ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന എസ്പി എസ്.ശശിധരന് ഒരേ ദിവസം അംഗീകാരവും കോടതിയുടെ വിമര്‍ശനവും. രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അര്‍ഹമായ ദിവസം തന്നെ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഹൈക്കോടതിയുടെ നിശിത വിമര്‍ശനവും നേരിടേണ്ടി വന്നു. കുറ്റപത്രം നല്‍കിയ കേസുകളുടെ എഫ്‌ഐആര്‍ നമ്പര്‍ നല്‍കാത്തതെന്ത്? കുറ്റക്കാരനെന്ന് കണ്ടെത്തിയ ഏതൊക്കെ കേസില്‍ കുറ്റപത്രം നല്‍കി? ഏത് കേസില്‍ എവിടെ അന്വേഷണ ഉദ്യോഗസ്ഥന്‍ കുറ്റപത്രം ഫയല്‍ ചെയ്തു? എന്നിങ്ങനെ നീളുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.ശശിധരനോടുള്ള ഹൈക്കോടതിയുടെ ചോദ്യങ്ങള്‍.
ഒരു കേസിലും കുറ്റപത്രം നല്‍കിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. എല്ലാ വിശദാംശങ്ങളും കൃത്യമായി എഴുതി നല്‍കാന്‍ എസ്‌ഐടിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, എസ്പി എസ്.ശശിധരന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ കിട്ടിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഒരേദിവസം തല്ലും തലോടലും എന്നാണ് മാധ്യമങ്ങൾ പറയുന്നതെന്നും സർക്കാർ അഭിഭാഷകന്‍. എന്നാല്‍ അതൊക്കെ വേറെ കാര്യമെന്ന് കോടതി. അതൊക്കെ അവിടെ നടക്കട്ടെ, ഇത് ഈ കേസിന്‍റെ കാര്യമെന്നും ജസ്റ്റിസ് എ.ബദറുദീൻ.
അതേസമയം, സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചുള്ള സേനാ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. എസ്.പി, എസ്. ശശിധരന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ സമ്മാനിക്കും. ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രത്യേക അന്വേഷണ സംഘത്തലവനാണ് ശശിധരന്‍. മൈക്രോ ഫിനാന്‍സ് തട്ടിപ്പ്, ഇലന്തൂര്‍ നരബലി തുടങ്ങി പല പ്രമാദമായ കേസുകളുടെയും അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു.
ഐ.ജി രാജ് പാല്‍ മീണ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹനായി. എസ് പിമാരായ ബിനു ആര്‍ പിള്ള, ഉജ്വല്‍കുമാര്‍ ജി, ഡിവൈഎപ്സിമാരായ വി.ആര്‍ രവികുമാര്‍, സുരേഷ് ബാബു, എസ് ഐ ജ്യോതിഷ് കുമാര്‍ എസ് എല്‍ എന്നിവരും സ്തുത്യര്‍ഹസേവന പുരസ്ക്കാരത്തിന് അര്‍ഹരായി. അഗ്നിശമന സേനയില്‍ നിന്ന് ജെ.രാജേന്ദ്രന്‍ നായര്‍, എന്‍ സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ക്കാണ് പുരസ്കാരം. ജയില്‍ ആന്‍ഡ് കറക്ഷനല്‍ സര്‍വീസ് വിഭാഗത്തില്‍ സുനില്‍ എസ് കുമാര്‍, എം.കെ മോഹന്‍ദാസ് എന്നിവര്‍ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്ത് ആകെ 1,057 ഉദ്യോഗസ്ഥർക്ക് ഗാലൻട്രി-സർവീസ് മെഡലുകൾ സമ്മാനിക്കും.