• കര്‍ഷകച്ചന്തകളില്‍ പണമിടപാട് ഡിജിറ്റില്‍ സംവിധാനത്തില്‍ മാത്രമായി പരിമിതപ്പെടുത്തിയെന്നും യുപിഐ വഴി മാത്രമേ പണം നല്‍കാനാകൂയെന്ന തരത്തിലുള്ള പ്രചരണം തികച്ചും അടിസ്ഥാനരഹിതവും അവാസ്തവവുമാണെന്ന് മന്ത്രി

സംസ്ഥാനത്ത് കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന കര്‍ഷകച്ചന്തകളില്‍ ഡിജിറ്റല്‍ പേയ്‌മെന്റിന് പുറമെ നേരിട്ട് പണം നല്‍കിയും ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങുന്നതില്‍ ഒരു തടസ്സവുമില്ലെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ് അറിയിച്ചു. 

 

കര്‍ഷകച്ചന്തകളില്‍ പണമിടപാട് ഡിജിറ്റില്‍ സംവിധാനത്തില്‍ മാത്രമായി പരിമിതപ്പെടുത്തിയെന്നും യുപിഐ വഴി മാത്രമേ പണം നല്‍കാനാകൂയെന്ന തരത്തിലുള്ള പ്രചരണം തികച്ചും അടിസ്ഥാനരഹിതവും അവാസ്തവവുമാണ്. കൃഷിവകുപ്പിന്റെ ഓണച്ചന്തകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ കൂടുതല്‍ വേഗത്തിലും സൗകര്യപ്രദവുമായും നടത്തുന്നതിനാണ് ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം കൂടി അധികമായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ ആശയത്തിന് പൊതുജനങ്ങളില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

 

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് യുപിഐ സംവിധാനത്തിന്റെ സേവനം പ്രയോജനപ്പെടുത്താം എന്നതിന് അപ്പുറം മറ്റൊരു നിബന്ധനയും നിലവില്‍ കൃഷിവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ 2000ത്തോളം കര്‍ഷകച്ചന്തകളില്‍ ഒന്നിലും ഏര്‍പ്പെടുത്തിയിട്ടില്ല. മാത്രവുമല്ല, പൊതുവിപണിയെ അപേക്ഷിച്ച് 30 ശതമാനം വരെ കുറഞ്ഞ വിലയില്‍ പച്ചക്കറികള്‍ ലഭ്യമാക്കുന്നതിനാണ് കൃഷിവകുപ്പിന്റെ ഓണച്ചന്തകള്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തെറ്റായ പ്രചാരണങ്ങളില്‍ വിശ്വസിക്കാതെ കര്‍ഷകച്ചന്തകളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.

ENGLISH SUMMARY:

Agriculture Minister T. Siddique clarified that consumers can make cash payments at farmers’ markets in Kerala, in addition to digital payments. He said reports claiming that only UPI payments are accepted are baseless. Digital payment facilities have been introduced as an additional convenience, while vegetables at Onam markets are available at prices up to 30% lower than open-market rates.