മുല്ലപ്പൂവിന് മണമാണ് മുഖമുദ്രയെങ്കിൽ, ചെണ്ടുമല്ലിക്ക് നിറമാണ് കരുത്ത്. മഞ്ഞയും ഓറഞ്ചും നിറങ്ങളിൽ പൂത്തുനിൽക്കുന്ന ചെണ്ടുമല്ലിയില്ലാതെ കേരളത്തിന്റെ ഓണക്കാലം ഇന്ന് സങ്കൽപ്പിക്കാൻ പോലും പ്രയാസം. പൂക്കളം മുതൽ വീടുകളിലെ അലങ്കാരം വരെ ഓണത്തിന്റെ നിറപ്പകിട്ടിന് പിന്നിൽ ഈ പൂവിന് വലിയ സ്ഥാനമുണ്ട്. ഓണം സീസണിൽ മാത്രമായി ഏകദേശം 1,000 മുതൽ 1,500 ടണ്ണിലധികം ചെണ്ടുമല്ലിയാണ് (മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ളവ) കേരളത്തിലെ വിപണികളിൽ എത്തുന്നത്. പക്ഷേ, ഒരു കൗതുകമുണ്ട്. കേരളത്തിന്റെ തനത് പൂവല്ല ചെണ്ടുമല്ലി. കടലുകൾ കടന്ന് ഇന്ത്യയിലെത്തിയ ഈ വിദേശപുഷ്പം എങ്ങനെയാണ് മലയാളിയുടെ ആഘോഷജീവിതത്തിന്റെ ഇത്ര പ്രധാനപ്പെട്ട ഭാഗമായി മാറിയത്?
ചെണ്ടുമല്ലിയുടെ യഥാർഥ നാട് മെക്സിക്കോയും മധ്യ അമേരിക്കൻ രാജ്യങ്ങളുമാണ്. അവിടത്തെ പുരാതന ആസ്ടെക് (Aztec) നാഗരികതയുടെ കാലം മുതൽക്കേ ഇതൊരു വിശുദ്ധ പുഷ്പമായി കരുതപ്പെട്ടിരുന്നു. പതിനാറാം നൂറ്റാണ്ടിൽ മെക്സിക്കോ കീഴടക്കിയ സ്പാനിഷ്, പോർച്ചുഗീസ് പര്യവേക്ഷകർക്ക് ഈ പൂവ് ഏറെ ആകർഷകമായി തോന്നി. കടുംചുവപ്പ്, ഓറഞ്ച്, തവിട്ടുകലർന്ന മഞ്ഞ തുടങ്ങിയ നിറങ്ങളിലാണ് ചെണ്ടുമല്ലി കാട്ടിൽ വളർന്നിരുന്നത്. പിന്നീട് കൃഷിയിലൂടെ മഞ്ഞ നിറത്തിലുള്ള ഇനങ്ങളും വികസിപ്പിക്കപ്പെട്ടു.
പൂക്കൾ നാവികർ യൂറോപ്പിലെത്തിച്ചു. വൈകാതെ യൂറോപ്പിലും ചെണ്ടുമല്ലി പ്രചാരം നേടി. പിന്നീട് പോർച്ചുഗീസ് നാവികരാണ് ചെണ്ടുമല്ലിയെ ഇന്ത്യയിൽ അവതരിപ്പിച്ചതെന്നാണ് പൊതുവെ കരുതപ്പെടുന്നത്. പ്രാചീനകാലം മുതലേ മാലകൾക്കും തോരണങ്ങൾക്കുമായി വൻതോതിൽ പുഷ്പങ്ങൾ ഉപയോഗിച്ചിരുന്ന രാജ്യമാണ് ഇന്ത്യ. ചെണ്ടുമല്ലിക്ക് ഇന്ത്യയിൽ ഹിറ്റാകാൻ അധികകാലം വേണ്ടിവന്നില്ല. മറ്റ് പൂക്കളെ അപേക്ഷിച്ച് ചെണ്ടുമല്ലിക്കുള്ള ചില പ്രത്യേക ഗുണങ്ങളാണ് ഇതിന് പ്രധാന കാരണം. പ്രധാനമായും കൃഷി ചെയ്യാനുള്ള എളുപ്പമാണ് അതിലൊന്ന്. മധ്യ അമേരിക്കയിലേതിന് സമാനമായ കാലാവസ്ഥ ഇന്ത്യയിലെ പല പ്രദേശങ്ങളിലും നിലനിൽക്കുന്നത് പൂക്കൃഷിക്ക് അനുകൂലമായി. വലിയ ഫലഭൂയിഷ്ഠതയില്ലാത്തതും മണൽ കലർന്നതുമായ മണ്ണിലും ചെണ്ടുമല്ലി നന്നായി വളരും. അതിനാൽ തരിശായി കിടന്നിരുന്ന പല പ്രദേശങ്ങളിലും കൃഷി ചെയ്യാൻ അനുയോജ്യമായ വിളയായി ഇത് മാറി. മണ്ണിൽ വെള്ളക്കെട്ട് ഉണ്ടാകാതിരുന്നാൽ മതി.
കൊലക്കേസില്‍ പ്രതിചേര്‍ത്ത് സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം; 'വൈറല്‍' എസ്പി ഒളിവില്‍...
ചെണ്ടുമല്ലിയുടെ വേരുകളും ഇലകളും പുറപ്പെടുവിക്കുന്ന പ്രത്യേക ഗന്ധം ചില കീടങ്ങളെ അകറ്റിനിർത്താൻ സഹായിക്കുന്നതിനാൽ, ചില കൃഷിരീതികളിൽ കീടനിയന്ത്രണത്തിനായും ഇത് ഉപയോഗിക്കുന്നു. കൂടാതെ, ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ പൂക്കൾ വിളവെടുക്കാനാകും. എന്നാൽ വിളവെടുത്താലാണ് ചെണ്ടുമല്ലിയുടെ യഥാർഥ ശക്തി പുറത്തുവരുന്നത്. മുല്ലപ്പൂവിനെയോ റോസാപ്പൂവിനെയോ പോലെ പെട്ടെന്ന് വാടിപ്പോകുന്നതല്ല ചെണ്ടുമല്ലി. പറിച്ചെടുത്ത ശേഷവും ഏതാനും ദിവസങ്ങൾ വരെ പുതുമയും നിറവും നിലനിർത്താൻ കഴിയും. ഇത് ദൂരസ്ഥലങ്ങളിൽ നിന്ന് കേടുപാടുകളില്ലാതെ വിപണിയിലെത്തിക്കാൻ സഹായിക്കുന്നു.
കൂടാതെ, പെട്ടെന്ന് ചതഞ്ഞുപോകില്ലെന്നതും കൈകാര്യം ചെയ്യാനുള്ള എളുപ്പവും മൊത്തക്കച്ചവടക്കാർക്ക് ഇത് വലിയ തോതിൽ വിപണിയിലെത്തിക്കാൻ സൗകര്യമൊരുക്കുന്നു. വലിയ പൂക്കളും ധാരാളം ഇതളുകളും ഉള്ളതിനാൽ വലിയ വിസ്തൃതിയിൽ പൂക്കളമൊരുക്കാനും ഇത് ഏറെ ഉപകാരപ്പെടുന്നു. ഉൽപാദനച്ചെലവ് താരതമ്യേന കുറവായതിനാൽ മറ്റ് ചില പൂക്കളെ അപേക്ഷിച്ച് വിലയും കുറവായിരിക്കും. ദീപാവലി, ദുർഗാപൂജ തുടങ്ങിയ വലിയ വിൽപ്പനസീസണുകൾ ഉത്തരേന്ത്യയിലുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ പ്രധാന വാണിജ്യ പുഷ്പവിളകളിലൊന്നായി ചെണ്ടുമല്ലി മാറാൻ അധികകാലം വേണ്ടിവന്നില്ല.
എന്നാൽ ചെണ്ടുമല്ലിയുടെ വ്യാപനം തദ്ദേശീയമായ പല പൂക്കളുടെയും പ്രാധാന്യം കുറയുന്നതിന് കാരണമായെന്ന വിമർശനവുമുണ്ട്. ചെണ്ടുമല്ലിക്ക് അത്ര മധുരമുള്ള തേൻ ഇല്ലാത്തതിനാൽ തേനീച്ചകൾ ചെണ്ടുമല്ലിത്തോട്ടങ്ങളിൽ നിന്ന് ശേഖരിക്കുന്ന തേൻ അത്ര മധുരമുള്ളതായിരിക്കില്ലെന്ന വാദവും നിലനിൽക്കുന്നുണ്ട്. ചുരുക്കത്തിൽ, കാഴ്ചയുടെ ഭംഗി മാറ്റിനിർത്തിയാൽ, ചെണ്ടുമല്ലി ഒരു വിദേശ വിളയുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവിന്റെ ഉദാഹരണമായി പറയാം. എന്നാൽ ഇന്ന് ഇന്ത്യൻ ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമായി മാറിയ ഈ പുഷ്പത്തിന് ഭാവിയിലും അതേ സ്ഥാനമുണ്ടാകുമെന്നത് ഏറെക്കുറെ ഉറപ്പാണ്.
മെക്സിക്കോയുടെയും മധ്യ അമേരിക്കയുടെയും മണ്ണിൽ പിറന്ന ഒരു പൂവ്, കടലുകൾ കടന്ന് ഇന്ത്യയിലെത്തി. ഒടുവിൽ മലയാളിയുടെ ഓണപ്പൂക്കളത്തിലും സ്വന്തമായൊരു ഇടം നേടിയെടുത്തു.