ganesh-nss

എന്‍എസ്എസ് ജനറൽ സെക്രട്ടറിക്ക് എതിരായ പ്രസ്താവനയിൽ ഗണേഷ് കുമാറിനെതിരെ താലൂക്ക് യൂണിയനുകൾ. ഗണേഷ് മാപ്പ് പറയണമെന്ന് പത്തനാപുരം താലൂക്ക് യൂണിയനും പ്രസ്താവന അപലപനീയമെന്ന് തിരുവനന്തപുരം താലൂക്ക് യൂണിയനും പ്രമേയം ഇറക്കി. ഗണേഷിന് മറുപടി പറയാനില്ലെന്നാണ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ നിലപാട്.

ഗണേഷിനെതിരെ പരസ്യ പ്രസ്താവനകൾ ഒഴിവാക്കി താലൂക്ക് യൂണിയനുകളെ രംഗത്തിറക്കി പ്രതോരോധിക്കാനാണ് എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ നീക്കം. തിരുവനന്തപുരം മുതൽ ഇങ്ങോട്ടുള്ള താലൂക്ക് യൂണിയനുകൾ ഗണേഷിനെതിരെ പ്രമേയം പുറത്തിറക്കി. ഗണേഷ് മാപ്പ് പറയണമെന്ന് പത്തനാപുരം താലൂക്ക് അഡ്ഹോക് കമ്മിറ്റി ആവശ്യപ്പെട്ടു. വിറളി പൂണ്ടാണ് ഗണേഷ് അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നതെന്നും ജനറൽ സെക്രട്ടറി മുഴുവൻ നായർ സമുദായത്തിന്റെയും കരുത്താണെന്നും പത്തനാപുരത്തെ അഡ്ഹോക് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഗണേഷിന്റെ പ്രസ്താവന അപലപനീയമെന്ന് തിരുവനന്തപുരം, കൊട്ടാരക്കര, തിരുവല്ല തുടങ്ങിയ താലൂക്ക് യൂണിയനുകളും പ്രതികരിച്ചു. സ്വന്തം പ്രവർത്തി കൊണ്ടാണ് ഗണേഷിന് പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനം നഷ്ടമായതെന്ന് കൊച്ചി കാണയന്നൂർ താലൂക്ക് യൂണിയനും പ്രസ്താവനയിറക്കി. ജനറൽ സെക്രട്ടറിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു മുഴുവൻ താലൂക്ക് യൂണിയനുകളുടെയും പ്രതികരണം.

ഗണേഷിന് ഇനി പരസ്യമായി മറുപടി പറയാനില്ലെന്ന നിലപാട് ആണ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സ്വീകരിച്ചത്. പരാതി ഉണ്ടെങ്കിൽ കോടതിയിൽ പോകാമെന്നും, സ്ഥാനങ്ങൾ നഷ്ടപ്പെട്ടപ്പോഴാണ് ഗണേഷ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും സുകുമാരൻ നായർ നേരത്തെ പ്രതികരിച്ചിരുന്നു. പത്തനാപുരത്തെ തോൽവിയിൽ ഉൾപ്പെടെ ഗണേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങളിൽ എന്‍എസ്എസ് ജനറൽ സെക്രട്ടറി പിന്നീട് മറുപടി പറഞ്ഞിട്ടില്ല.

ENGLISH SUMMARY:

Taluk unions across Kerala have launched strong protests against minister K.B. Ganesh Kumar following his controversial remarks targeting NSS General Secretary G. Sukumaran Nair. Pathanapuram and Thiruvananthapuram taluk unions passed formal resolutions demanding an immediate public apology from the minister for his derogatory statements. While Sukumaran Nair has chosen to maintain a measured silence and avoid public retaliations, various regional units have rallied to express solidarity with the NSS leadership. Furthermore, organizations like the Kanayannoor taluk union pointed out that Ganesh Kumar previously lost his position due to his own actions.