പത്തനംതിട്ട വടശ്ശേരിക്കരയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. ആന്ധ്രയില്‍ നിന്നുള്ള നാല് തീര്‍ഥാടകര്‍ക്ക് പരുക്ക്. ഇവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ കൊല്ലം നിലമേലില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ടുപേർക്ക് ദാരുണാന്ത്യം സംഭവിച്ചായിരുന്നു. തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന തിരുവനന്തപുരം പൂജപ്പുര പുന്നമുകള്‍ സ്വദേശികളായ ബിച്ചു ചന്ദ്രന്‍, സതീഷ് എന്നിവരാണ് മരിച്ചത്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍പെട്ടത്. കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസുമായാണ് കാര്‍ കൂട്ടിയിടിച്ചത്.

അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് ഒരാളെ പുറത്തെടുത്തത്. കാറിലുണ്ടായരുന്ന മൂന്നുപേരെയും വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതം ചെറിയ തോതില്‍ തടസപ്പെട്ടിരുന്നു. ചടയമംഗലം പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് കാര്‍ റോഡില്‍നിന്നും മാറ്റിയത്. ഇതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.

ENGLISH SUMMARY:

Sabarimala pilgrimage accident occurred in Pathanamthitta, injuring Andhra pilgrims. The injured were admitted to Ranni Taluk Hospital.