കൊല്ലം കൊട്ടാരക്കര തൃക്കണ്ണമംഗലില്‍ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പഭക്തർക്ക് നേരെ ആക്രമണം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘത്തിന് നേരെയാണ് നാലംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്. സംഭവത്തിൽ ഒന്നര വയസ്സുള്ള കുഞ്ഞുൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതികളായ തൃക്കണ്ണമംഗല്‍ സ്വദേശി പ്രണവ്, ഷിബിൻ, ശരത്ത്, പ്രവീൺ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ശബരിമല ദര്‍ശനം കഴിഞ്ഞ് സദാനന്ദപുരത്തേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറിൽ പ്രതികളുടെ വാഹനം തട്ടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. നിർത്താതെ പോയ വാഹനത്തെ സദാനന്ദപുരം സ്വദേശികൾ പിന്തുടർന്ന് തടഞ്ഞു നിർത്തി. ഇതിനെത്തുടർന്നുണ്ടായ വാക്കേറ്റം പിന്നീട് കയ്യാങ്കളിയിലും ആക്രമണത്തിലും കലാശിക്കുകയായിരുന്നു.
ആക്രമണത്തിൽ സദാനന്ദപുരം പ്ലാപ്പള്ളി സ്വദേശികളായ സൂര്യ, രമാദേവി, ശരത്ത്, ധനുഷ്, അനന്തു കൃഷ്ണൻ, ഒന്നര വയസ്സുകാരി അളകനന്ദ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴിയേ പോയ യാത്രക്കാർ സംഘർഷം കണ്ട് തടയാൻ ശ്രമിച്ചെങ്കിലും പ്രതികൾ അവരെയും മർദ്ദിച്ചതായി ദൃക്സാക്ഷികൾ വ്യക്തമാക്കി.
‘അവര് പെണ്ണുങ്ങളെയും കൊച്ചുങ്ങളെയും എല്ലാം അടിച്ചു. അടിക്കുന്നത് കണ്ടുകൊണ്ടാണ് ഞങ്ങൾ വണ്ടി നിർത്തിയത്. ഞങ്ങള്‍ തടയാൻ ചെന്ന് പിടിച്ചു മാറ്റിയപ്പോൾ ഞങ്ങളെയും അടിച്ചു’– വഴിയാത്രക്കാര്‍ പറഞ്ഞു. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത നാല് പ്രതികളും മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്.