Image: Kerala High Court, Manorama

  • വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടി വേണമെന്ന് ആവർത്തിച്ച് ഹൈക്കോടതി.

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടി വേണമെന്ന്  ആവർത്തിച്ച് ഹൈക്കോടതി. അനുമതിയില്ലാതെ ഘടിപ്പിക്കുന്ന അതിതീവ്ര പ്രകാശമുള്ള ലൈറ്റുകൾ, റെഡ്–ബ്ലൂ സ്ട്രോബ് ലൈറ്റുകൾ, മൾട്ടി-കളർ ലൈറ്റുകൾ, വീൽ സ്പേസറുകൾ, അനുവദനീയ പരിധിക്കപ്പുറമുള്ള വീതിയേറിയ ടയറുകൾ തുടങ്ങിയക്കെതിരെയാണ് കോടതിയുടെ ഇടപെടൽ. ഇത്തരം വാഹനങ്ങൾ റോഡിലെ മറ്റ് യാത്രക്കാരുടെയും, കാൽനടയാത്രക്കാരുടെയും സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, എസ്.മുരളീ കൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.  Also Read: ‘പ്രളയ ദുരിതാശ്വാസ വാഹനത്തിനിട്ട പിഴ പോര’; കർശന നടപടിക്ക് ഹൈക്കോടതി നിർദേശം

നിയമത്തിൽ അനുവദിച്ചിട്ടില്ലാത്ത ലൈറ്റുകൾ വാഹനങ്ങളിൽ പാടില്ല: കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിലും ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങളിലും വ്യക്തമായി അനുവദിച്ചിട്ടുള്ള ലൈറ്റിങ്, ലൈറ്റ്-സിഗ്നലിങ് ഉപകരണങ്ങൾ, റെട്രോ-റിഫ്ലക്ടറുകൾ എന്നിവ മാത്രമേ വാഹനങ്ങളിൽ ഘടിപ്പിക്കാവൂ എന്നാണ് ഹൈക്കോടതി ആവർത്തിച്ചത്. *ചട്ടങ്ങളിൽ പ്രത്യേകമായി അനുവദിച്ചിട്ടില്ലാത്ത ഉപകരണങ്ങൾ ഘടിപ്പിക്കാൻ സംസ്ഥാന സർക്കാരിന് കേരള മോട്ടോർ വാഹന ചട്ടത്തിലെ റൂൾ 334 ഉപയോഗിച്ച് ഇളവ് നൽകാനാകില്ല.* AIS-008, AIS-052 തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വാഹനങ്ങൾ പൊതുനിരത്തിൽ ഉപയോഗിക്കുന്നത് മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയെ ബാധിക്കും. വാഹനത്തിന്റെ നിർമാണം പരിപാലനം എന്നിവയിൽ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ വിശദമായ വ്യവസ്ഥകളുണ്ട്. അതിനാൽ പ്രത്യേകം അനുവദിച്ചിട്ടില്ലാത്ത മാറ്റങ്ങൾ അനുവദനീയമല്ലെന്നുമാണ് കോടതിയുടെ നിലപാട്. 

'ദുരിതം' സൃഷ്ടിക്കുന്ന ഹൈ-ഇന്റൻസിറ്റി ലൈറ്റുകൾ: വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ഉയർന്ന തീവ്രതയുള്ള ഹെഡ്‌ലൈറ്റുകളും മറ്റ് ലൈറ്റുകളും എതിർദിശയിൽ വരുന്ന ഡ്രൈവർമാരിൽ താൽക്കാലിക കാഴ്ചക്കുഴപ്പം സൃഷ്ടിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. കാൽനടയാത്രക്കാർക്ക് റോഡിലെ കുഴികൾ, ഓടകൾ തുടങ്ങിയവ തിരിച്ചറിയുന്നതിലും ബുദ്ധിമുട്ടുണ്ടാകാം. ഡ്രൈവർമാരുടെ പ്രതികരണ സമയം കുറയുകയും, ദൂരം കൃത്യമായി വിലയിരുത്തുന്നതിലും ലെയിൻ നിയന്ത്രിക്കുന്നതിലും ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യാം. ഇത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. 

റെഡ്–ബ്ലൂ സ്ട്രോബ് ലൈറ്റുകളും അടിയന്തര വാഹനങ്ങളുടെ സൈറൺ അനുകരിക്കുന്ന അനധികൃത ഹൂട്ടറുകളും കർശനമായി നിരോധിക്കണമെന്ന സുപ്രീംകോടതി നിർദേശവും ഹൈക്കോടതി പരാമർശിച്ചു. ഇത്തരം ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കുന്നു. 

ഇൻഫ്ലുവൻസർമാരും മോഡിഫിക്കേഷനും: വാഹനങ്ങളിൽ അനധികൃതമായി ലൈറ്റുകളും മറ്റ് ഉപകരണങ്ങളും ഘടിപ്പിച്ച് റോഡിലൂടെ ഓടിക്കുന്നതിന്റെ വീഡിയോകൾ വ്ലോഗർമാർ യൂട്യൂബിൽ പ്രചരിപ്പിക്കുന്നതായി ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരം വീഡിയോകൾ കോടതി തുറന്ന കോടതിയിൽ തന്നെ പരിശോധിക്കുകയും ചെയ്തിരുന്നു. റെഡ്–ബ്ലൂ സ്ട്രോബ് ലൈറ്റുകൾ, ത്രിവർണ ഫോഗ് ലാമ്പുകൾ, ഹെഡ്‌ലൈറ്റിന് മുകളിലായി സ്ഥാപിക്കുന്ന ഓക്സിലറി ലൈറ്റുകൾ, അനധികൃത മൾട്ടി-ഫങ്ഷൻ റിയർ ലൈറ്റുകൾ തുടങ്ങിയവയുടെ ദൃശ്യങ്ങളും 

കോടതി ചൂണ്ടിക്കാട്ടി. വാഹന ആക്സസറി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരും, യൂട്യൂബ് ഇൻഫ്ലുവൻസർമാരും ഇത്തരം മാറ്റങ്ങളുടെ വീഡിയോകൾ പ്രസിദ്ധീകരിക്കുന്നതായി കോടതി പറഞ്ഞു. 

വീൽ സ്പേസറും വീതിയേറിയ ടയറുകളും: വാഹനത്തിന്റെ ബോഡിയുടെ സംരക്ഷണ പരിധിക്ക് പുറത്തേക്ക് ചക്രങ്ങൾ തള്ളിനിൽക്കുന്ന രീതിയിൽ വീൽ സ്പേസറുകളും വീതിയേറിയ ടയറുകളും ഉപയോഗിക്കുന്നത് ഗൗരവമേറിയ വിഷയമെന്ന് കോടതി പറഞ്ഞു. ചക്രങ്ങൾ പുറത്തേക്ക് തള്ളിനിൽക്കുന്നത് ചെളിയും വെള്ളവും റോഡിലെ മറ്റ് യാത്രക്കാരിലേക്കും കാൽനടയാത്രക്കാരിലേക്കും തെറിക്കാൻ ഇടയാക്കും. സൈക്കിൾ, ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷയെ ഇത് ബാധിക്കും. 

'ഫ്ലെയിം കിറ്റ്' ഘടിപ്പിച്ച എക്സോസ്റ്റ് സംവിധാനത്തിനെതിരെയും മുന്നറിയിപ്പ്: ഡീസൽ കാറുകളിൽ തീ പുറത്തേക്ക് വരുന്നതിന് ഉപയോഗിക്കുന്ന ആഫ്റ്റർ-മാർക്കറ്റ് 'ഫ്ലെയിം-കിറ്റ്' എക്സോസ്റ്റ് സംവിധാനവും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സംവിധാനങ്ങളിൽ തീ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന പെട്രോൾ സൂക്ഷിക്കുന്ന ടാങ്ക് വരെ വാഹനത്തിന്റെ ലഗേജ് ഭാഗത്ത് ഘടിപ്പിച്ചിരിക്കുകയാണ്. വലിയ ശബ്ദവും പുറത്തേക്ക് വരുന്ന തീയും വാഹനത്തിലെ യാത്രക്കാർക്കും റോഡിലെ മറ്റുള്ളവർക്കും സുരക്ഷാ ഭീഷണിയാണെന്നും കോടതി വ്യക്തമാക്കി. 

നിയമലംഘനങ്ങളിൽ പിഴയിട്ടെന്ന് സർക്കാർ: കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ 8,167 വാഹനങ്ങൾ പരിശോധിച്ചതിൽ 2,092 നിയമലംഘനങ്ങൾ കണ്ടെത്തിയതായി ഗതാഗത കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. സ്പോട്ട് ലൈറ്റുകൾ, മ്യൂസിക്/കളർ ലൈറ്റ് മോഡിഫിക്കേഷനുകൾ, അനധികൃത മാറ്റങ്ങൾ, അനധികൃത നിറമുള്ള ലൈറ്റുകൾ, അനുവദനീയതിലധികം ലൈറ്റുകൾ, അനധികൃതമായി ഘടിപ്പിച്ച വാഹന ഭാഗങ്ങൾ തുടങ്ങിയവയാണ് പ്രധാനമായി കണ്ടെത്തിയത്. ഈ കേസുകളിൽ ആകെ 1,41,59,120 രൂപ പിഴ ചുമത്തിയതായും റിപ്പോർട്ടിൽ പറയുന്നു. 

എന്നാൽ ആവർത്തിച്ച് നൽകിയ നിർദേശങ്ങൾക്കുശേഷവും ആറ് അനധികൃത ലൈറ്റുകൾ ഘടിപ്പിച്ച വാഹനത്തിന് 5,000 രൂപ മാത്രമാണ് എൻഫോഴ്സ്മെന്റ് വിഭാഗം പിഴയായി ഈടാക്കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. റിപ്പോർട്ട് പ്രകാരം ഈ വാഹനത്തിലെ ആറ് അധിക ലൈറ്റുകൾക്ക് ഒറ്റത്തുകയായി 5,000 രൂപയും, പി.യു.സി നിയമലംഘനത്തിന് 2,000 രൂപയും ഈടാക്കിയിരുന്നു. എന്നാൽ ഓരോ അനധികൃത മാറ്റത്തിനും 5,000 രൂപ വീതം പിഴ ചുമത്തണമെന്ന മുൻ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഈ നടപടി മതിയായതല്ലെന്ന് കോടതി പറഞ്ഞു. മൾട്ടി-കളർ എൽഇഡി ലൈറ്റുകൾ, നിയോൺ ലൈറ്റുകൾ, ലേസർ ലൈറ്റുകൾ, ഫ്ലാഷ് ലൈറ്റുകൾ, സ്ട്രോബ് ലൈറ്റുകൾ, ഫ്ലാഷിങ് നിയോൺ/എൽഇഡി നെയിം ബോർഡുകൾ തുടങ്ങിയ അനധികൃത മാറ്റങ്ങൾക്ക് ഓരോ മാറ്റത്തിനും 5,000 രൂപ വീതം പിഴ ഈടാക്കണമെന്ന് കോടതി ആവർത്തിച്ചു. അനധികൃതമായി പുറത്തേക്ക് തള്ളിനിൽക്കുന്ന വീലുകളുള്ള വാഹനങ്ങൾക്കെതിരെ എൻഫോഴ്സ്മെന്റ് വിഭാഗമോ പൊലീസോ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

ENGLISH SUMMARY:

The Kerala High Court has directed authorities to take strict action against unauthorised vehicle modifications and not dilute enforcement measures. The court specifically flagged high-intensity and coloured lights, strobe lights, unauthorised hooters, wheel spacers, oversized tyres and flame-kit exhausts as safety risks. It reiterated that ₹5,000 should be fined for each unauthorised modification and criticised lenient action against repeat violations. The government reported detecting 2,092 violations during inspections of 8,167 vehicles in three weeks and imposing fines totalling ₹1.41 crore.