കോട്ടയം പാമ്പാടിയില്‍ ഇന്നലെയുണ്ടായ അപകടത്തിന്റെ കാരണത്തെച്ചൊല്ലി സോഷ്യല്‍മീഡിയയിലും ചര്‍ച്ച. രാവിലെ ഒമ്പതോടെയാണ് കെ കെ റോഡില്‍ പതിമൂന്നാം മൈലിൽ ഇരുചക്രയാത്രക്കാരായ രണ്ടു പെണ്‍കുട്ടികള്‍ ബസിനടിയിലേക്ക് വീണുമരിച്ചത്. ആ സമയം അപടത്തിനു കാരണമായേക്കാവുന്ന പല സാഹചര്യങ്ങളും ഉണ്ടായിരുന്നുവെന്നും പലരുടേയും അശ്രദ്ധയാണ് അപകടത്തിനു കാരണമായതെന്നും ചര്‍ച്ചയാവുകയാണ്. പ്രധാനമായും, ഇടുങ്ങിയ റോഡില്‍ ഇരുചക്രവാഹനം നിര്‍ത്തി സംസാരിച്ചുനിന്ന രണ്ടുപേര്‍ക്കെതിരേയും കേസെടുക്കണമെന്നാണ് ആളുകള്‍ ആവശ്യപ്പെടുന്നത്. സ്കൂട്ടറിലിരിക്കുന്ന യാത്രക്കാരനോട് സംസാരിക്കുന്നയാള്‍ നില്‍ക്കുന്നത് റോഡിലേക്കിറങ്ങിനിന്നാണ്. അപകടത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെത്തന്നെ പുറത്തുവന്നിരുന്നു.
Also Read: പുറത്ത് 650 കിലോഗ്രാം വെള്ളി അമ്പാരി; ദസറ ആഘോഷത്തിനിടെ ആന വിരണ്ടു
സാമാന്യം വേഗതയില്‍ വരുന്ന കാറും എതിര്‍ദിശയില്‍ വരുന്ന ബസും, കാറിനു പുറകിലായി വരുന്ന യുവതികളും. റോഡില്‍ സംസാരിച്ചു നില്‍ക്കുന്ന രണ്ടുപേരെയും ഇടിക്കാതിരിക്കാന്‍ കാര്‍ പൊടുന്നനേ ബ്രേക്കിടുന്നതും പിന്നാലെവന്ന ഇരുചക്രവാഹനത്തിലെ യാത്രികര്‍ മറ്റൊന്നും ചെയ്യാനാവാതെ എതിരെവന്ന ബസിനടിയിലേക്ക് വീഴുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാനാവുക.
Also Read: വീട്ടിൽ പെയിന്‍റിംഗ് ജോലിക്കെത്തിയയാളുമായി പ്രണയം; ഭർത്താവിനെ കൊന്ന് റോഡപകടമാക്കി, ഒടുവിൽ കുടുങ്ങി
അതേസമയം സ്വകാര്യ ബസ് ഡ്രൈവറെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും ബസ് മാക്സിമം സൈഡ് ചേർന്നാണ് പോകുന്നതെന്നും ചര്‍ച്ചകളില്‍ അഭിപ്രായം ഉയരുന്നുണ്ട്. അപകടം സംഭവിക്കും എന്ന തോന്നലുണ്ടായതിനാലാകാം ഡ്രൈവർ ഫ്രണ്ട് വിൽ അൽപ്പം വെട്ടിക്കുന്നുമുണ്ട്. അതേസമയം റോഡിൽ നിന്ന് വർത്തമാനം പറഞ്ഞവർ അവിടെ നിന്ന് അൽപ്പം ഇറങ്ങി നിന്നിരുന്നെങ്കിൽ ദാരുണമായ അപകടം ഒരുപക്ഷേ ഒഴിവാക്കാമായിരുന്നു എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.
കട്ടപ്പനയിൽ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിനടിയിൽപ്പെട്ടാണ് സ്കൂട്ടറില്‍ യാത്രചെയ്തിരുന്ന സുഹൃത്തുക്കളായ വിദ്യാർഥിനികള്‍ മരിച്ചത്. പാമ്പാടി പൊത്തൻപുറം ബ്ലോസം വാലി ചൈൽഡ് ഡെവലപ്‌മെന്റ് സെന്റര്‍ ഡയറക്ടർ ഫാദർ കുര്യാക്കോസ് കടവുംഭാഗത്തിന്‍റെ മകൾ കൃപ മെറിൻ കുര്യൻ (24), മീനടം സ്വദേശി വട്ടക്കാവുങ്കൽ തോമസിന്റെ മകൾ ആഷ്‌ലി ആൻ തോമസ്(25) എന്നിവരാണ് മരിച്ചത്.
ഓസ്ട്രേലിയയിൽ എംഎസ്‍ഡബ്ലിയു പഠനം കഴിഞ്ഞ് നാട്ടിലെത്തിയ കൃപ ഉപരിപഠനത്തിന് പോകാനിരിക്കുകയായിരുന്നു. ഉപരിപഠനത്തിന് വിദേശത്ത് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ആഷ്‌ലിയും. സ്കൂട്ടറിന് പിന്നില്‍ സ്വകാര്യ ബസിടിച്ചു എന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം. സിസിടിവി പ്രകാരം കോട്ടയത്തേക്ക് പോകുന്ന ബസിന്‍റെ എതിര്‍ദിശയിലായിരുന്നു യുവതികള്‍ സഞ്ചരിച്ച സ്കൂട്ടര്‍. മുന്നിലുണ്ടായിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പിന്നിലുണ്ടായ സ്കൂട്ടര്‍ യാത്രകര്‍ ബ്രേക്കിടുകയും തെന്നി ബസിനടിയിലേക്ക് വീഴുകയായിരുന്നു എന്നാണ് സിസിടിവി പരിശോധിച്ച് പൊലീസും നല്‍കുന്ന വിവരം.