thovala-pookkal

ഓണക്കാലമെത്തുമ്പോൾ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പൂച്ചന്തയായി മാറും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ തോവാള. പൂക്കളിലൂടെ കേരളവുമായി തോവാള കാത്തുസൂക്ഷിക്കുന്ന സൗഹൃദത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. കേരളത്തിന്‍റെ അത്തപ്പൂക്കളങ്ങൾക്ക് നിറം പകരാൻ ഇത്തവണയും തോവാള കേരളത്തെ വരവേല്‍ക്കുകയാണ്.

അത്തം തുടങ്ങുമ്പോള്‍ തന്നെ തോവാള ഉല്‍സവസമാനമാണ്. പുലര്‍ച്ചെ ഗ്രാമങ്ങളില്‍ നിന്ന് പൂക്കള്‍ ശേഖരിച്ച് കച്ചവടക്കാരെത്തും. വെളിച്ചം പരക്കുമ്പോഴേക്കും മൈതാനം പൂവിന്‍റെ വര്‍ണങ്ങളാല്‍ പൊതിയും. കേരളത്തിന്‍ ഓണപ്പൂവിളി തുടങ്ങിയപ്പോഴേക്കും ഇവിടെ പൂക്കള്‍ നിരന്നു കഴിഞ്ഞു. നിരവധി ലോഡ് പൂക്കളാണ് ഇവിടെ നിന്ന് അതിര്‍ത്തി കടക്കുന്നത്. പൂക്കളാണ് തോവാളയുടെ ജീവശ്വാസം. ഗ്രാമത്തിലെ ഭൂരിഭാഗം കുടുംബങ്ങളും പൂ വ്യവസായവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു. മുല്ലയും പിച്ചിയും ചെണ്ടുമല്ലിയും വാടാമുല്ലയുമെല്ലാം ഇവിടെ സുലഭം. എല്ലാ ദിവസവും ഇവിടെ പൂക്കള്‍ വില്‍പനയ്ക്കുണ്ട്. ഓണത്തിനാണ് കച്ചവടം കൂടുതല്‍. കിലോ കണക്കാക്കിയാണ് പൂക്കളുടെ വില്‍പന. വര്‍ഷങ്ങളായി പൂകെട്ടി വില്‍ക്കുന്നവരുമുണ്ട്. പഴയ തിരുവിതാംകൂറിന്‍റെ ഭാഗമായിരുന്നു ഈ പൂഗ്രാമം. തിരുവനന്തപുരത്തുനിന്നും കൊല്ലത്തുനിന്നുമൊക്കെ നേരിട്ട് പൂക്കള്‍ വാങ്ങാനെത്തുന്നവര്‍ ഏറെ. വിലക്കുറവും പൂക്കളുടെ ഗുണമേന്മയുമാണ് തോവാളയിലേക്ക് മലയാളികളെ അടുപ്പിക്കുന്നത്.

സേലത്തുനിന്നുള്ള അരളിയും ഹൊസൂരിലെ പാടങ്ങളില്‍ വിരിയുന്ന ജമന്തിപ്പൂക്കളും റോസും തോവാളയില്‍ കച്ചവടത്തിനെത്തുന്നുണ്ട്. കഴിഞ്ഞ ഓണക്കാലത്ത് 20 ടണ്‍ പൂക്കളാണ് വിറ്റുപോയത്. ഇത്തവണ അത് 25 ടണ്‍ കടക്കുമെന്നാണ് കണക്കുകള്‍. കാലവും കാലാവസ്ഥയും മാറിയതിനാല്‍ പല പൂപ്പാടങ്ങളും മറ്റ് ജില്ലകളിലേക്ക് വഴി മാറി. എങ്കിലും പൂക്കളില്ലാത്തൊരു പുലരി തോവാളയ്ക്കില്ല. ഈ കൊച്ചുഗ്രാമം മലയാളക്കരയുടെ ഓണത്തിനായി എന്നും പൂക്കൂട നിറച്ച് തന്നെ വയ്ക്കും.

Thovala: Kerala's Onam Flower Haven:

Thovalak's Onam flowers are a vibrant tradition connecting Kerala and Tamil Nadu, with the Kanyakumari district's Thovalak emerging as South India's largest flower market during Onam. This centuries-old floral friendship ensures Kerala's Pookalam traditions are beautifully adorned with fresh blooms from Thovalak