സാധാരണയായി കന്നുകാലികളെ ബാധിക്കുന്ന ഷാമോണ്ട വൈറസ് മനുഷ്യനിൽ ആദ്യമായി സ്ഥിരീകരിച്ചതായി ഫ്രഞ്ച് ആരോഗ്യ വിദഗ്ധര്‍. രോഗപ്രതിരോധ ശേഷി തീരെ കുറവുള്ള ഒരു രോഗിയിലാണ് ഈ വൈറസ് ബാധ കണ്ടെത്തിയത്. ഈ മാസം ആദ്യം ഇദ്ദേഹം മരണപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഫ്രാന്‍സ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ള, രോഗപ്രതിരോധശേഷി കുറഞ്ഞ രോഗിക്ക് വന്ന അസാധാരണമായ ഒരു കേസായിട്ടാണ് ഇതിനെ കാണുന്നതെന്നും വിദഗ്ധര്‍ പറഞ്ഞു. ഏതാനും വര്‍ഷങ്ങളായി ആഫ്രിക്കയിലും ഏഷ്യയിലും ഷാമോണ്ട വൈറസ് പ്രചരിക്കുന്നുണ്ടെങ്കിലും മനുഷ്യരില്‍ ഇതാദ്യമായാണ് ഈ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തുന്നത്.
ഓർത്തോബുന്യവൈറസ് ഗ്രൂപ്പിൽപെടുന്നതും ചെറിയ കടിക്കുന്ന പ്രാണികൾ വഴി മൃഗങ്ങളിലേക്ക് പകരുന്നതുമായ ഷാമോണ്ട വൈറസ് ഈ വേനൽക്കാലത്താണ് യൂറോപ്പില്‍ ആദ്യമായി കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. കിഴക്കന്‍ ഫ്രാന്‍സിലെ ചിലഭാഗങ്ങളില്‍ വസന്തകാലത്തും വേനല്‍ കാലത്തും മൃഗങ്ങളില്‍ ഷാമോണ്ട വൈറസ് വ്യാപമായി പ്രചരിച്ചിരുന്നു. ഇവിടെ നിന്ന് ഏതെങ്കിലും ചെറുപ്രാണികള്‍ കടിച്ചതുകൊണ്ടാകാം ഇയാളില്‍ വൈറസ് സാന്നിധ്യമുണ്ടായതെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
1960കളുടെ മധ്യത്തിൽ നൈജീരിയയിലാണ് ഷാമോണ്ട വൈറസ് ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം ആഫ്രിക്കയിലെ പല ഭാഗങ്ങളിലും ജപ്പാനിലും കന്നുകാലികളിൽ ഈ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജൂലൈ അവസാനത്തോടെ യൂറോപ്പിൽ ആദ്യമായി വൈറസ് കണ്ടെത്തി. ഫ്രാൻസിലെ കന്നുകാലി ഫാമുകളിലും ഷാമോണ്ട വൈറസ് കണ്ടെത്തി. പുതിയ റിപ്പോര്‍ട്ട് പ്രാകാരം ഇപ്പോൾ 14 പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിൽ ഈ വൈറസ് കണ്ടെത്തിയിട്ടുണ്ട്.