gopika-family-alleges-cover-up-nedumbassery-fatal-accident-case
  • 'വെളുപ്പിനെ 6.45 ന് നെടുമ്പാശ്ശേരി റൂറല്‍ സ്റ്റേഷനില്‍ ഞാനും കസിനും കൂടെ കയറിച്ചെല്ലുമ്പോള്‍ ഇവന്‍ ഈ ലോക്കപ്പില്‍ മലര്‍ന്ന് കിടക്കുകയായിരുന്നു. സിഐ അവനെ വിളിച്ച് എഴുന്നേല്‍പ്പിക്കുന്ന സമയത്ത് പോലും നല്ല പൂസ് ആണെന്ന് സിഐ തന്നെ പറയുന്നത് എന്‍റെ കസിന്‍ കേട്ടതാണ്'

നെടുമ്പാശേരിയിൽ മൂന്നുപേരുടെ ജീവനെടുത്ത വാഹനാപകടക്കേസിലെ പ്രതി അമിതമായി മദ്യപിച്ചിരുന്നുവെന്ന് എഫ്ഐആറിൽ പൊലീസ് രേഖപ്പെടുത്തിയിട്ടില്ലെന്ന് മരിച്ച ഗോപികയുടെ കുടുംബം. ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തിൽപ്പെടുന്ന ആളാണ് പ്രതിയെന്നും അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് സംശയമുണ്ടെന്നും പാലക്കാട് കരിമ്പ സ്വദേശിയായ ഗോപികയുടെ കുടുംബം ആരോപിച്ചു. അധികാരകേന്ദ്രങ്ങളിൽ സ്വാധീനമുള്ളതുകൊണ്ടാകാം വാഹനാപകടമുണ്ടാക്കിയതിന് പിന്നാലെ, എന്തുവന്നാലും ബാപ്പ നോക്കിക്കോളുമെന്ന് പ്രതി പറഞ്ഞതെന്നും ഗോപികയുടെ പിതാവ് പറഞ്ഞു.

അപകടം നടന്ന ദിവസം രാവിലെ ആറേമുക്കാലിന് താൻ നെടുമ്പാശേരി റൂറൽ സ്റ്റേഷനിലെത്തിയപ്പോൾ ലോക്കപ്പിനുള്ളിൽ പ്രതി സുഹൈൽ മലർന്നു കിടക്കുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. സിഐ വിളിച്ച് എഴുന്നേൽപ്പിക്കുമ്പോഴും പൂസ് മാറിയിട്ടില്ലായിരുന്നുവെന്ന് പൊലീസുകാർ പറഞ്ഞറിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. സമൂഹമാധ്യമങ്ങളിലൂടെ മരിച്ചുപോയ മകളെയും കുടുംബത്തെയും താറടിക്കാൻ ശ്രമിക്കുന്നുവെന്നും രണ്ട് മന്ത്രിമാരുടെ പിന്തുണ പ്രതിക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീട്ടിലെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അറിഞ്ഞും മനസ്സിലാക്കിയും പഠനത്തിനൊപ്പം ജോലി മുന്നോട്ടുകൊണ്ടുപോയ ആളാണ് മകളെന്നും പാർട്ട് ടൈമായി രാത്രി ഡ്യൂട്ടിയെടുത്താണ് പഠിച്ചതെന്നും പിതാവ് പറഞ്ഞു.

ഗോപികയുടെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ: 'ആഭ്യന്തരമന്ത്രിയുടെ തന്നെ മണ്ഡലത്തിൽപ്പെടുന്ന ആളാണ് ഈ പ്രതിയും പ്രതിയുടെ ആളുകളും എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞിരിക്കുന്നത്. ശരിയാണോ എന്ന് എനിക്കറിയില്ല. അപ്പോൾ ഏതെങ്കിലും തരത്തിൽ അങ്ങനെയുള്ള സ്വാധീനം ഉപയോഗിച്ചിട്ടുണ്ടോ എന്നറിയില്ല. അതുകൊണ്ടായിരിക്കാം ഇവൻ ഈ അപകടത്തിൽപ്പെട്ടതിനുശേഷവും എല്ലാം അവന്റെ ബാപ്പ നോക്കിക്കോളും എന്ന് പറയുന്നത്. തീർച്ചയായും ഈ പറയുന്ന സ്വാധീനം ഉള്ളതുകൊണ്ടുതന്നെയായിരിക്കും എന്നാണ് ഞാൻ കരുതുന്നത്.

അത് ഈ കാര്യത്തിൽ വളരെ നന്നായി ഉപയോഗിക്കുന്നുണ്ടെന്നും മനസ്സിലായിട്ടുണ്ട്. അതുകൂടാതെ, സമൂഹമാധ്യമങ്ങളിലൂടെ എന്നെയും എന്റെ മകളെയും ഞങ്ങളുടെ കുടുംബത്തെയും വളരെ മോശമായ രീതിയിൽ താറടിച്ചുകൊണ്ടുള്ള കാര്യങ്ങൾ വരുന്നതായി അറിഞ്ഞു. എന്റെ മോൾ ആ കെ.എം.എം. കോളജിന്റെ വൈസ് ചെയർപേഴ്‌സണായിരുന്ന വ്യക്തിയാണ്. അഞ്ചുവർഷത്തിലധികമായി എൻഎസ്എസ് വൊളന്റിയറായിരുന്നു. സാമൂഹിക പ്രവർത്തനങ്ങളിലും മറ്റും ഏർപ്പെടുന്ന വ്യക്തിയാണ്. അതല്ലെങ്കിൽ ഞങ്ങളുടെ നാട്ടിൽ ഒന്ന് വിളിച്ചുചോദിച്ചു നോക്കണം. എവിടെയെങ്കിലും ഞങ്ങളുടെ കുടുംബത്തെപ്പറ്റി ഏതെങ്കിലും തരത്തിലുള്ള അപവാദം ഉണ്ടായിട്ടുണ്ടോ എന്ന്. തീർച്ചയായും ഞങ്ങളെ താറടിക്കുക എന്ന ഉദ്ദേശ്യത്തോടെ ചെയ്യുന്നതാണ് സമൂഹമാധ്യമങ്ങളിൽ വരുന്നത്. ഇത് ചെയ്യിക്കുന്നത് ഈ പറഞ്ഞതുപോലെയുള്ള ആളുകൾ തന്നെയായിരിക്കാം. അതെല്ലാം ഞങ്ങൾക്ക് നീതി ലഭിക്കുന്നതിന് തടസ്സമാകുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്.

പ്രധാന കാര്യം, ഈ എഫ്ഐആറിൽ മദ്യപിച്ചിരിക്കുന്നു എന്ന കാര്യം തന്നെ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞിരിക്കുന്നത്. അമിതമായി മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച് ഇത്രയും വലിയ അപകടമുണ്ടാക്കി മൂന്ന് പേരെ കൊന്നുകളഞ്ഞിട്ട് അക്കാര്യം ആദ്യത്തെ എഫ്ഐആറിലില്ലെന്നതാണ്. എന്ത് അടിസ്ഥാനത്തിലാണ് പ്രതിയെ ബോസ്റ്റൽ സ്കൂളിലേക്ക് വിട്ടതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അതെല്ലാം ഈ കേസ് അട്ടിമറിക്കാനാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

വെളുപ്പിന് 6.45ന് നെടുമ്പാശേരി റൂറൽ സ്റ്റേഷനിൽ ഞാനും കസിനും കൂടി കയറിച്ചെല്ലുമ്പോൾ ഇവൻ ലോക്കപ്പിൽ മലർന്നു കിടക്കുകയായിരുന്നു. അവനെ വിളിച്ച് എഴുന്നേൽപ്പിക്കുന്ന സമയത്തുപോലും നല്ല പൂസാണെന്ന് സിഐ തന്നെ പറയുന്നത് എന്റെ കസിൻ കേട്ടതാണ്.

ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം ഈ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണെന്നാണ് ഞാൻ പറയുന്നത്. അത് ഞങ്ങളുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിന് തടസ്സമാണ്. ഇക്കാര്യത്തിൽ ആഭ്യന്തരമന്ത്രിയുടെ ഇടപെടലുണ്ടാകണം. ആലപ്പുഴക്കാരായ രണ്ട് മന്ത്രിമാരാണ് പ്രതിയുടെ ഒപ്പമുള്ളത്. ആലപ്പുഴക്കാരനാണ് പ്രതിയുടെ അച്ഛൻ. അദ്ദേഹം വലിയ വ്യവസായിയും കോടീശ്വരനുമാണെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. മിനി കൂപ്പർ അടക്കമുള്ള വാഹനം സ്വന്തം മകന്റെ പിറന്നാളിന് വാങ്ങിക്കൊടുക്കാൻ ശേഷിയുള്ള ആളുകളാണ്. നിങ്ങൾക്ക് ഈ വീട് നോക്കിയാൽ അറിയാം. ഇതൊരു ഓട്ടോറിക്ഷാ വർക്ക്‌ഷോപ്പാണ്.

ഞാൻ ഓട്ടോറിക്ഷ ഓടിച്ച് ഇവിടെ അടുത്തുള്ള ഒരു റബർ കടയിൽ നിൽക്കുകയാണ്. ആ പണം കൊണ്ടാണ് മക്കളെ വളർത്തുന്നത്. ഓട്ടോറിക്ഷ ഓടിച്ച് കിട്ടുന്ന പണംകൊണ്ട് ഞാൻ ഒരു ചായ പോലും കുടിക്കില്ല. അത് എന്റെ നാട്ടിൽ ചോദിച്ചുനോക്കിയാൽ അറിയാം. ഒരു ഹോട്ടലിൽനിന്ന് ഒരു ചായ പോലും കുടിക്കാതെ ഇവിടെനിന്ന് ഫ്ലാസ്കിൽ കട്ടൻചായ കൊണ്ടുപോയി കുടിക്കുന്ന മനുഷ്യനാണ് ഞാൻ. അല്ലാതെ ഏതെങ്കിലും തരത്തിൽ പണം സമ്പാദിച്ചിട്ടോ മറ്റെന്തെങ്കിലും ചെയ്തിട്ടോ ജീവിക്കുന്ന ആളല്ല. ഒരു രൂപ ചെലവഴിക്കുന്നതിൽപ്പോലും അത്രയേറെ പിശുക്കി ജീവിച്ചിരുന്ന മനുഷ്യനാണ് ഞാൻ. അങ്ങനെയാണ് കുട്ടികളെ പഠിപ്പിച്ചത്. കുട്ടികളും അങ്ങനെത്തന്നെയാണ്. എന്റെ കുട്ടികളും അങ്ങനെത്തന്നെ പഠിച്ച് മുന്നോട്ടുപോകണം. ഗോപിക പഠിക്കുമായിരുന്നു. പാർട്ട് ടൈമായി രാത്രി ഡ്യൂട്ടി ചെയ്തതാണ്'.

അതേസമയം, പൊലീസ് രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ടിൽ KL 07 CR 1001 എന്ന കാറിന്റെ ഡ്രൈവർ അപാകമായും ഉദാസീനമായും മനുഷ്യജീവന് അപകടം വരത്തക്കവിധം അതിവേഗത്തിൽ അശ്രദ്ധമായി വാഹനമോടിച്ചുവെന്നും ഇയാസും ഗോപികയും ദേവികയും സഞ്ചരിച്ച സ്കൂട്ടറിന്റെ പിന്നിൽ ഇടിച്ചുവെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ENGLISH SUMMARY:

The family of Gopika, one of the three victims killed in a fatal road accident in Nedumbassery, has alleged possible attempts to derail the investigation against the accused, Suhail. Gopika's father claimed that the FIR does not mention the accused's alleged intoxication and questioned why he appeared to remain heavily intoxicated when police officers reportedly woke him at the station. He also alleged that influential individuals were supporting the accused and that social media posts were being used to tarnish his daughter's and family's reputation.