അതിവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചതിനെ തുടർന്ന് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച വൈകിട്ടോടെ മരണം സംഭവിച്ചു.
കൊല്ലം ശൂരനാട് വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർഥി കാറിടിച്ച് മരിച്ചു. ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് ആഹിൽ ഭവനിൽ നവാസ്–അനീഷ ദമ്പതികളുടെ മകൻ ആഹിൽ മുഹമ്മദ് (9) ആണ് മരിച്ചത്. ശൂരനാട് തെക്ക് തെങ്ങുംവിള ജുമാ മസ്ജിദിന് സമീപം ബുധനാഴ്ച രാത്രി 11.30നായിരുന്നു അപകടം. ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെയായിരുന്നു മരണം.
മദ്രസ വിദ്യാർഥികളുടെ വിനോദയാത്ര കഴിഞ്ഞെത്തിയ ശേഷം ബസിൽ മറന്നുവച്ച ചെരുപ്പെടുത്ത് തിരികെ വരുമ്പോഴായിരുന്നു അപകടം. അതിവേഗത്തിലെത്തിയ കാർ ആഹിലിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവ സമയം കുട്ടികൾ ബസിൽനിന്നിറങ്ങി റോഡിന്റെ മറുവശത്തേക്ക് പോയിരുന്നു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ആഹിലിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശൂരനാട് വടക്ക് പി.എസ്.പി.ടി.എം. എൽ.പി.എസ്. നാലാം ക്ലാസ് വിദ്യാർഥിയാണ്. സംസ്കാരം വെള്ളിയാഴ്ച തെങ്ങുംവിള ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും. സഹോദരങ്ങൾ: അസ്ന, അമൽ.
ENGLISH SUMMARY:
A 9-year-old student named Ahil Muhammed tragically lost his life after being struck by a speeding car in Kollam's Sooranad area. The fatal incident occurred late Wednesday night as the boy was crossing the road after retrieving footwear he had accidentally left behind on his madrasa excursion bus. He sustained severe head injuries and passed away while undergoing treatment at a private hospital on Thursday evening. Local authorities are investigating the accident, which has plunged the local community into profound grief.