തിരുവനന്തപുരത്ത് മന്ത്രി കെഎം ഷാജിയുടെ വാഹനം തടഞ്ഞുള്ള യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിൽ ഗുരുതര സുരക്ഷാ വീഴ്ച. സെക്രട്ടേറിയറ്റിൽ നിന്നും മടങ്ങും വഴി ഗോർക്കി ഭവന് സമീപത്താണ് മന്ത്രിയുടെ വാഹനം തടഞ്ഞത്. മന്ത്രിയുടെ വാഹനം പത്ത് മിനിറ്റിലേറെയാണ് തടഞ്ഞിട്ടത്.

വാഹനം തടഞ്ഞതിന് പിന്നാലെ മന്ത്രി ഓട്ടോറിക്ഷയിൽ കയറി നീങ്ങാൻ ശ്രമിച്ചു. ഓട്ടോയുടെ മുന്നിലും കരിങ്കൊടിയുമായി യുവമോർച്ച പ്രവർത്തകരെത്തി. പിന്നാലെ മന്ത്രി ഓട്ടോയിൽ നിന്നിറങ്ങി നടന്ന് നീങ്ങുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് മാറ്റിയതിന് പിന്നാലെയാണ് ഔദ്യോഗിക വാഹനം സ്വതന്ത്രമായത്. 

മന്ത്രിക്ക് പൊലീസിൻ്റെ അകമ്പടിയുണ്ടായിരുന്നില്ല. സെക്രട്ടേറിയറ്റിൽ നിന്ന് ഔദ്യോഗിക വസതിയിലേക്കുള്ള യാത്രയായതിനാൽ മന്ത്രി വാഹനത്തിന് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് വിവരം. യുവമോർച്ച പ്രവർത്തകർ വാഹനം തടഞ്ഞതിന് പിന്നാലെയാണ് കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തിയത്.

കൊല്ലം സന്ദർശിക്കാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതിനെ തുടർന്നാണ് ബിജെപി സംസ്ഥാന മന്ത്രിമാരുടെ വാഹനം തടഞ്ഞു പ്രതിഷേധിച്ച് തുടങ്ങിയത്. തലസ്ഥാനത്ത് ഇത് ഓഫിസുകൾ അക്രമിക്കുന്നതിലേക്ക് നീങ്ങി. ജില്ലാ കോൺഗ്രസ് ആസ്ഥാനത്തിനു നേർക്ക് ആക്രമണമുണ്ടായി. നാളെ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും പ്രതിഷേധ പരിപാടികൾ നടത്തുമെന്നും ബിജെപി നേതൃത്വം അറിയിച്ചു.

 

 

 

ENGLISH SUMMARY:

a significant security lapse during a protest where Minister KM Shaji's vehicle was obstructed by Yuva Morcha activists in Thiruvananthapuram. The incident highlights growing political tensions and raises concerns about the safety of public officials.