ജയോണ ജയിംസിനെ ഗവണ്‍മെന്‍റ് പ്ലീഡറാക്കിയതിനെതിരെ കെഎസ്യു ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ തള്ളി സര്‍ക്കാര്‍. ജയോണയുടെ നിയമനം പാര്‍ട്ടി നടപടി പ്രകാരമെന്നും കണ്ണൂരിലെ പ്രധാന നേതാക്കളാണ് ശുപാര്‍ശ ചെയ്തതെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. അതിനിടെ പരാതി ഉണ്ടങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് മന്ത്രി റോജി എം.ജോണ്‍ പറഞ്ഞു.
2015 കാലത്ത് ലോ കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന ജയോണയെ ഗവണ്‍മെന്‍റ് പ്ലീഡറാക്കിയതിനെതിരെ രൂക്ഷമായ ഭാഷയിലാണ് കെഎസ്യു പ്രതികരിച്ചത്. പക്ഷേ ആ ആരോപണത്തില്‍ വലിയ കഴമ്പില്ലെന്നാണ് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്‍റെയും നിലപാട്. ജയോണ പണ്ട് എസ്എഫ്ഐ ആയിരുന്നെങ്കിലും 2022 മുതല്‍ കോണ്‍ഗ്രസ് അഭിഭാഷകരുടെ സംഘടനയായ ലോയേഴ്സ് കോണ്‍ഗ്രസ് അംഗമാണ്. പാര്‍ട്ടി നടപടികള്‍ പാലിച്ചാണ് നിയമനം. കണ്ണൂരിലുള്ള മുതിര്‍ന്ന നേതാവാണ് ജയോണക്കായി ശുപാര്‍ശ ചെയ്തതെന്നും വിശദീകരിക്കുന്നു. അതിനാല്‍ നിയമനം തിരുത്തേണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിനിടെ തീരുമാനത്തില്‍ അപാകതയുണ്ടെങ്കില്‍ തിരുത്തുമെന്നും പ്രവര്‍ത്തകരുടെ അധ്വാനത്തിന്‍റെ ഫലമാണ് സര്‍ക്കാരെന്നും പറഞ്ഞ് റോജി എം.ജോണ്‍ കെഎസ്യുവിന് ഒപ്പം ചേര്‍ന്നു.
ഇതിനിടെ പ്ലീഡര്‍ നിയമനത്തില്‍ സിപിഎമ്മും ഗുരുതര ആരോപണവുമായെത്തി. 2008–09 കാലയളവില്‍ തൃശൂരിലെ ലോ കോളജിലെ എബിവിപി നേതാവായിരുന്ന ശരത്തിന്‍റെ നിയമനമാണ് വിവാദമായിരിക്കുന്നത്. ശരത് ഇപ്പോഴും ബിജെപിക്കാരനാണെന്നും മുഹമ്മദ് റിയാസ് ആരോപിക്കുന്നു.