Image: Manorama
സുഹൃത്തിന്റെ ആഡംബര കാർ ഉപയോഗിച്ചതിൽ മന്ത്രി കെ.എം. ഷാജിക്കെതിരെ വിമർശനവുമായി എം.എൻ. കാരശേരി. മന്ത്രി ധാർമികത കാണിക്കണമെന്നും ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത വാക്കുകൾ മറക്കരുതെന്നും എം.എൻ. കാരശേരി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ വ്യക്തമാക്കി. ഏതെങ്കിലും വ്യക്തിയുടെയോ സമൂഹത്തിന്റെയോ പ്രീതിയോ ഭീതിയോ കണക്കാക്കാതെ പെരുമാറുമെന്നാണ് സത്യപ്രതിജ്ഞയിലെ വാക്കുകളെന്നും കാരശേരി ഓർമിപ്പിച്ചു.
Also Read: ഞാന്‍ മലബാര്‍ നായരാണ്, ഓച്ഛാനിച്ച് നില്ക്കുന്ന പരിപാടി ഇല്ല: മേജര്‍ രവി
സർക്കാരിന്റെ വണ്ടിയിൽ യാത്ര ചെയ്താൽ മതിയെന്നും മന്ത്രിക്ക് ഉള്ള സൗകര്യം ഉപയോഗിച്ചാൽ മതിയെന്നും കാരശേരി പറയുന്നു. പണക്കാരായ സുഹൃത്തുക്കളുടെയും മുതലാളിമാരുടെയും സൗജന്യങ്ങൾ പറ്റുന്നത് തങ്ങൾക്ക് അപമാനമാണെന്നും സ്വന്തം മന്ത്രി വേറൊരുത്തന്റെ ഔദാര്യത്തിന് പോകാൻ പാടില്ലെന്ന് പറയാൻ തനിക്ക് സ്വാതന്ത്ര്യമുണ്ടെന്നും കാരശേരി പറഞ്ഞു.
സൗജന്യങ്ങളൊക്കെ വെറുതെ കിട്ടുമെന്ന് ജനങ്ങൾ വിശ്വസിക്കുന്നില്ലെന്നും മന്ത്രിയുടെ പ്രീതി നേടി അയാൾ നാളെ എന്ത് ആവശ്യപ്പെടുമെന്ന് അറിയില്ലെന്നും കാരശേരി പറഞ്ഞു. ഇതെല്ലാം ജനാധിപത്യ മര്യാദയ്ക്ക് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ വ്യക്തിയുടെ കാറിന് മുകളിൽ മന്ത്രിയുടെ കാറിന്റെ നമ്പർ ഒട്ടിച്ച് അതിന് മുകളിൽ ദേശീയപതാക ഉയർത്തുക എന്നൊക്കെ പറയുന്നത് നാടിന് അപമാനമാണ്. ആഡംബരത്തിൽ ജീവിച്ചുപരിചയിച്ച ആളാണെന്നൊക്കെ പറയുന്നത് എന്ത് നാണക്കേടാണെന്നും കാരശേരി ചോദിക്കുന്നു.
ഇതൊക്കെ മുഖ്യമന്ത്രിയും മുസ്ലിം ലീഗിന്റെ നേതാക്കന്മാരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും മനസ്സിലാക്കേണ്ടതാണെന്നും കാരശേരി പറയുന്നു. മന്ത്രിസ്ഥാനം കിട്ടിയപ്പോൾ തലയ്ക്ക് ഓളംവച്ച്, ജനങ്ങളെ വെല്ലുവിളിച്ചും വർത്തമാനം പറയാൻ പാടില്ലെന്നും കാരശേരി ഉപദേശിക്കുന്നു. യു.ഡി.എഫ്. സർക്കാർ വന്ന് രണ്ടുമൂന്നു മാസത്തിനുള്ളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ തന്നെ ഗ്രാഫ് താഴെ പോയത് ഓർക്കണമെന്നും അതുകൊണ്ട് ജനങ്ങളെ വെല്ലുവിളിക്കുന്ന മട്ടിലോ ഇവിടുത്തെ സാമുദായിക അന്തരീക്ഷം തകർക്കുന്ന മട്ടിലോ ആളുകളുടെ അന്തസ്സ് ഇല്ലാതാക്കുന്ന മട്ടിലോ വർത്തമാനം പറയുകയോ പെരുമാറുകയോ ചെയ്യരുതെന്നും കാരശേരി വിഡിയോയിൽ ആവർത്തിക്കുന്നു.
ഒരു ജനാധിപത്യവിശ്വാസി എന്ന നിലയ്ക്ക് മന്ത്രിയെപ്പറ്റി ആലോചിക്കുമ്പോൾ ഞങ്ങളുടെ തല ഉയർത്തിപ്പിടിക്കാൻ പറ്റണമെന്നും അഭിമാനം തോന്നണമെന്നും അതിനാണ് നിങ്ങളെയൊക്കെ തിരഞ്ഞെടുത്ത് എം.എൽ.എമാരും മന്ത്രിമാരും ആക്കുന്നതെന്നും കാരശേരി പറയുന്നു. അല്ലാതെ ഞങ്ങളുടെ തലയിൽ കയറി നിരങ്ങാനുള്ളതല്ലെന്നും മുന്നണിയും മന്ത്രിയും അത് തിരിച്ചറിയണമെന്നും കാരശേരി പറഞ്ഞു. ഇതൊക്കെ വലിയ വീരസ്യമായിട്ട് കുളൂസ് ആയിട്ട് ഇളക്കി നടക്കരുതെന്നും അതൊക്കെ ഒരു മന്ത്രിക്ക് മാനക്കേടാണെന്നും അദ്ദേഹം പറഞ്ഞു.