അടുത്ത മണ്ഡലകാലത്ത് മകനെ തന്ത്രിയാക്കണമെന്ന കണ്ഠര് രാജീവരുടെ കത്തില്‍ തീരുമാനം എടുക്കാതെ ദേവസ്വം ബോര്‍ഡ്. കത്തില്‍ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്‍റെ അഭിപ്രായം തേടാനാണ് തീരുമാനം.ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തന്ത്രി ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയത്. ചിങ്ങം ഒന്നുമുതല്‍ ഒരുവര്‍ഷക്കാലം തന്ത്രി കണ്ഠര് രാജീവരാണ് ശബരിമലയുടെ താന്ത്രിക ചുമതല ഏല്‍ക്കേണ്ടത്. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ തനിക്ക് കഴിയില്ലെന്നും പകരം മകന്‍ കണ്ഠര് ബ്രഹ്മദത്തനെ ചുമതല ഏല്‍പ്പിക്കണം എന്നുമാണ് കത്ത്. കേസില്‍ ഉള്‍പ്പെട്ടതിനാല്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ കൂടിയാണ് കത്ത് നല്‍കിയത്.
ഇന്നലെ ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗം ഇക്കാര്യത്തില്‍ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്‍റെ അഭിപ്രായം തേടാന്‍ തീരുമാനിച്ചു. ശബരിമല സ്പെഷല്‍ കമ്മിഷണര്‍ വഴി തന്ത്രിയുടെ ആരോഗ്യപ്രശ്നങ്ങളടക്കം കോടതിയെ അറിയിക്കും. ശബരിമല മേല്‍ശാന്തി അഭിമുഖത്തിലെ ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ തന്ത്രി മഹേഷ് മോഹനരും,രാജീവരുമാണ് കഴിഞ്ഞ വര്‍ഷം വരെ പങ്കെടുത്തിരുന്നത്. അടുത്ത മണ്ഡലകാലത്തേക്കുള്ള മേല്‍ശാന്തി തിരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിയതിനാല്‍ തന്ത്രിയുടെ കാര്യത്തില്‍ തീരുമാനം വൈകാന്‍ കഴിയില്ല.
2024 – 25 മണ്ഡലകാലത്ത് പിതാവിനൊപ്പം ബ്രഹ്മദത്തനും തന്ത്രിയുടെ ചുമതലയില്‍ ശബരിമല സന്നിധാനത്ത് ഉണ്ടായിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ വന്നതോടെയാണ് അഭിഭാഷകന്‍ കൂടിയായ ബ്രഹ്മദത്തനെ വിദേശത്ത് നിന്ന് ശബരിമലയുടെ ചുമതല ഏല്‍ക്കാനായി നാട്ടിലേക്ക് വിളിച്ചു വരുത്തിയത്. രാജീവരുടെ മകനെ തന്ത്രിയായി നിയോഗിക്കുന്നതില്‍ തടസങ്ങളുണ്ടാവില്ല എന്നാണ് ദേവസ്വം ബോര്‍ഡ് കരുതുന്നത്.