Image: X, From the video, @SBhalaji94
തമിഴ്‌നാട് എക്‌സ്പ്രസിലെ ട്രോളി ബാഗിൽ അഴുകിയ നിലയിൽ മനുഷ്യ ശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ചെന്നൈയിലേക്ക്. തമിഴ്‌നാട്ടിലെ ഗൂഡുവാഞ്ചേരിയിലുള്ള ഒരു വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ട സ്ത്രീയുടെ കൂടുതൽ ശരീരഭാഗങ്ങൾ പോലീസ് കണ്ടെടുത്തു. ഒഡീഷ ജഗത്സിംഗ്പൂർ സ്വദേശിയും ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ ഹയാത്തുന്നിസ (38) ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
Also Read: ‘സോറി സര്‍, ഇത് ഞാന്‍ കഴിക്കില്ല’; റെയ്ഡിനിടെ സ്വന്തം കടയിലെ ആഹാരം കഴിക്കാന്‍ വിസമ്മതിച്ച് ഉടമ
ഓഗസ്റ്റ് 5നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പുലർച്ചെ 5 മണിയോടെ ആഗ്ര കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ എത്തിയ തമിഴ്‌നാട് എക്‌സ്പ്രസിന്റെ ജനറൽ കോച്ചിലെ റെഡ് ട്രോളി ബാഗിലാണ് തലയില്ലാത്തതും അഴുകിയതുമായ ശരീരഭാഗങ്ങൾ കണ്ടെത്തിയത്.പിന്നാലെ ആഗ്ര റെയില്‍വേ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ചെന്നൈ ആര്‍പിഎഫും അന്വേഷണത്തില്‍ പങ്കാളികളായി. ആഗ്ര റെയിൽവേ പോലീസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്‌ഫോമിലെ സിസിടിവി ദൃശ്യങ്ങൾ ആര്‍പിഎഫ് പരിശോധിച്ചു. ഓഗസ്റ്റ് 3-ന് രാത്രി 10മണിക്ക് ഡൽഹിയിലേക്ക് പുറപ്പെട്ട ട്രെയിനിൽ, ആഗ്രയിൽ കണ്ടെത്തിയതിന് സമാനമായ ട്രോളി ബാഗുമായി ഒരു പുരുഷനും സ്ത്രീയും കയറുന്നത് സിസിടിവിയിൽ വ്യക്തമായി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അസം സ്വദേശിയായ മണിക് ഉദ്ദീൻ ലസ്കർ, ഒഡീഷ സ്വദേശി ഭഗവതി മാജി എന്നിവരാണ് ഇവരെന്നും ബോധ്യപ്പെട്ടു. ഇരുവരും താമസിക്കുന്നത് ഗൂഡുവാഞ്ചേരിയിലാണെന്നും കണ്ടെത്തി. പിന്നാലെ തമിഴ്‌നാട് ജി.ആർ.പി സൂപ്രണ്ട് പി. രാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷിച്ച് ഇവിടെയുള്ള വീട്ടിലെത്തി. മസൂതി സ്ട്രീറ്റിലുള്ള വീട്ടിൽ പോലീസ് നടത്തിയ പരിശോധനയില്‍ ബിരിയാണി ചെമ്പിനകത്ത് സ്ത്രീയൂടെ കൂടുതല്‍ ശരീരഭാഗങ്ങള്‍ കണ്ടെത്താന്‍ സാധിച്ചു. കൊല്ലപ്പെട്ട സ്ത്രീ ഇവര്‍ക്കൊപ്പം താമസിച്ചിരുന്നതാണെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
ഇതിനിടെ ഹയാത്തുന്നിസയെ കാണാനില്ലെന്ന് കാണിച്ച് മകൻ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പ്രതികൾക്കായി പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും കൊലപാതകത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.