എസ്എംഎ രോഗബാധിതരായ കുഞ്ഞുങ്ങളുടെ മരുന്നു മാറ്റത്തെ കുറിച്ചുള്ള രക്ഷിതാക്കളുടെ ആശങ്ക അവഗണിക്കാൻ സർക്കാർ. പുതിയ ഇന്ത്യൻ നിർമ്മിത മരുന്നുമായി മുന്നോട്ടു പോകാൻ സർക്കാർ തീരുമാനിച്ചു. ആരോഗ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട് നിലപാട് വിശദമാക്കും. അതേസമയം മുൻ ആരോഗ്യമന്ത്രിമാരെ ഇറക്കി വിവാദത്തിൽ പ്രതിരോധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. ആരോഗ്യ മന്ത്രി കെ.മുരളീധരൻ മരുന്ന് കമ്പനികൾക്ക് കൂട്ടുനിൽക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മരുന്നു മാറ്റ തീരുമാനവുമായി മുന്നോട്ടു പോകുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവന രക്ഷിതാക്കളെ വീണ്ടും ആശങ്കയിലാക്കി.
Also Read: 118 കുഞ്ഞുങ്ങളുടെ ചികിത്സയിൽ ആശങ്ക; എസ്എംഎ മരുന്ന് മാറ്റത്തിൽ വിവാദം പുകയുന്നു
റോഷ് (Roche) കമ്പനിയുടെ ബ്രാൻഡഡ് മരുന്നായ 'Evrysdi' ആണ് കുഞ്ഞുങ്ങൾക്ക് നൽകിയിരുന്നത്. 5.2 ലക്ഷം രൂപ വിലയുള്ള മരുന്ന് സർക്കാർ വില പേശി വില കുറച്ച് 1.2 ലക്ഷം രൂപയ്ക്ക് വാങ്ങിയാണ് കുട്ടികൾക്ക് നല്കിയിരുന്നത്. മരുന്നുപയോഗിച്ച കുട്ടികൾക്ക് കാര്യമായ പുരോഗതിയുണ്ടായി. ചലന ശേഷി ഇല്ലാതിരുന്ന കുട്ടികൾ പലരും ഓടിക്കളിക്കുന്ന അവസ്ഥ വരെയെത്തി. എന്നാൽ ഏറെ വിശ്വാസ്യതയുള്ള ഇന്ത്യൻ കമ്പനിയായ നാറ്റ്കോയുടെ ജനറിക് പതിപ്പ് ഒരു കുപ്പിക്ക് 15,900 രൂപ നിരക്കിൽ അടുത്ത കാലത്ത് വിപണിയിലിറക്കി.
റോഷ് കമ്പനി നടത്തിയ നിയമപോരാട്ടം അതിജീവിച്ചാണ് നാറ്റ്കോ മരുന്ന് വിപണിയിലെത്തിച്ചത്. തെലങ്കാന സ്റ്റേറ്റ് ഡ്രഗ്സ് കൺട്രോളറുടെ അനുമതിയോടെ ഇറങ്ങിയ മരുന്ന് ഇന്ത്യൻ നിയമമനുസരിച്ച് എല്ലാ സംസ്ഥാനങ്ങളിലും വിൽക്കാം. ഇതോടെയാണ് വിലകുറഞ്ഞ മരുന്നിന്റെ സാധ്യത സംസ്ഥാന സർക്കാർ തേടിയത്.
Also Read: ഫുട്ബോള് മത്സരം തടസമില്ലാതെ കാണണം, ഭാര്യയെ കസേരയില് കെട്ടിയിട്ടു; 64കാരൻ അറസ്റ്റിൽ
എസ്എംഎ ബാധിതരായ കുട്ടികളിൽ ആരോഗ്യവകുപ്പ് മരുന്നു പരീക്ഷണം നടത്തുകയാണെന്ന അതീവ ഗുരുതര ആരോപണവുമായി കഴിഞ്ഞ ദിവസം രക്ഷിതാക്കൾ രംഗത്തെത്തിയതോടെയായിരുന്നു വിവാദം. വർഷങ്ങളായി നൽകി വന്നിരുന്ന മരുന്നിന് പകരം എസ്.എം.എ ക്ലിനിക്കുകളിലൂടെ വിതരണം ചെയ്യുന്ന പുതിയ മരുന്നിന്റെ പാക്കറ്റിൽ ‘ഡോക്ടേഴ്സ് സാംപിൾ’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. പഴയ മരുന്നിലൂടെ ആരോഗ്യപുരോഗതി കൈവരിച്ച കുട്ടികൾക്ക് പുതിയ മരുന്ന് ഫലപ്രദമാകുമോ എന്ന ആശങ്കയിലാണ് 108 കുട്ടികളുടെ കുടുംബങ്ങൾ.