നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി. തിങ്കളാഴ്ച പുലർച്ചെയോടെയാണ് ദിലീപ് സന്നിധാനത്ത് എത്തിയത്. കറുപ്പ് മുണ്ടും ഷർട്ടും ധരിച്ചാണ് ദിലീപ് എത്തിയത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ കൂപ്പൺ വിതരണോദ്ഘാടനത്തിൽനിന്ന് ദിലീപിനെ ഒഴിവാക്കിയത് വാർത്തയായിരുന്നു.
താന്‍ അമ്മയ്ക്ക് വേണ്ടിയാണ് മലകയറിയതെന്നും അമ്മയുടെ ആരോഗ്യാവസ്ഥ മോശമാണെന്നും ദിലീപ് പറഞ്ഞു. ഗോപാലകൃഷ്ണൻ, ഉത്രാടം എന്ന നാളിലാണ് ദിലീപ് ഉച്ച പൂജക്കു ടിക്കറ്റ് എടുത്തത്. ഒപ്പമുള്ളവർക്കൊപ്പം പൊൻകുന്നത്തു നിന്ന് കെട്ടു മുറുക്കിയാണ് നടൻ എത്തിയത്. ‘അമ്മയ്ക്കു തീരെ വയ്യ. മൂന്നു തവണ വീണു. ആരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്. നോക്കാനായി ഒരാളെ ഏൽപിച്ചിട്ടുണ്ട്. അമ്മയ്ക്കു വേണ്ടി ഉച്ചപൂജാ സമയത്ത് പ്രത്യേകം പ്രാർഥിക്കണമെന്നു തന്ത്രി കണ്ഠര് മഹേഷ് മോഹനരോട് അഭ്യർഥിക്കാനാണ് കാത്തു നിന്നത്’ ദിലീപ് പറഞ്ഞു.
കഴിഞ്ഞതവണ ദിലീപ് ശബരിമലയിൽ എത്തിയപ്പോൾ വിഐപി പരിഗണന നൽകിയിരുന്നു. പത്തുമിനിറ്റിലധികം ശ്രീകോവിലിന് മുമ്പിൽ ദിലീപ് ചെലവഴിച്ചത് വിവാദമായിരുന്നു. ഹൈക്കോടതിയടക്കം വിഷയത്തിൽ ഇടപെട്ട് വിമർശനമുന്നയിച്ചിരുന്നു