high-court

വാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശം നൽകി ഹൈക്കോടതി. നിയമലംഘനം കണ്ടെത്തിയാല്‍ ചുരുങ്ങിയത് 5,000 രൂപ പിഴ ഈടാക്കണമെന്നും ഒന്നിലേറെ നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5,000 രൂപവെച്ച് പിഴ ഈടാക്കണമെന്നും കോടതി നിർദേശിച്ചു. 

വീൽ സ്പേസർ, പുറത്തേക്ക് തള്ളിനിൽക്കുന്ന വീതിയേറിയ ടയറുകൾ എന്നിവയും സുരക്ഷാ ഭീഷണിയെന്ന് കോടതി ചൂണ്ടിക്കാട്ടി. 'ഫ്ലെയിം-കിറ്റ്' ഘടിപ്പിച്ച ആഫ്റ്റർ-മാർക്കറ്റ് എക്സോസ്റ്റ് സംവിധാനങ്ങൾക്കെതിരെയും കർശന നടപടി വേണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗത്തിനും പൊലീസിനും കോടതി നിർദേശം നൽകി. കളർ ലൈറ്റുകൾ, അതിതീവ്ര വെളിച്ചമുള്ള എൽഇഡി ലൈറ്റുകൾ എന്നിവ ഒഴിവാക്കണമെന്നും കോടതി. വീതിയേറിയ ടയർ ഘടിപ്പിച്ചാലും പിഴ കൊടുക്കേണ്ടിവരും. പുകക്കുഴലിലെ മാറ്റവും നിയന്ത്രിക്കും. 

പ്രളയക്കെടുതിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴയിട്ടതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ആ വാഹനത്തിന് ആകെ 5000 രൂപ മാത്രമാണ് പിഴ ചുമത്തിയതെന്നും അത് വളരെ കുറവാണെന്നും കോടതി പറഞ്ഞു. വാഹനത്തിന്റെ ഫോട്ടോ പരിശോധിച്ച കോടതി ഒട്ടേറെ നിയമലംഘനങ്ങൾ വാഹനത്തിൽ കണ്ടെത്തി. ജീപ്പിൽ ആകെ ആറ് അധിക ലൈറ്റുകൾ ഘടിപ്പിച്ചിരുന്നതായി ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. റെഡ്–ബ്ലൂ സ്ട്രോബ് ലൈറ്റുകൾ, അനധികൃത ഹൂട്ടറുകൾ എന്നിവ അനുവദിക്കരുതെന്ന് കോടതി പറഞ്ഞു. വാഹനത്തിന്റെ ആറ് അനധികൃത ലൈറ്റുകൾക്ക് 5,000 രൂപ മാത്രം പിഴ ചുമത്തിയതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ഈ വാഹനത്തിന് പിഴയിട്ടതിനാൽ എംഎൽഎയുടെ ഇടപെടലിലൂടെ രണ്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. സ്ഥലം മാറ്റിയത് ഈ വാഹനത്തിന് പിഴയിട്ടതിനാണെങ്കിൽ പിഴ പോരെന്ന് കോടതി നിരീക്ഷിച്ചു. 

റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള എല്ലാ മോഡിഫിക്കേഷനിലും മോട്ടോർ വാഹന വകുപ്പും പൊലീസും കർശന നിയമ നടപടികൾ എടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ സെപ്റ്റംബർ ഏഴിനകം അറിയിക്കണമെന്നും കോടതി പറഞ്ഞു. 8,167 വാഹനങ്ങൾ പരിശോധിച്ചതിൽ 2,092 നിയമലംഘനങ്ങൾ കണ്ടെത്തിയതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. പരിശോധനകളിൽ 1.41 കോടി രൂപയിലേറെ പിഴ ഈടാക്കിയതായാണ് സർക്കാർ റിപ്പോർട്ട്.

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത്, യുഡിഎഫ് ജയിച്ചാൽ ജെൻ സീകൾക്ക്‌ വേണ്ടി വാഹനത്തിൽ മോഡിഫിക്കേഷൻ നടത്താൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞിരുന്നു. 

ENGLISH SUMMARY:

Kerala High Court has issued strict directives regarding vehicle modification, mandating significant fines for violations and emphasizing safety concerns. The court's intervention, sparked by a case involving a rescue vehicle, aims to curb illegal modifications that pose a threat to road safety.