File image
മുഖ്യമന്ത്രിയും എന്‍.എസ്.എസ് നേതൃത്വവും തമ്മിലുള്ള പിണക്കത്തിന് മഞ്ഞുരുകുന്നു. അടുത്തവര്‍ഷം ജനുവരി രണ്ടിന് പെരുന്നയില്‍ മന്നത്ത് പത്മനാഭന്റെ 150–ാം ജയന്തി ആഘോഷം മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. അഞ്ചുവര്‍ഷം മുന്‍പാണ് ഏറ്റവുമൊടുവില്‍ വി.ഡി.സതീശന്‍ പെരുന്നയിലെത്തുന്നത്. മുഖ്യമന്ത്രി വി.ഡി.സതീശനും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും തമ്മിലുള്ള മുന്‍പാല വാക്പോരുകളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയകേരളം ഏറ്റവും ഉറ്റുനോക്കുന്ന ഒരു സമ്മേളനത്തോടെയാണ് 2027 പിറക്കാന്‍ പോകുന്നതെന്ന് ഇതോടെ വ്യക്തമായി. വര്‍ഷങ്ങള്‍ നീണ്ട പിണക്കിന്റെ മഞ്ഞുരുക്കമായി സമ്മേളനം മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മന്നം ജയന്തിക്ക് ക്ഷണിക്കാന്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചെന്ന് ജി. സുകുമാരന്‍ നായര്‍ തന്നെ വ്യക്തമാക്കി കഴിഞ്ഞു. സതീശനുമായി നിലവില്‍ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും പ്രശ്നങ്ങള്‍ എല്ലാം പറഞ്ഞ് അവസാനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ജനുവരി ഒന്നിനും രണ്ടിനുമാണ് പെരുന്നയില്‍ മന്നം ജയന്തി ആഘോഷം. 2ന് നടക്കുന്ന ജയന്തിദിന സമ്മേളനമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുക. ഒന്നിന് അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനം നടക്കും. മുഖ്യമന്ത്രി ഉദ്ഘാടകനാകുന്ന സമ്മേളനത്തില്‍ ആരോഗ്യമന്ത്രി കെ.മുരളീധരന് അതിഥിയായി പങ്കെടുക്കും.
പ്രതിപക്ഷ നേതാവായിരിക്കെ അഞ്ചുവര്‍ഷം മുന്‍പ് പെരുന്നയിലെത്തിയ വി.ഡി.സതീശന് ഊഷ്മള സ്വീകരണമായിരുന്നില്ല എന്‍.എസ്.എസ് ആസ്ഥാനത്ത് ലഭിച്ചത്. അന്ന് മറ്റ് പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. ഏറെ നേരം കാത്തിരുന്ന ശേഷമാണ് സതീശനും നേതാക്കള്‍ക്കും മുഖം കൊടുക്കാന്‍ പോലും സുകുമാരന്‍ നായര്‍ തയാറായതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് ഇങ്ങോട്ട് ആ ബന്ധം കൂടുതല്‍ വഷളാകുന്നതാണ് കേരളം കണ്ടത്. ഇതിനിടെ, ശശി തരൂരിന് എന്‍.എസ്.എസ് ആസ്ഥാനത്ത് ക്ഷണം ലഭിച്ചതും വര്‍ഷങ്ങള്‍ നീണ്ട പിണക്കം മാറ്റി രമേശ് ചെന്നിത്തലയുമായി സുകുമാരന്‍ നായര്‍ വീണ്ടും അടുത്തതുമൊക്കെ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി ജി.സുകുമാരന്‍ നായര്‍ രംഗത്തെത്തിയിരുന്നു. സതീശന്‍ അഹങ്കാരിയാണെന്നും ഇനി മുഖ്യമന്ത്രിയുടെ കാല് പിടിക്കാന്‍ ഇല്ലെന്നുമായിരുന്നു ഇക്കഴിഞ്ഞ ജൂണില്‍ സുകുമാരന്‍ നായര്‍ തുറന്നടിച്ചത്. കൂടിക്കാഴ്ചയ്ക്കായി രണ്ടുതവണ എന്‍എസ്എസ് നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും അനുമതി ലഭിച്ചില്ലെന്നായിരുന്നു പരാതി. ഈ രൂക്ഷ വിമര്‍ശനത്തിന് മുന്‍പ് സുകുമാരന്‍ നായര്‍ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലായിരിക്കെ വി.ഡി.സതീശന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.