അടൂര്‍ പ്രകാശും വി.ഡി.സതീശനും (ഫയല്‍ ചിത്രം)
യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കും മുന്‍പേ തുടങ്ങിയതാണ് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള ചരടുവലികള്‍. സണ്ണി ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ തന്നെ അണിയറ നീക്കം സജീവമായിരുന്നു. അരഡസനിലേറെ എം.പിമാരും നേതാക്കളും അധ്യക്ഷ പദവിക്കായി ഉടുപ്പുതുന്നി കാത്തിരിക്കുമ്പോള്‍ ചടുലമായ മറ്റൊരു നീക്കമാണ് വി.ഡി. സതീശന് പക്ഷം നടത്തുന്നത്. കെ.പി.സി.സി അധ്യക്ഷനൊപ്പം യുഡിഎഫ് കണ്‍വീനറെയും മാറ്റാനുള്ള നീക്കം. മുഖ്യമന്ത്രിക്കെതിരെ നിരന്തരം വിമര്‍ശനം ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് അടൂരിനെ ലക്ഷ്യമിട്ട് വി.ഡി പക്ഷം നീങ്ങുന്നത്.
കെ.പി.സി.സി അധ്യക്ഷനൊപ്പം മൂന്നു വര്‍ക്കിങ് പ്രസിഡന്റുമാരും മാറുമെന്ന് ഉറപ്പാണ്. നേതൃമാറ്റം പാക്കേജായി വരുമ്പോള്‍ അതില്‍ യുഡിഎഫ് കണ്‍വീനറെ കൂടി ഉള്‍പ്പെടുത്തണമെന്നാണ് വി.ഡി. പക്ഷം പറയുന്നത്. മുന്‍ കാലങ്ങളിലും അങ്ങനെയുണ്ടായിട്ടുണ്ട്. സണ്ണി ജോസഫ് അധ്യക്ഷനായപ്പോഴാണ് അടൂര്‍ പ്രകാശ് മുന്നണി കണ്വീനറായതെന്ന കീഴ്വഴക്കവും അവര്‍ ചൂണ്ടിക്കാണിക്കുന്നു. മുന്നണി തീരുമാനങ്ങള്‍ താന്‍ അറിയുന്നില്ലെന്ന് പരസ്യമാക്കി, മുഖ്യമന്ത്രിക്കെതിരെ പരസ്യവിമര്‍ശനം നടത്തിയ അടൂരിനെതിരെ ഘടകക്ഷികളുടെ കൂടി പിന്തുണ ഉറപ്പിക്കാനുള്ള ശ്രമവും വി.ഡി നടത്തുന്നുണ്ട്. എം.കെ.മുനീറിനും ജി.ദേവരാജനും ക്യാബിനറ്റ് പദവികള്‍ നല്‍കിയത് താനുമായി കൂടിയാലോചിക്കാതെയാണെന്നായിരുന്നു അടൂരിന്റെ പരസ്യവിമര്‍ശനം. കണ്‍വീനറിന്റെ വിമര്‍ശനത്തോട് ലീഗ് നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇത് മുതലാക്കാനാണ് ശ്രമം. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കെ.സി.വേണുഗോപാല്‍ പക്ഷത്തെ ആള് തന്നെ വരുമെന്ന കാര്യവും വി.ഡി. പക്ഷം മുന്‍കൂട്ടി കാണുന്നുണ്ട്. ഉമ്മന്‍ചാണ്ടി– വി.എം.സുധീരന് കാലം ഓര്‍മിപ്പിച്ച് മുഖ്യമന്ത്രിക്ക് താല്പര്യമുള്ളയാള് അധ്യക്ഷ സ്ഥാനത്ത് വരണമെന്ന ആവശ്യം ഉയര്‍ത്തുമെങ്കിലും ഒടുവില്‍ വഴങ്ങേണ്ടിവന്നാല്‍, കണ്‍വീനറുടെ കാര്യത്തില്‍ എങ്കിലും മാറ്റം കൊണ്ടുവരാമെന്ന് വി.ഡി പക്ഷം കരുതുന്നു.
അങ്ങനെ വന്നാല്‍ ആരാകും യുഡിഎഫ് കണ്‍വീനര്‍. അതിനും ഉത്തരവമുണ്ട്. ഒരാള്‍ക്ക് ഒരു പദവി മാനദണ്ഡം നടപ്പാക്കുമ്പോള്‍ കെ.പി.സി.സി അധ്യക്ഷനാകാമെന്ന് കരുതി കാത്തുനില്ക്കുന്ന ജോസഫ് വാഴക്കന്റെ പേര് ഗ്രൂപ്പ് താല്പര്യത്തില് തട്ടി വെട്ടിപ്പോയാല്‍ കണ്‍വീനര്‍ സ്ഥാനത്തേക്ക് ആ പേരിനെ വി.ഡി. പക്ഷം എതിര്‍ക്കില്ലെന്നാണ് വിവരം. അടൂരിനെ മാറ്റിയാല്‍ നേതൃപദവിയിലെ ഈഴവ പ്രാതിധ്യം നഷ്ടമാകുമെന്ന മറുവാദം ഉയര്‍ന്നുവരും. അതിന് വര്‍ക്കിങ് പ്രസിഡന്റുമാരിലൂടെ പരിഹാരം കാണാമെന്ന ഫോര്‍മുലയായിരിക്കും വിഡി പക്ഷം പകരംവയ്ക്കുക.
Also read: ജിഎന്‍എ വൈദ്യുതി തർക്കത്തിൽ അയവ്; പ്രതിപക്ഷത്തിന് ആയുധം നൽകേണ്ടെന്ന് സർക്കാർ
എന്തുവന്നാലും പാര്‍ട്ടിയിലെ കടിഞ്ഞാന്‍ കൂടി നഷ്ടപ്പെടുത്തുന്നതിനോട് കെ.സി പക്ഷത്തിന് യോജിപ്പില്ല. അധ്യക്ഷ സ്ഥാനത്ത് കെ.സിക്ക് താല്പര്യമുള്ള ആള് മാത്രമേ വരാവുവെന്നാണ് ഗ്രൂപ്പിന്റെ നിലപാട്. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ കെസിക്ക് വേണ്ടി നിലകൊണ്ട ബെന്നി ബഹ്നാന്, ഷാഫി പറമ്പില്‍, ആന്റോ ആന്റണി തുടങ്ങിയവരുടെ പേരുകള്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. എന്നിട്ടും മന്ത്രി സ്ഥാനം ഒഴിഞ്ഞ് എ.പി.അനില്‍കുമാറിനെ അധ്യക്ഷനാക്കാനുള്ള കെ.സി. പക്ഷം ചരടുവലിക്കുന്നത് ഗ്രൂപ്പിനുള്ളിലെ ആ വികാരം ഉള്‍ക്കൊണ്ടാണ്. അതേസമയം, അധികാരത്തിലെത്തി ആറുമാസം ആകുമ്പോഴേക്കും മന്ത്രിസഭാ പുനസംഘടിപ്പിക്കുന്നതിനോട് മുഖ്യമന്ത്രിക്ക് യോജിപ്പില്ല.
പിന്നിലാകുമോ അടൂര്‍
നേതൃമാറ്റങ്ങള്ക്കൊപ്പം യുഡിഎഫ് കണ്‍വീനര്‍മാരും മാറുന്ന രീതി തുടങ്ങിയത് അടുത്തകാലത്താണ്. 1979ല്‍ കെ.കരുണാകരന് രൂപം നല്കിയ യുഡിഎഫിന്റെ ആദ്യ കണ്‍വീനര്‍ പി.ജെ.ജോസഫായിരുന്നു. 1982ല്‍ പി.ജെ.ജോസഫ് ഒഴിഞ്ഞ ശേഷം കണ്‍വീനറായ ഉമ്മന്‍ചാണ്ടി 85 വരെ ആ പദവി വഹിച്ചു. തുടര്‍ന്ന് കണ്‍വീനറായ കെ.ശങ്കരനാരായണ് നീണ്ട 16 വര്‍ഷക്കാലം (1985–2011) ആ പദവിയില്‍ തുടര്‍ന്നു. ആന്റണി മന്ത്രിസഭാ കാലത്ത് ശങ്കരനാരായണന് മന്ത്രിയായതോടെ ഉമ്മന്‍ചാണ്ടി (2001-2004) വീണ്ടും കണ്‍വീനറായി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതോടെ പദവി ഏറ്റെടുത്ത പി.പി. തങ്കച്ചന് നീണ്ട 14 വര്‍ഷക്കാലം (2004-18) കണ്‍വീനര്‍ കസേരയിലിരുന്നു. 2018ല്‍ ബെന്നി ബഹ്നാന് കണ്വീനറായെങ്കിലും അക്കാലത്ത് കേരളാ കോണ്‍ഗ്രസ് (എം) മുന്നണി വിട്ടത് അദ്ദേഹത്തിന് തിരിച്ചടിയായി. 2020ല്‍ എം.എം.ഹസന് കണ്‍വീനറായി വന്നു. ഹസന്റെ പിന്‍ഗാമിയായി 2025ലാണ് അടൂര്‍ പ്രകാശ് കണ്‍വീനറാകുന്നത്. വി.ഡി പക്ഷത്തിന്റെ നീക്കത്തില്‍ അടൂരിന് കസേര നഷ്ടപ്പെട്ടാല്‍ ഏറ്റവും കുറച്ച് കാലം കണ്‍വീനറായിരുന്ന ആളായി അദ്ദേഹം മാറും.