മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി. ഇതിനായി സംസ്ഥാന സർക്കാർ ഉടൻ ഡീലിമിറ്റേഷൻ കമ്മിഷൻ രൂപീകരിക്കുമെന്നും മൂവാറ്റുപുഴയിൽ നടന്ന ഓണാഘോഷ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴയുടെ വികസനമുരടിപ്പും പാർശ്വവൽക്കരണവും ചൂണ്ടിക്കാണിച്ച് വേദിയിൽ പ്രാദേശിക എംഎൽഎ ഉന്നയിച്ച പരാതികൾക്ക് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

‘എംഎൽഎ സംസാരിച്ചപ്പോൾ മൂവാറ്റുപുഴയുടെ സങ്കടങ്ങളെക്കുറിച്ച് പറഞ്ഞു. ഒരുപാട് നാളുകൾ പാർശ്വവൽക്കരിക്കപ്പെട്ടതിനെക്കുറിച്ച് പറഞ്ഞു. പ്രതികാരബുദ്ധിയോടുകൂടി ഇവിടുത്തെ വികസനപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയതിനെക്കുറിച്ചൊക്കെ പറഞ്ഞു. ഒറ്റവാചകം മാത്രമേ ഞാൻ പറയുന്നുള്ളൂ. എല്ലാ സങ്കടങ്ങളും എല്ലാ വിഷമങ്ങളും മാറ്റും. മൂവാറ്റുപുഴ ജില്ലയെന്നു പറയുമ്പോൾ എന്റെ ജില്ലയിൽനിന്നു വേറിട്ടുപോകുന്നല്ലോ എന്നൊരു ചെറിയ വിഷമമുണ്ട്. എങ്കിലും ഇക്കാര്യം സർക്കാർ ഗൗരവമായി പരിശോധിക്കും. ഉറപ്പായും ഒരു ഡീലിമിറ്റേഷൻ കമ്മിഷനെ നിയോഗിക്കുകയും പുതിയ ജില്ലയുടെ കാര്യം പരിഗണിക്കുകയും ചെയ്യും’– മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ വർഷത്തെ ബജറ്റിൽ പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നത് പരിശോധിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് അദ്ദേഹം നേരത്തെ സൂചിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നീക്കം. നാലു പതിറ്റാണ്ട് മുൻപ് മുൻ മുഖ്യമന്ത്രി കെ.കരുണാകരനും മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല പ്രഖ്യാപിച്ചിരുന്നു. ഇടുക്കിയിലെ ദേവികുളം, തൊടുപുഴ മണ്ഡലങ്ങളും എറണാകുളത്തെ മൂവാറ്റുപുഴ, കോതമംഗലം, പിറവം മണ്ഡലങ്ങളും പെരുമ്പാവൂരിന്റെ ചില ഭാഗങ്ങളും ചേർത്ത് പുതിയ ജില്ല രൂപീകരിക്കാനായിരുന്നു അന്നത്തെ ആലോചന. തെക്ക് മോനിപ്പള്ളി മുതൽ വടക്ക് പെരുമ്പാവൂരും കിഴക്ക് വാഴക്കുളവും പടിഞ്ഞാറ് തൃപ്പൂണിത്തുറയ് വരെയും വ്യാപിച്ചുകിടക്കുന്നതാണ് നിലവിലെ മൂവാറ്റുപുഴ സബ് ഡിവിഷൻ. 

അതേസമയം, മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് പുതിയ ജില്ലയ്ക്കായുള്ള നീക്കം. എന്നാൽ, സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പുതിയ ജില്ലയുടെ രൂപീകരണം ഉണ്ടാക്കുന്ന വലിയ സാമ്പത്തിക ബാധ്യത സർക്കാർ എങ്ങനെ മറികടക്കും എന്നത് വരുംദിവസങ്ങളിൽ വലിയ ചർച്ചയാകും.

ENGLISH SUMMARY:

Chief Minister Pinarayi Vijayan announced that the Kerala government is actively considering the formation of a new district centered around Muvattupuzha to address regional marginalization and developmental lag. To facilitate this administrative reorganization, the state government will soon constitute a formal delimitation commission. This proposal echoes historical discussions from four decades ago when former Chief Minister K. Karunakaran similarly weighed carving out a district incorporating parts of Ernakulam and Idukki. However, critics and observers note that the financial implications of creating a new district amid the state's ongoing economic challenges will likely spark intense public debate.