാറും പ്രായമായവരും ആരോഗ്യം തീരെ നഷ്ടപ്പെട്ട വ്യക്തികളും ആയിരിക്കും. അപ്പ്രൂവ്ഡ് ആയ ഏതെങ്കിലും ഒരു മരുന്ന് ലഭിച്ചാലല്ലേ ഞങ്ങൾക്കും ജീവിതത്തിൽ കുറച്ചെങ്കിലും ആശ്വാസമുണ്ടാവൂ. പ്രത്യേകിച്ചും SMA ഒരു പ്രോഗ്രസീവ് ഡിസോര്‍ഡര്‍ ആയതുകൊണ്ട് വ്യക്തി വളരുന്തോറും മസിലുകൾ കൂടുതൽ തളരുന്ന അവസ്ഥയാണ്. അവിടെ എല്ലായ്പ്പോഴും പ്രായം അടിസ്ഥാനമാക്കി വേർതിരിവുകൾ നടത്തുന്നത് വളരെ വലിയ തെറ്റാണെന്നും സേബ പറയുന്നു. 

അതുകൊണ്ട്, എല്ലാവരോടും കൂടി ഒരിക്കൽകൂടി ഈ കാര്യം ഓർമ്മിപ്പിക്കുകയാണെന്ന് പറഞ്ഞാണ് സേബ പോസ്റ്റ് അവസാനിപ്പിക്കുന്നത്. അനേകം രോഗികളുടെ ജീവന്റെ പ്രശ്നമായ ഈ വിഷയത്തെ വൃത്തികെട്ട ഒരു രാഷ്ട്രീയപ്പോരാക്കി മാറ്റാതെ  ശ്രീ. പിണറായി വിജയൻ ഈ പോസ്റ്റ് ഒന്നു വായിക്കണമെന്നും സേബ പറയുന്നു. ആർക്കെങ്കിലും ഇത് അദ്ദേഹത്തിലേക്ക് എത്തിക്കാൻ കഴിയുമെങ്കിൽ ദയവായി എത്തിക്കാനും സേബ ആവശ്യപ്പെടുന്നുണ്ട്. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട ഒരു വാട്സാപ് ഗ്രൂപില്‍ നിന്നും തന്നെ പുറത്താക്കിയെന്നും സേബ അറിയിക്കുന്നു. 

‘ഈ എഴുത്ത് പോസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുൻപായി പുതിയതായി ഒരു അപ്ഡേറ്റ് കൂടി കൂട്ടിച്ചേർക്കുകയാണ്.. CureSMA India യുടെ ഫൗണ്ടർ അൽപ സമയം മുൻപ് എന്നെയും എന്റെ ഉമ്മച്ചിയെയും അവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാൻ ഗ്രൂപ്പിൽ അവരോട് അവർ ജനറിക് മരുന്നിനെതിരെ പ്രവർത്തിക്കുന്നതിനുള്ള ശാസ്ത്രീയ കാരണവും എവിഡൻസ്കളും വ്യക്തമായി ഗ്രൂപ്പിൽ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് മെസ്സേജുകൾ അയക്കുന്നുണ്ടായിരുന്നു. ഒരിക്കൽ പോലും വ്യക്തമായ ഒരു മറുപടിയും എനിക്ക് അവരിൽനിന്ന് കിട്ടിയില്ല. മരുന്നിന്റെ കാര്യത്തിൽ ഓർഗനൈസേഷന്റെ തലപ്പത്തിരുന്നു രോഗികളെ ഭരിക്കുന്നവർക്ക് ചോദ്യം ചെയ്യപ്പെടാൻ താൽപര്യമില്ലാത്തതിനാലാവാം, ഇന്ന് ഒരു കാരണവും അറിയിക്കാതെ പുറത്താക്കിയത്–’ സേബ എഴുതുന്നു. 

 

‘Pinarayi’s Post Hurt Me’: SMA Patient Saiba Defends Generic Medicine:

P.K. Saiba, a person living with Spinal Muscular Atrophy (SMA), has expressed disappointment over Pinarayi Vijayan’s criticism of the government’s decision to provide Indian-made generic medicines to SMA patients. Saiba said that she has been using Natco Pharma’s generic Risdiplam since April and that its availability followed years of legal efforts by patients and their families, culminating in Delhi High Court approval in October 2025. She highlighted the difficulties faced by adult SMA patients who are excluded from Kerala’s free medicine programme, which currently covers patients up to 12 years of age, and called for affordable treatment regardless of age. Saiba also alleged that she and her mother were removed from a WhatsApp group associated with CureSMA India after she repeatedly sought scientific evidence supporting the organisation’s opposition to the generic medicine