പിണറായിക്ക് ഇന്നലെ ബിനോയ് വിശ്വം മറുപടി പറഞ്ഞതില്‍ അവസാനിക്കുന്നില്ല സിപിഐയിലെ നീക്കങ്ങള്‍. പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ കടുത്ത നിലപാടിലേക്ക് സിപിഐ കടക്കുകയാണ്. പിണറായി വിജയന്‍റെ വാശിക്ക് മുന്നില്‍ മുട്ടുമടക്കരുതെന്നും പദവിക്കായി ഏതറ്റം വരെയും പോകാന്‍ സിപിഐ നേതാക്കള്‍ക്കിടയില്‍ ധാരണയായി. പിണറായിക്ക് വഴങ്ങാതെ എന്തെല്ലാം തുടര്‍നീക്കങ്ങള്‍ നടത്താം എന്നതില്‍ മുതിര്‍ന്ന സിപിഐ നേതാക്കള്‍ പരസ്പ്പരം ആശയവിനിമയം നടത്തി. നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആവശ്യപ്പെടണം മുന്നണിയും യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കണം തുടങ്ങിയ പല ആലോചനകളും സിപിഐയിലുണ്ട്.
പിണറായിയെ പ്രകോപിച്ചത് ഇഡി കേസില്‍ സിപിഐ മകള്‍ വീണയെ പിന്തുണയ്ക്കാത്തതാണെന്നാണ് സിപിഐ നേതാക്കള്‍ കരുതുന്നത്. വീണയുടെ കേസ് രാഷ്ട്രീയക്കേസ് അല്ലെന്നും സിപിഐ നേതൃത്വം ഉറപ്പിച്ച് പറയുന്നു. പല ആലോചനകളാണ് സിപിഎമ്മിനെ മെരുക്കാന്‍ സിപിഐയില്‍ നടക്കുന്നത്. 1 .നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആവശ്യപ്പെടണം. 2. പാര്‍ലമെന്‍ററി പാര്‍ട്ടി യോഗ ബഹിഷ്ക്കരണം തുടരണം. 3. മുന്നണി യോഗത്തിലേക്ക് നേതാക്കള്‍ പോകേണ്ടതില്ല. 4. ജില്ലാതല യോഗങ്ങളില്‍ സഹകരിക്കേണ്ടെന്നും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയുണ്ട്.
എന്ത് തീരുമാനം എടുക്കണമെന്ന് സിപിഐ അന്തിമമായി നിശ്ചയിച്ചിട്ടില്ല. എന്നാല്‍ സിപിഐ സമീപനത്തില്‍ സിപിഎമ്മിലും കടുത്ത അതൃപ്തിയുണ്ട്. പദവി നല്‍കാനാവില്ലെന്ന് ആദ്യമേ വ്യക്തമാക്കിയിട്ടും അനാവശ്യ വാശി പിടിച്ച് സിപിഐ പ്രശ്നം വഷളാക്കുന്നുവെന്നാണ് സിപിഎം നേതൃത്വത്തിന്‍റെ നിലപാട്. മുന്നണി ബന്ധം വഷളാക്കിയതും സിപിഐ ആണെന്നാണ് സിപിഎം നിലപാട്.