highcourt

കാസർകോട് സവർക്കർ ചോദ്യാവലിയുമായി ബന്ധപ്പെട്ടുള്ള അധ്യാപകന്‍റെ സസ്‌പെന്‍ഷന് സ്റ്റേയില്ല. സസ്പെൻഷന്‍റെ കൃത്യമായ കാരണം അറിയിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. ചോദ്യം തെറ്റാണെങ്കിൽ തന്നെ സസ്പെൻഡ് ചെയ്യാനാകുമോ എന്ന് കോടതി ചോദിച്ചു.

വീഴ്ച്ചയുണ്ടെങ്കിൽ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് ഹർജി പരിഗണിക്കവെ ഹൈക്കോടതി ആദ്യം ചൂണ്ടിക്കാട്ടിയത്. എന്നാൽ, ചോദ്യം തെറ്റാണെങ്കിൽ തന്നെ അതിന് സസ്പെൻഷൻ ആവശ്യമുണ്ടോയെന്ന് ജസ്റ്റിസ് വിജു എബ്രഹാം ചോദിച്ചു. അച്ചടക്ക നടപടിയിലേക്ക് കടന്നാൽ പോരെ? അധ്യാപകന്‍റെ സസ്‌പെന്‍ഷന്‍ ശിക്ഷാ നടപടിയാണോ എന്നും ഹൈക്കോടതി ആരാഞ്ഞു. സസ്പെൻഷൻ അച്ചടക്ക നടപടിയുടെ ഭാഗമാണെന്നായിരുന്നു സർക്കാർ മറുപടി. തുടർന്നാണ് അടുത്ത തവണ ഹർജി പരിഗണിക്കുന്ന തിങ്കളാഴ്ച നടപടിയുടെ കൃത്യമായ കാരണം വിശദീകരിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടത്. സസ്പെൻഷൻ സ്റ്റേ ചെയ്യണോ എന്നതിൽ കോടതി അന്ന് വാദം കേൾക്കും.

വിവാദ ചോദ്യത്തിന്‍റെ പേരിൽ സസ്‌പെൻഡ് ചെയ്ത നടപടി ചോദ്യം ചെയ്താണ് കാസർഗോഡ് പള്ളത്തടുക്ക എ.യു.പി സ്‌കൂൾ അധ്യാപകൻ ഗുരുപ്രസാദ് റായ് ഹൈക്കോടതിയെ സമീപിച്ചത്. സസ്‌പെൻഷനും അച്ചടക്ക നടപടിയും നിയമ വിരുദ്ധമെന്നാണ് ഹർജിയിലെ വാദം. ചോദ്യം ചരിത്രപരമായി തെറ്റാണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ലെന്നും ഗുരുപ്രസാദ് ചൂണ്ടിക്കാട്ടി.

ENGLISH SUMMARY:

Malayala Manorama Online News reports on the Kasaragod teacher suspension case where the High Court has not granted a stay. The court has directed the state government to provide the exact reason for the suspension and questioned the necessity of suspension even if the question was incorrect.