• പത്താംക്ലാസ് വരെ ഒരേ ക്ലാസില്‍ പഠിച്ച, ജീവിതത്തില്‍ ഇതുവരെയുള്ള നിമിഷങ്ങളെല്ലാം ഒന്നിച്ചാസ്വദിച്ച അവരിരുവരും ഒന്നിച്ചു മടങ്ങി

ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ കൗമാരക്കാരായ മൂന്നുപേര്‍ നാടിനും കുടുംബത്തിനും തീരാവേദനയാകുന്നു. തിരൂരങ്ങാടി കുന്നുംപുറം ചെപ്യാലം ഗ്രാമമൊന്നാകെ മൂന്നു കുഞ്ഞുങ്ങളെയോര്‍ത്ത് വിലപിക്കുകയാണ്. മുസ്‌ലിം ലീഗ് നേതാവും വേങ്ങര ബ്ലോക്ക്, എആർ നഗർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ടി.കെ.മൊയ്തീൻകുട്ടിയുടെ രണ്ടു പേരക്കുട്ടികളും അവരുടെ സഹോദരിയുടെ മകനുമാണ് അപകടത്തില്‍ മരിച്ചത്.

Also Read: മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി സി.എസ്. കര്‍ണന്‍ അന്തരിച്ചു; ജാതി വിവേചനത്തിനെതിരെ ശബ്ദിച്ച ന്യായാധിപന്‍

മരിച്ച മുഹമ്മദ് അഷ്മിലും മിസ്‌ന ജുബിനും ഇരട്ടകളാണ്. മരിച്ച മൂന്നു വയസ്സുകാരൻ മുഹമ്മദ് ഫായിസ്, ഇവരുടെ സഹോദരി ഫർസാനയുടെ മകനാണ്. സിദ്ദിഖിന്റെ 4 മക്കളിൽ അഷ്മിലും മിസ്നയും ഇരട്ടകളാണ്. ഇരുവരും ഒരേ ക്ലാസിലാണ് 10 വരെ പഠിച്ചിരുന്നത്. പിന്നീട് ഉപ്പയുടെ അടുത്തേക്കു പോയി. അഷ്മിൽ ബിബിഎയും മിസ്ന ബിസിഎയും പഠിക്കുകയാണ്. ജീവിതത്തിലെ ഓരോ നിമിഷങ്ങളും ഒന്നിച്ച് ആസ്വദിച്ച് ജീവിച്ച അഷ്മിലും മിസ്നയും മരണത്തിലും ഒന്നിച്ചത് കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമുള്ള വേദനയാണ് നല്‍കുന്നത്.

 

സിദ്ദിഖിന്‍റെ മൂത്ത മകൻ അജ്മൽ ഫുജൈറയിൽതന്നെ ഫാർമസിസ്റ്റാണ്. മകൾ ഫർസാനയും ഭർത്താവ് കോഴിക്കോട് ഫറോക്ക് ചെറുവണ്ണൂർ സ്വദേശി നാലകത്ത് മുഹമ്മദ് ഫാസിലും ഫുജൈറയിൽ തന്നെയാണ്. മൊയ്തീൻകുട്ടിയുടെ മകനും മരിച്ച അഷ്മിലിന്റെയും മിസ്‌നയുടെയും പിതാവുമായ സിദ്ദിഖ് ഫുജൈറയിൽ കഫെറ്റീരിയ നടത്തുകയാണ്. വർഷങ്ങളായി കുടുംബസമേതം അവിടെയാണ് താമസം.

ഹൃദയസംബന്ധമായ അസുഖവുമായി നാട്ടിലെത്തിയ സിദ്ദിഖ് മടങ്ങിയതു രണ്ടു ദിവസം മുൻപാണ്. ഭാര്യ ആരിഫയാണു കൂടെയുണ്ടായിരുന്നത്. മുഹമ്മദ് അഷ്മിലും മിസ്നയും കൂടെയുണ്ടായിരുന്നില്ല. 10 ദിവസത്തെ ചികിത്സ കഴിഞ്ഞു മടങ്ങിയ സിദ്ദിഖിനും ആരിഫയ്ക്കുമൊപ്പമാണ് ഫർസാനയും മക്കളും നാട്ടിൽനിന്നു മടങ്ങിയത്. ആരിഫയുടെ സഹോദരി ഷാർജയിൽ താമസിക്കുന്നുണ്ട്. നാട്ടിൽനിന്നെത്തിയ സിദ്ദിഖിനെയും ആരിഫയെയും കാണാൻ ഇവർ എത്തിയിരുന്നു.

ഇവരുടെ കുട്ടിയെ ഷാർജയിലെ അവരുടെ താമസസ്ഥലത്തെത്തിച്ചു മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. മരിച്ച 3 പേർക്കു പുറമേ, ആരിഫയും ഫർസാനയും അവരുടെ മറ്റു 2 മക്കളും കാറിലുണ്ടായിരുന്നു. അഷ്‌മിലാണ് വണ്ടി ഓടിച്ചിരുന്നത്. മിസ്നയും ഫായിസും മുന്നിലെ സീറ്റിലായിരുന്നു.

റിട്ട. അധ്യാപകൻ കൂടിയായ മൊയ്തീൻകുട്ടി ഓർമക്കുറവ് ഉൾപ്പെടെയുള്ള രോഗങ്ങൾ കാരണം വിശ്രമജീവിതം നയിക്കുകയാണ്. സിദ്ദിഖ് ഉൾപ്പെടെ മൂന്നു മക്കളാണ്. ഇളയ മകന്റെ കുടുംബത്തിനൊപ്പമാണു താമസം. മൊയ്തീൻ കുട്ടിയുടെ മുഖത്തെ ദുഃഖം വീട്ടിലെത്തുന്നവരുടെയും കണ്ണുനിറയ്ക്കുന്നു

Together they came, together they departed; family left devastated by the loss of the children:

The loss of the children, road accident in Fujairah, has brought profound and enduring grief to both their community and their family. The entire village of Chepyalam in Kunnumpuram, AR Nagar, is in mourning for the three children. Among those who died in the accident were two grandchildren and one great-grandchild of T.K. Moitheenkutty—a Muslim League leader and former president of both the Vengara Block and AR Nagar Panchayat