കണ്ഠരര് എന്നാല്‍ സ്ഥാനപ്പേരെന്നാണ് അര്‍ഥം. കണ്ഠര് മഹേശ്വരര്, കണ്ഠര് മോഹനര്, കണ്ഠര് മഹേഷ് മോഹനര്, കണ്ഠര് രാജീവര് എന്നിവ ഉദാഹരണങ്ങളാണ്. ശബരിമല തന്ത്രിമാരായി ചുമതലയുണ്ടായിരുന്നവരുടെ പട്ടികയില്‍ പുതുതായി ഇടംപിടിച്ച കണ്ഠര് ബ്രഹ്മദത്തനെ എന്തുകൊണ്ട് ബ്രഹ്മദത്തനര് എന്ന് വിളിക്കുന്നില്ല.
ആര്‍ക്കും തോന്നാവുന്ന സംശയമാണത്. എല്ലാ പേരുകളുടെയും ഒടുവില്‍ ര് എന്നത് സ്ഥാനപ്പേരാണോ. അല്ലെന്ന് മാത്രമല്ല കണ്ഠര് എന്നതാണ് സ്ഥാനപ്പേര്. പിതാവില്‍ നിന്നും പുത്രനിലേക്ക് താന്ത്രിക ചുമതല കൈമാറുമ്പോള്‍ പേരിനൊപ്പം ചേര്‍ത്തവരുടെ ര് എന്നത് ബ്രഹ്മദത്തന്‍റെ കാര്യത്തിലുണ്ടായില്ല. കണ്ഠര് രാജീവര് മകന്‍ ബ്രഹ്മദത്തന്‍ എന്നാണ് വിദ്യാഭ്യാസ രേഖകളിലുള്ളത്. രാജീവരുടെ മകനായ ബ്രഹ്മദത്തന്‍റെ പേരിനൊപ്പം രാജീവരും അനുബന്ധമായി ചേര്‍ത്തിരുന്നില്ല. ഇതോടെ കണ്ഠര് ബ്രഹ്മദത്തനെന്ന് മാത്രമായി വിളിപ്പേര് വരും.
ശബരിമല സാക്ഷിയാവുന്നത് തലമുറ മാറ്റത്തിന്
കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകുന്നതോടെ അയ്യപ്പ സന്നിധിയിൽ താന്ത്രിക കർമങ്ങളുടെ തലമുറ മാറ്റമാണു പൂർണമാകുന്നത്. താഴമൺ തന്ത്രിമാർക്ക് ശബരിമലയിൽ പാരമ്പര്യ അവകാശമാണുള്ളത്. മഠത്തിലെ അംഗങ്ങൾ ചേർന്നുണ്ടാക്കിയ ധാരണ അനുസരിച്ച് ചിങ്ങം ഒന്നു മുതൽ ഓരോ വർഷവും തന്ത്രിമാർ മാറി വരും. കണ്ഠര് രാജീവരുടെ മകനാണ് ബ്രഹ്മദത്തൻ. കണ്ഠര് മോഹനരുടെ മകനാണ് ഇപ്പോഴത്തെ തന്ത്രി മഹേഷ് മോഹനര്. കണ്ഠര് രാജീവരുടെയും കണ്ഠര് മോഹനരുടെയും മുത്തച്ഛന്മാർ സഹോദരങ്ങളാണ്
പദവിയും പ്രായവും തുല്യം
ചിങ്ങം ഒന്ന് മുതല്‍ ഒരുവര്‍ഷത്തേക്ക് കണ്ഠര് ബ്രഹ്മദത്തന്‍. തുടര്‍ന്ന് അടുത്തവര്‍ഷം കണ്ഠര് മഹേഷ് മോഹനര്. ശബരിമല തന്ത്രിയെന്ന പദവി. പ്രായം ഇരുവര്‍ക്കും മുപ്പത്തി ഒന്ന് വയസ്. പദവിയും പ്രായവും തുലനം ചാര്‍ത്തുന്നത് യാദൃശ്ചിക നിയോഗമാവാം. കേസിനെ തുടർന്നാണ് കണ്ഠര് മോഹനര്‍ക്ക് ദേവസ്വം ബോർഡ് ശബരിമലയിൽ വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഇതെത്തുടര്‍ന്ന് കണ്ഠര് മഹേശ്വരരുടെ പിൻഗാമിയായാണു മഹേഷ് മോഹനര് ശബരിമല തന്ത്രിയായത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായി ജയില്‍വാസം അനുഭവിച്ച സാഹചര്യത്തിലാണ് കണ്ഠര് രാജീവര് ആരോഗ്യപ്രശ്നം പറഞ്ഞ് തന്ത്രിസ്ഥാനം ഒഴിയുന്നുവെന്ന് കാട്ടി ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയത്. പിന്നാലെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമലയുടെ താന്ത്രിക സ്ഥാനത്ത് എത്തുകയായിരുന്നു.
കണ്ഠര് മഹേഷ് മോഹനരും, കണ്ഠര് ബ്രഹ്മദത്തനും ബിരുദാനന്തര ബിരുദധാരികള്‍
ആലുവ തന്ത്ര വിദ്യാ പീഠത്തിൽ താന്ത്രിക പണ്ഡിതൻ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിയിൽ നിന്നാണു തന്ത്രി കണ്ഠര് മഹേഷ് മോഹനര് തന്ത്രം അഭ്യസിച്ചത്. ആറന്മുള മലക്കരയിലെ ആത്മാനന്ദ മെമ്മോറിയൽ ഇന്‍റര്‍ നാഷണൽ സ്കൂളിലായിരുന്നു പഠനം. ചെന്നൈ മൈലാപ്പൂര്‍ വിവേകാനന്ദ കോളജിൽ നിന്ന് ബികോം ബിരുദം. ചെന്നൈ മദ്രാസ് സംസ്കൃത കോളജിൽ എം.എ (സംസ്കൃതം) വിദ്യാർഥി ആയിരിക്കെയാണു മുത്തച്ഛൻ കണ്ഠര് മഹേശ്വരരുടെ അനാരോഗ്യത്തെ തുടർന്ന് 2015 ൽ സന്നിധാനത്തിൽ എത്തി താന്ത്രിക കർമങ്ങൾ ഏറ്റെടുക്കേണ്ടി വന്നത്. ശബരിമലയിലെ ഏറ്റവും പ്രായം കുറഞ്ഞ തന്ത്രി എന്ന ബഹുമതിയും മഹേഷിനായിരുന്നു. 2015 ഒക്ടോബറിൽ പതിനെട്ടാംപടി പഞ്ചലോഹം പൊതിഞ്ഞു സമർപ്പിക്കുന്ന ചടങ്ങിൽ കാർമികത്വം വഹിക്കാനും കഴിഞ്ഞു. ശബരിമലയിലെ താന്ത്രിക ചുമതലയില്ലാത്ത ദിവസങ്ങളിൽ കോളജിൽ എത്തിയാണ് പഠനം പൂർത്തിയാക്കിയത്.
ബെംഗളൂരു ക്രൈസ്റ്റ് കോളജിൽ നിന്നു ബിബിഎ, എൽഎൽബി നേടി. കോട്ടയം ജില്ലാ കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. രണ്ടര വർഷം ബെംഗളൂരുവിലെ സ്വകാര്യ കൺസൽറ്റിങ് കമ്പനിയിൽ അനലിസ്റ്റായി ജോലി നോക്കി. പിന്നീട് സ്കോട്‌ലൻഡിൽ ആയിരുന്നു എൽഎൽഎം പഠനം. തിരിച്ചെത്തി ഹൈദരാബാദിലെ കമ്പനിയിൽ ജോലി നോക്കുമ്പോഴാണ് അച്ഛന്റെ നിർദേശപ്രകാരം താന്ത്രിക നിയോഗം ഏറ്റെടുക്കാനായി 2023ൽ ജോലി രാജിവച്ചു സന്നിധാനത്തേക്കു മല കയറിയത്. ശബരിമല, ഏറ്റുമാനൂർ ക്ഷേത്രങ്ങളിലെ കൊടിമര പ്രതിഷ്ഠയ്ക്കു സഹകാർമികനായി. പിതാവിനു താന്ത്രിക അവകാശമുള്ള എല്ലാ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠയ്ക്കും മറ്റു പൂജകൾക്കും ബ്രഹ്മദത്തനാണ് എത്തുന്നത്.
ശബരിമലയിലെ പൂജാവിധികള്‍ ബ്രഹ്മദത്തന് പരിചിതം
പിതാവ് കണ്ഠര് രാജീവർക്ക് ഒപ്പം ബ്രഹ്മദത്തൻ രണ്ട് വർഷം ശബരിമലയിൽ മണ്ഡലപൂജ, മകര സംക്രമപൂജ, തിരുവാഭരണം ചാർത്തി ദീപാരാധന, ഉത്സവം തുടങ്ങിയ എല്ലാ പൂജകൾക്കും മുഖ്യകാർമികത്വം വഹിച്ചു. തന്ത്ര വിദ്യാപീഠത്തിൽ നിന്നു ബ്രഹ്മദത്തൻ 11 വർഷം മുൻപ് പൂജാ പഠനം പൂർത്തിയാക്കി. ആചാരപ്രകാരം ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ചടങ്ങുകളും നടത്തിയാണ് സന്നിധാനത്തിൽ പിതാവിനൊപ്പം സഹകർമികനായി എത്തിയത്. പിന്നീട് മികവോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകുന്ന നിലയിലെത്തി.
ഈ മികവ് കണക്കിലെടുത്താണ് ബ്രഹ്മദത്തനു തന്ത്രിയുടെ ചുമതല വഹിക്കാനുള്ള പ്രാഗൽഭ്യവും അനുഭവസമ്പത്തുമുണ്ടെന്ന് അക്കീരമൺ കാളിദാസൻ ഭട്ടതിരി, തറയിൽ കുഴിക്കാട് അഗ്നിശർമൻ വാസുദേവൻ ഭട്ടതിരി, കടിയകോൽ സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവരുടെ സമിതി ശുപാർശ ചെയ്തത്. ദേവസ്വം ബോർഡ് യോഗം ചേര്‍ന്ന് പേര് അംഗീകരിച്ചു. ഇക്കാര്യം നാളെ ഹൈക്കോടതിയെ അറിയിക്കും.ചിങ്ങമാസ പൂജയ്ക്കായി ഓഗസ്റ്റ്16ന് നട തുറക്കുമ്പോൾ താന്ത്രിക കർമത്തിന്റെ നിയോഗവുമായി കണ്ഠര് ബ്രഹ്മദത്തൻ സന്നിധാനത്തുണ്ടാകും.