major-ravi

TOPICS COVERED

എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെയും അദ്ദേഹത്തിന്‍റെ പെരുമാറ്റരീതിയെയും വിമര്‍ശിച്ച് ബിജെപി നേതാവും സംവിധായകനുമായ മേജർ രവി. സുകുമാരൻ നായരുടെ ധാർഷ്ട്യവും അഹങ്കാരവും അംഗീകരിക്കാനാകില്ലെന്നും പെരുന്നയിൽ പോയി ഓച്ഛാനിച്ച് നിൽക്കാൻ തന്നെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്‌എസ് കോളേജിൽ മക്കളെ പഠിപ്പിക്കാനോ ഭാര്യയ്ക്ക് ജോലി വാങ്ങാനോ താൻ ആഗ്രഹിച്ചിട്ടില്ലെന്നും മലബാർ നായന്മാർക്ക് ആരുടെ മുന്നിലും തലകുനിക്കുന്ന ശീലമില്ലെന്നും യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ മേജർ രവി വ്യക്തമാക്കി.

'എന്‍റെ കുട്ടി ഇവിടുത്തെ എൻ.എസ്.എസ്. കോളേജിൽ പഠിക്കുകയോ, എന്‍റെ ഭാര്യയ്ക്ക് അവിടെ ജോലി വാങ്ങാനോ ഒന്നും ചിന്തിച്ചിട്ടില്ല. പിന്നെ ഞങ്ങൾ മലബാർ നായന്മാരാണ്. ഞങ്ങൾക്കിങ്ങനെ ഓച്ഛാനിച്ച് ചെന്ന് നിൽക്കുന്ന പരിപാടി പണ്ടേ ഇല്ല. നായന്മാര്‍ എന്ന് പറഞ്ഞ ക്ലാൻ, ക്ഷത്രിയാസ്. വീ ആർ സപ്പോസ്ഡ് ടു ലുക്ക് ആഫ്റ്റർ ദ് ക്ലാൻസ്. വീ ആർ ദ് ഫൈറ്റേഴ്സ് ഹൂ വിൽ ഫൈറ്റ് ഫോർ ദ് സൊസൈറ്റി. ഇതാണ് ഞാൻ തറവാട്ടിൽ എന്‍റെ അച്ഛൻ എന്നെ പഠിപ്പിച്ചത്. ആരെങ്കിലും എന്തെങ്കിലും പ്രശ്നമായിട്ട് വന്നാൽ അച്ഛൻ മുന്നിട്ടിറങ്ങും. അതിൽ പല ജാതിക്കാരും വരുമായിരുന്നു. ഞങ്ങൾ എല്ലാവർക്കും വേണ്ടി ഫൈറ്റ് ചെയ്യുന്ന ഒരു ക്ലാൻ ആണ്.’ – മേജര്‍ രവി പറഞ്ഞു.

‘പിന്നെ ഞാൻ ഒരു രാഷ്ട്രീയക്കാരനാണ്. പെരുന്നയിൽ നിന്ന് വിളിച്ചു പറഞ്ഞാൽ ഒറ്റപ്പാലത്തെ നായന്മാര്‍ എനിക്ക് വോട്ട് ചെയ്യില്ല. അങ്ങനെ വോട്ട് ചെയ്യും എന്ന് പറയുന്ന രാഷ്ട്രീയക്കാർ മണ്ടന്മാരാണ്. അങ്ങനെ ഓച്ഛാനിച്ച് ചെന്നാൽ പത്തുവോട്ട് കിട്ടുമോ? ഇല്ല. അത് പാണക്കാട് തങ്ങള്‍ പറഞ്ഞാൽ ചിലപ്പോൾ സമുദായം അത് കേൾക്കും. കാരണം അവരുടെ യൂണിറ്റി വേറെയാണ്. ധാർഷ്ട്യം, അഹങ്കാരം അതൊന്നും എനിക്ക് പണ്ടേ ഇഷ്ടമല്ല. ഇതുകൊണ്ടാണ് എനിക്ക് പിണറായിയെയും ഇഷ്ടമല്ലാതായത്. ഇപ്പോൾ വി.ഡി. സതീശൻ എന്ന നേതാവിന്‍റെ ചിരിക്കുന്ന ഒരു മുഖം കാണുന്നുണ്ട്. അപ്രൂവ് ചെയ്യാം എന്നൊരു തോന്നലുണ്ട്. ഒരു അധികാരിയുടെ ഫീൽ അല്ല. പക്ഷേ ഇവിടെ (പെരുന്നയില്‍) എന്താണവസ്ഥ? – മേജര്‍ രവി ചോദിച്ചു.

‘ശശി തരൂർ അടക്കം അവിടെ ചെന്നാല്‍ ഇയാൾ തലയാട്ടിക്കൊണ്ടിരിക്കും, ഇരിക്കാൻ പറയില്ല. ശശി തരൂര്‍ ആരാണ്? ഹി ഈസ് എ സ്കോളർ, ഹി ഈസ് ആൻ ഇന്റർനാഷണൽ ഫിഗർ. അല്ലാതെ ഈ പെരുന്ന വട്ടത്ത് കിടക്കുന്ന നായരല്ല. ലോകത്ത് പോയി പേരുണ്ടാക്കിയ നായർ ക്ലാനിൽ നിന്ന് പോയ ഒരാളാണ്. ഈ മനുഷ്യൻ യു.എൻ അസംബ്ലി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ആയിരുന്ന ആളാണ്. ആദ്യം യു.എൻ എന്താണ്? യു.എന്നിന്റെ ജനറൽ അസംബ്ലി എന്താണ്? ഇതൊക്കെ അറിയാവുന്ന വിദ്യാഭ്യാസമുള്ള ആളുകളാണെങ്കിൽ മാത്രമേ അഹങ്കാരം താഴ്ത്തിവെച്ചിട്ട് ആ ആളെ ബഹുമാനിക്കാൻ കഴിയൂ.’ രവി പറഞ്ഞു.

തനിക്ക് ചെലവിന് തരുന്നത് ഒരു രാഷ്ട്രീയ പാർട്ടിയും സമുദായ സംഘടനയും ഇല്ലെന്ന് മേജര്‍ രവി പറഞ്ഞു. പണ്ട് സർവീസ് ചെയ്തതിന്‍റെ പെൻഷൻ ഉണ്ട്, അതുമതി.' മേജര്‍ രവി പറഞ്ഞു.

ENGLISH SUMMARY:

Filmmaker Major Ravi strongly criticized NSS General Secretary Sukumaran Nair, stating that he refuses to submissively bow down to community leaders for political or personal gains. Highlighting the Kshatriya lineage of Malabar Nairs, Ravi emphasized that Nairs historically fight for the entire society rather than isolated community interests. He further condemned Ganesh Kumar's remarks regarding Shashi Tharoor's visit to Perunna, pointing out that Tharoor is an international figure and scholar who deserves respect rather than arrogance. Additionally, Ravi expressed his approval of V.D. Satheesan's approachable leadership style over authoritative political attitudes.