സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവര്‍ നല്‍കിയ അപ്പീലുകൾ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് കൊണ്ടുവരും. പിണറായിയെ കൂടാതെ ടി.വീണ, മുഹമ്മദ് റിയാസ്, വാരിസ് എന്നിവരുടെ നാല് സെറ്റ് അപ്പീലുകളാണ് ജസ്റ്റിസ് സതീഷ് നൈനാൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിൽ പ്രത്യേകമായി ഉന്നയിക്കുക. നേരത്തെ കേസ് പരിഗണിച്ച ജസ്റ്റിസ് കെ.നടരാജൻ അധ്യക്ഷനായ ബെഞ്ചിന്റെ സിറ്റിങ് ഇല്ലാത്തതിനാലാണ് മറ്റൊരു ബെഞ്ചിൽ വിഷയം അടിയന്തര പ്രാധാന്യത്തോടെ പ്രത്യേകമായി ഉന്നയിക്കുന്നത്.
എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷിക്കണം എന്ന് സിംഗിൾ ബെഞ്ച് വിധിക്കെതിരായ അപ്പീൽ ഡിവിഷൻ ബെഞ്ച് കേൾക്കണമെന്ന സുപ്രീംകോടതി വിധി ഇന്നലെ പിണറായി വിജയൻ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. അന്വേഷണം 10 ദിവസത്തേക്ക് സ്റ്റേ ചെയ്ത സാഹചര്യത്തിൽ അപ്പീലിൽ അതിവേഗം വാദം കേട്ട് തീരുമാനമെടുക്കണം എന്നാണ് പിണറായി ഉള്‍പ്പടെയുള്ളവര്‍ ഇന്ന് കോടതിയിൽ ആവശ്യപ്പെടുക. എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണം എന്നാണ് അപ്പീലിലെ ആവശ്യം.