പോളണ്ടിലും അർമീനിയയിലും ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ അറസ്റ്റിലായ പാർവതി മായ ഷാജിയുടെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാർവതി മായയുടെ നിക്ഷേപങ്ങളിൽ വലിയൊരു പങ്കും വിദേശത്താണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വീസയ്ക്കും ജോലിക്കുമായി ഉദ്യോഗാർഥികളിൽനിന്ന് പണം വാങ്ങിയത് വിദേശ അക്കൗണ്ടുകൾ വഴിയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാർ പണം അയച്ചത് ദുബായിലെ അക്കൗണ്ടിലേക്കാണെന്നാണ് വിവരം. കൊച്ചിയിലെ ഓഫിസ് ഉൾപ്പെടെ സ്ഥാപനത്തിന്റെ വിവിധ ബ്രാഞ്ചുകൾക്ക് ആവശ്യമായ ലൈസൻസുകൾ ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. Also Read: തീ പിടിച്ച ബസില്‍ നിന്ന് അമ്മയ്ക്ക് പുറത്തുകടക്കാന്‍ കഴിഞ്ഞില്ല; തനിച്ച് രക്ഷപെടാതെ മകന്‍; നോവ്
തട്ടിപ്പിനിരയായവരിൽ ചിലർ പരാതി നൽകിയതിന് പിന്നാലെ പണം തിരികെ നൽകി കേസ് ഒത്തുതീർപ്പാക്കാനും ശ്രമം നടന്നതായും വിവരമുണ്ട്. ഇതിനിടെ പാർവതി മായ ഷാജിക്കെതിരെ കൂടുതൽ പേർ പരാതികളുമായി രംഗത്തെത്തി. വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് വിവിധ ഘട്ടങ്ങളിലായി ലക്ഷങ്ങൾ വാങ്ങിയെന്നാണ് പരാതിക്കാരുടെ ആരോപണം. പോളണ്ടിലും അർമീനിയയിലും ജോലി ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്ന പരാതികളിലാണ് അന്വേഷണം. കൂടുതൽ പരാതികൾ ലഭിച്ചതോടെ സാമ്പത്തിക ഇടപാടുകളും വിദേശത്തുള്ള അക്കൗണ്ടുകളും കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് പൊലീസ് നീക്കം..
പോളണ്ടിലും അർമീനിയയിലും ജോലി ലഭ്യമാക്കാമെന്ന് പറഞ്ഞ് വിവിധ ഘട്ടങ്ങളിലായി ലക്ഷക്കണക്കിന് രൂപ ഈടാക്കിയെന്നാണ് ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ പാർവതി മായ ഷാജിക്കെതിരെ നിരവധി പേർ പരാതി നൽകിയത്. വെള്ളിയാഴ്ച മാത്രം ഇരുപതിലേറെ പുതിയ പരാതികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പരാതികള്‍ പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കേസില്‍ അറസ്റ്റിലായ പാര്‍വതി മായയെ ഇന്ന് ഉച്ചവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്. വിദേശത്തുള്ള മറ്റ് പ്രതികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചു.
പാര്‍വതി മായയുടെ പങ്കാളി അനീഷ് മേനോനും കേസില്‍ പ്രതിയാണ്. ഇയാൾ ഉള്‍പ്പെടെയുള്ള നാല് പ്രതികളെ വിദേശത്തുനിന്ന് നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളാണ് അന്വേഷണ സംഘം ഊർജിതമാക്കിയത്. വിദേശത്തുനിന്ന് മടങ്ങിയെത്തിയ പാര്‍വതിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്.