മന്ത്രിവാഹനം തടഞ്ഞ്‍ വാഹനത്തിന് മുകളില്‍ കൊടികെട്ടി യുവമോര്‍ച്ചയുടെ പ്രതിഷേധം. ഔദ്യോഗിക വാഹനത്തില്‍ നിന്നിറങ്ങി ഓട്ടോയില്‍ പോകാന്‍ ശ്രമിക്കുമ്പോഴും മന്ത്രിയെ തടഞ്ഞ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സെക്രട്ടേറിയറ്റിന് വിളിപ്പാടകലെ മന്ത്രി കെ.എം.ഷാജിയുടെ വാഹനം തടഞ്ഞത് ഗുരുതര സുരക്ഷാ വീഴ്ചയെന്നാണ് വിലയിരുത്തല്‍. കെ.എം ഷാജി ആഢംബര വാഹനത്തില്‍ പോകുന്നയാളാണല്ലോയെന്നും ഇടയ്ക്കൊക്കെ സാധാരണക്കാരുടെ വാഹനത്തിലും പോകുന്നത് നല്ലതാണെന്നും അമിത് ഷായെ തടഞ്ഞിട്ട് ഇവിടെ എന്ത് നടപടിയുണ്ടായെന്നും ബി.ജെ.പി നേതൃത്വത്തിന്‍റെ പരിഹാസം.
സെക്രട്ടേറിയറ്റിന് വിളിപ്പാടകലെ. പത്ത് മിനിറ്റിലേറെ മന്ത്രി വാഹനം റോഡില്‍ തടഞ്ഞ് യുവമോര്‍ച്ച. മന്ത്രി വാഹനത്തില്‍ നിന്നും പുറത്തേക്കിറങ്ങി ഓട്ടോയില്‍ കയറുന്നു. ഓട്ടോയും തടഞ്ഞതിനാല്‍ കാല്‍നടയായി മന്ത്രി മുന്നോട്ട്. ഗുരുതര സുരക്ഷാ വീഴ്ചയെന്ന് പറയുമ്പോഴും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ തടഞ്ഞതിന് പിന്നാലെയുണ്ടായ കോണ്‍ഗ്രസ് ബി.ജെ.പി സംഘര്‍ഷത്തിന്‍റെ നേര്‍ചിത്രമാണിത്. അമിത് ഷായെ റോഡില്‍ തടഞ്ഞിട്ട് ഇവിടെ എന്ത് നടപടിയെടുത്തെന്നും മന്ത്രി ഷാജി ഇടയ്ക്ക് സാധാരണക്കാരുടെ വാഹനത്തിലും പോകുന്നത് നല്ലതാണെന്നും പരിഹസിച്ച് വി.മുരളീധരന്‍ എം.എല്‍.എ.
വാഹനം തടഞ്ഞ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മന്ത്രി സെക്രട്ടേറിയറ്റില്‍ നിന്നും മടങ്ങുന്നതിന് അകമ്പടി വാഹനം ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് സുരക്ഷാ വീഴ്ചയില്‍ പൊലീസ് വിശദീകരണം. തന്‍റെ വാഹനം തടഞ്ഞ വിഷയത്തില്‍ ഒന്നും പറയാനില്ലെന്നാണ് മന്ത്രി കെ.എം ഷാജിയുടെ നിലപാട്.