കോട്ടയം പാലാ മുത്തോലിയിൽ പന്ത്രണ്ടു വർഷം മുമ്പ് നിർമാണം ആരംഭിച്ച് പാതിവഴിയിലായ ഹോസ്പിറ്റാലിറ്റി ഇൻസ്റ്റിറ്റ്യൂട്ട് വീണ്ടും പ്രതീക്ഷയാകുന്നു. യുഡിഎഫ് സർക്കാർ അധികാരമേറ്റതിനുശേഷം തടസ്സങ്ങൾ നീക്കി വീണ്ടും കെട്ടിട നിർമാണം തുടങ്ങി. പുതിയ കോഴ്സുകൾ തുടങ്ങാനാണ് തീരുമാനമെന്ന് മാണി സി കാപ്പൻ എംഎൽഎ അറിയിച്ചു.

പുലിയന്നൂർ ഗവൺമെന്‍റ് ടെക്നിക്കൽ ഹൈസ്കൂൾ വളപ്പിൽ അമ്പതിനായിരം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം നിർമിക്കാൻ തുടങ്ങിയിട്ട് 12 വർഷത്തിലേറെയായി. സ്ട്രക്ച്ചറൽ പണികൾ പൂർത്തിയായപ്പോൾ സ്ഥലത്തെ മരങ്ങൾ മുറിച്ചു മാറ്റാത്തതും കെഎസ്ഇബി വൈദ്യുതി ലൈൻ മാറ്റാത്തതും കാരണം നിർമാണം നിലച്ചു. കരാറുകാരൻ കോടതിയിൽ പോയതോടെ വീണ്ടും തടസ്സം.

കഴിഞ്ഞ ഇടതു സർക്കാരിന്‍റെ കാലത്ത് ഒന്നും ചെയ്തില്ല. കാട് കയറിക്കിടന്ന കെട്ടിടത്തിന്റെ ദുർഗതി മുഖ്യമന്ത്രിയെയും പൊതുമരാമത്ത് മന്ത്രിയേയും ബോധ്യപ്പെടുത്തിയതോടെ ഇപ്പോൾ തടസ്സങ്ങൾ മാറി. നിർമാണം തുടങ്ങി. 12 വർഷം മുൻപ് കേറ്ററിങ് കോളജ് തുടങ്ങാനാണ് ലക്ഷ്യമിട്ടതെങ്കിലും പുതിയ മറ്റെന്തെങ്കിലും കോഴ്സുകളും ആലോചനയിലാണെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ പറഞ്ഞു.

കേറ്ററിങ് കോളജ് തുടങ്ങാൻ 30 കോടി രൂപയുടെ പദ്ധതിയായിരുന്നു. 18 കോടി സംസ്ഥാന സർക്കാരും 12 കോടി കേന്ദ്രഫണ്ടും. എന്നാൽ ഇപ്പോൾ കേന്ദ്രഫണ്ട് പൂർണമായി ലഭിക്കുമെന്ന് ഉറപ്പില്ല. സംസ്ഥാന സർക്കാരിൽ നിന്ന് പണം കണ്ടെത്തി കെട്ടിട നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം.

ENGLISH SUMMARY:

Construction has finally resumed on the long-stalled Hospitality Institute in Mutholy, Pala, Kottayam, 12 years after the project was initially launched. UDF government cleared longstanding bureaucratic hurdles, including tree-felling delays, KSEB power line shifting, and legal disputes that had left the 50,000-square-foot structure abandoned.