vijayapura-murder
  • സിസിടിവി ദൃശ്യങ്ങളും ബൈക്ക് യാത്രികന്റെ മൊഴിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഭാര്യ അശ്വിനി, കാമുകൻ ആനന്ദ് ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭർത്താവിനെ കാറിടിച്ച് കൊലപ്പെടുത്തി റോഡപകടമാക്കി മാറ്റാൻ ഗൂഢാലോചന നടത്തിയ കേസിൽ യുവതിയും കാമുകനും ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. കർണാടകയിലെ വിജയപുര സ്വദേശി രാജശേഖർ (42) ആണ് ഒക്ടോബർ നാലിന് പുലർച്ചെ നടക്കാനിറങ്ങിയപ്പോൾ വാഹനമിടിച്ച് മരിച്ചത്. കേസിൽ ഭാര്യ അശ്വിനി (30), കാമുകൻ ആനന്ദ് (25), സുഹൃത്ത് സച്ചിൻ (24) എന്നിവർക്കൊപ്പം പ്രായപൂർത്തിയാകാത്ത ഒരാളെയും അറസ്റ്റ് ചെയ്തു.

Also Read: വിദേശത്ത് പോകാനിരിക്കെ അപകടം; ബസിനടിയിൽപ്പെട്ട് ഉറ്റസുഹൃത്തുകള്‍ക്ക് ദാരുണാന്ത്യം

ഒക്ടോബർ നാലിന് പുലർച്ചെ അഞ്ചിനും അഞ്ചരയ്ക്കും ഇടയിൽ പ്രഭാതസവാരിക്കിറങ്ങിയപ്പോഴാണ് രാജശേഖറിനെ അജ്ഞാത വാഹനം ഇടിച്ചത്. ആദ്യം റോഡപകടമായി രജിസ്റ്റർ ചെയ്ത കേസിൽ പൊലീസിനുണ്ടായ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. നമ്പർ പ്ലേറ്റില്ലാത്ത കറുത്ത കാർ രാജശേഖറിനെ ഇടിക്കുന്നതും ഒരു മോട്ടോർസൈക്കിൾ സമീപത്തുകൂടി പോകുന്നതും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടെത്തി. ബൈക്ക് യാത്രക്കാരനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.

പത്തുവർഷം മുൻപാണ് അശ്വിനിയും രാജശേഖറും വിവാഹിതരായത്. ഇവർക്ക് ആറുവയസ്സുള്ള ഇരട്ടക്കുട്ടികളുണ്ട്. വിജയപുരയിലെ ഏകതാ നഗറിലാണ് കുടുംബം താമസിച്ചിരുന്നത്. ഏഴുമാസം മുൻപ് ദമ്പതികൾ ഇവിടെ പുതിയ വീട് നിർമിച്ചിരുന്നു. ഈ വീട്ടിൽ പെയിന്റിങ് ജോലിക്കെത്തിയ ആളാണ് ആനന്ദ്. ജോലിക്കിടെ ആനന്ദും അശ്വിനിയും പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാകുകയുമായിരുന്നു. തുടർന്ന് ഭർത്താവിനെ ഒഴിവാക്കാൻ അശ്വിനി ആനന്ദുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

Also Read: ഭാര്യയ്ക്ക് ജോലി ലഭിച്ചതില്‍ നിയമപരമായി തെറ്റില്ല; ധാര്‍മികമായി പിഴച്ചു; ബി.ആർ.എം. ഷഫീർ

ഭർത്താവ് രാവിലെ നടക്കാൻ പോകുന്ന വിവരം അശ്വിനി കാമുകനെ അറിയിച്ചെന്നും തുടർന്നാണ് സംഘം കൃത്യം നടപ്പാക്കിയതെന്നും പൊലീസ് പറഞ്ഞു. ഒക്ടോബർ നാലിന് പുലർച്ചെ 5.30-ഓടെ പ്രഭാതസവാരിക്കിറങ്ങിയ രാജശേഖറിനെ വിജയപുരയിലെ ജുമ്നാൽ റോഡിലുള്ള കാർ ഷോറൂമിന് സമീപം ആനന്ദ് പിന്തുടരുകയും വിവരം കൂട്ടാളിക്ക് കൈമാറുകയും ചെയ്തു. പിന്നാലെ നമ്പർ പ്ലേറ്റില്ലാത്ത കറുത്ത കാറിലെത്തിയ സച്ചിനും പ്രായപൂർത്തിയാകാത്ത മറ്റൊരാളും രാജശേഖറിനെ പിന്നിൽനിന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ രാജശേഖർ മരിച്ചു.

പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

Police have arrested a woman and her lover in Karnataka's Vijayanagar district for orchestrating a calculated murder disguised as a hit-and-run road accident. The victim, 42-year-old Rajashekhar, was fatally struck by a car without a license plate while out for his morning walk on October 4. Investigators unraveled the plot after questioning a motorcyclist captured in CCTV footage near the crime scene, leading to the arrest of the victim's wife Ashwini, her lover Anand, and two accomplices. Authorities revealed that Ashwini and Anand planned the murder to eliminate her husband after falling in love while he was working as a painter at their newly built home.