Image: Manorama, Special Arrangement

  • കേരളത്തില്‍ നിന്നു കാണാതായ ഒഡിഷ പെണ്‍കുട്ടിയെ തേടി കേരള പൊലീസ് നക്സല്‍ മേഖലയില്‍. അര്‍ധരാത്രിയിലെ മിന്നല്‍ നീക്കം, 13കാരിയെ തിരിച്ചെത്തിച്ച് പൊലീസ്

ജീവന്‍ പണയംവച്ച് ഒഡിഷയിലെ നക്സല്‍ ബാധിത മേഖലയില്‍ അര്‍ധരാത്രി നടത്തിയ മിന്നല്‍നീക്കത്തിലൂടെ 13കാരിയെ രക്ഷപ്പെടുത്തി കേരളപൊലീസ്. 4000 കിലോമീറ്ററോളം യാത്ര ചെയ്താണ് കേരളസംഘം കുട്ടിയെ തിരിച്ച് കേരളത്തിലെത്തിച്ചത്. കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ ഒഡിഷ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പ്രത്യേക അന്വേഷണ സംഘം ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിൽ നിന്ന് കണ്ടെത്തിയത്.

Also Read: കുഞ്ഞിന്‍റെ ശരീരത്തില്‍ 96 പരുക്കുകള്‍; കട്ടിലില്‍ നിന്ന് എടുത്ത് എറിഞ്ഞ് രണ്ടും കയ്യും ഒടിച്ചു


ഓഗസ്റ്റ് 13ന് വൈകിട്ട് ആറു മണിയോടെയാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ മകളെ കാണാനില്ലെന്ന പരാതിയുമായി കുറുപ്പംപടി പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതി ലഭിച്ച ഉടൻ സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടി താമസിച്ചിരുന്ന മേതല മേഖലയിലും സമീപ പ്രദേശങ്ങളിലും വ്യാപകമായി പരിശോധന നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. സാങ്കേതികവിദ്യയുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സേലത്തെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശിയായ യുവാവുമായി കുട്ടിക്ക് സൗഹൃദം ഉണ്ടായിരുന്നതായി പൊലീസ് മനസ്സിലാക്കി. 

Also Read: 'ഞാനെന്‍റെ അച്ഛന്‍റെ വീട്ടില്‍'; വിമര്‍ശകര്‍ക്ക് മറുപടിയുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ

കുറുപ്പംപടിയിൽ നിന്നുള്ള പോലീസ് സംഘം സേലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയുമായി സൗഹൃദത്തിലായിരുന്ന യുവാവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നതും അന്വേഷണത്തിന് വെല്ലുവിളിയായി. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഒഡിഷയിലേക്ക് യാത്ര തിരിച്ചു. അന്വേഷണ സംഘം ഓഗസ്റ്റ് 18ന് ഒഡിഷയിലെത്തി. ഒഡിഷയിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടി അലോക് എന്ന യുവാവിനൊപ്പം ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിലുണ്ടെന്ന നിർണായക വിവരം ലഭിച്ചത്.

പ്രദേശം നക്സൽ ബാധിത മേഖലയാണെന്നും അവിടേക്കുള്ള യാത്ര ഏറെ അപകടകരമാണെന്നും പകൽ സമയത്ത് പൊലീസ് വാഹനങ്ങൾ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് പ്രായോഗികമല്ലെന്ന് ബഞ്ചനഗർ പൊലീസ് അറിയിച്ചു. തുടർന്ന് അർധരാത്രിയോടെ പ്രദേശത്തേക്ക് പോകാൻ തീരുമാനിച്ചു. എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിൽ ആയുധധാരികളായ എട്ടു പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തോടൊപ്പം നിയോഗിച്ചു. കുറുപ്പംപടിയിൽ നിന്നുള്ള അന്വേഷണ സംഘത്തിനും സുരക്ഷയ്ക്കായി ആയുധങ്ങൾ നൽകി.

രാത്രി 12 മണിയോടെ വനമേഖലയിലൂടെ ഏകദേശം 40 കിലോമീറ്റർ സഞ്ചരിച്ച് പൊലീസ് സംഘം ലക്ഷ്യസ്ഥാനത്തിന് ഒരു കിലോമീറ്റർ അകലെയായി വാഹനങ്ങൾ നിർത്തി. തുടർന്ന് ഒറ്റനിരയായി കാട്ടിലൂടെ നടന്ന് പ്രദേശത്തേക്ക് പ്രവേശിച്ചു. കാട്ടിനുള്ളിൽ സ്ഥിതിചെയ്യുന്ന അഞ്ച് വീടുകളിൽ അലോകിന്റെ വീട് കണ്ടെത്തുന്നതും ദുഷ്കരമായിരുന്നു. ഒടുവിൽ വീട് തിരിച്ചറിഞ്ഞ് പൊലീസ് സംഘം വീടു വളഞ്ഞു. ഇതിനിടെ സമീപ വീടുകളിലുള്ളവർ ഉണർന്നു. വാക്കുതർക്കത്തിനൊടുവിൽ പൊലീസ് അലോകിനെയും കാണാതായ പെൺകുട്ടിയെയും കണ്ടെത്തുകയായിരുന്നു.

അപകടസാധ്യത നിറഞ്ഞ നക്സൽ ബാധിത പ്രദേശത്ത് നിന്ന് പെൺകുട്ടിയെയും അലോകിനെയും സുരക്ഷിതമായി ബഞ്ചനഗർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഏകദേശം 4,000 കിലോമീറ്റർ സഞ്ചരിച്ച അന്വേഷണ സംഘം പെൺകുട്ടിയുമായി കേരളത്തിലേക്ക് മടങ്ങി. സബ് ഇൻസ്പെക്ടർ കെ.എം അബി, സീനിയർ സിപിഒ മാരായ എൻ.പി ബിന്ദു, അരുൺ കെ. കരുണൻ, രജിത് രാം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

4,000km Journey and Midnight Forest Raid: Kerala Police Rescues 13-Year-Old from Odisha Naxal Belt:

A special team of the Kerala Police traveled approximately 4,000 kilometers to a Naxal-affected area in Odisha to rescue a missing 13-year-old girl. Following a cyber-led investigation, the team tracked the girl to Nabagocha village in the Ganjam district