ഭാഗ്യം എന്ന വാക്കിന് ഇതിലും വലിയൊരു ഉദാഹരണം വേറെയില്ലെന്ന് തോന്നും, കൊല്ലത്ത് നിന്നുള്ള ഈ വിഡിയോ കണ്ടാല്‍. ചങ്കിടിപ്പേറ്റുന്ന ഈ ദൃശ്യം പരവൂര്‍– പാരിപ്പള്ളി റോഡില്‍ അമ്മാരത്ത് മുക്കില്‍ നിന്നുള്ളതാണ്. സ്വകാര്യ ബസിനടിയില്‍പ്പെട്ട സ്ത്രീ അദ്ഭുതകരമായി രക്ഷപ്പെടുന്ന വിഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്.

താരതമ്യേന കുറഞ്ഞ വേഗതയിലാണ് ബസ് പോകുന്നത്. ബസിന്റെ ബ്ലൈന്‍ഡ് സ്പോട്ടിലൂടെയാണ് സ്ത്രീ ബസിനു മുന്‍വശത്തേക്ക് കയറുന്നത്. ബസ് തട്ടിയ ഉടന്‍ ഇവര്‍ റോഡില്‍ വീഴുന്നതാണ് ദൃശ്യങ്ങളില്‍ കാണാനാവുക. ബസിനടിയിലേക്ക് വീണതുകൊണ്ടു മാത്രം രക്ഷപ്പെട്ടുവെന്ന് പറയാം. ബസ് കടന്നുപോയ ശേഷം ഇവര്‍ പതിയെ ചരിഞ്ഞുമാറുന്നതും ദൃശ്യങ്ങളിലുണ്ട്. കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനുള്ള സീബ്രാലൈനിന് തൊട്ടുമുന്‍പാണ് ഇവര്‍ ബസ് വരുന്നതുപോലും ശ്രദ്ധിക്കാതെ കടന്നുവരുന്നത്.

വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ സ്ത്രീക്ക് നേരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ബ്ലൈന്‍ഡ് സ്പോട്ടിലൂടെ ബോധമില്ലാതെ കയറിവന്നുവെന്നും ഡ്രൈവറെ കുറ്റം പറയാനാവില്ലെന്നും പ്രതികരണങ്ങളുണ്ട്. വണ്ടിയുടെ മുന്‍പിലേക്ക് എടുത്ത ചാടിയതുപോലെയല്ലേ തോന്നുന്നതെന്നും റോഡിലേക്ക് ഇറങ്ങുമ്പോള്‍ പത്ത് തവണ ചിന്തിക്കണമെന്നും ചിലര്‍ ഓര്‍മപ്പെടുത്തുന്നു.

അതേസമയം ചേച്ചി മുന്‍പേ നടന്നുവരുന്നത് ഡ്രൈവര്‍ കണ്ടില്ലേയെന്നും ഇടത്തോട്ട് മാത്രം നോക്കി വണ്ടിയോടിക്കാന്‍ ഡ്രൈവര്‍ രാജമാണിക്യത്തിലെ മമ്മൂട്ടിയാണോ എന്നതുള്‍പ്പെടെ ചോദ്യങ്ങളുണ്ട്. കാലന്‍ മറ്റെവിടെയോ പോയതുകൊണ്ട് ചേച്ചി രക്ഷപ്പെട്ടുവെന്നു നര്‍മം ചാലിച്ചുള്ള കമന്റുകളും വിഡിയോക്ക് താഴെ കാണാം. ഏതായാലും തെറ്റ് ആരുടെ ഭാഗത്തായാലും ആ സ്ത്രീയുടെ ജീവന്‍ രക്ഷപ്പെട്ടുവെന്നത് വലിയ ആശ്വാസമാണ്. 

 

 

Woman's Miraculous Escape from Bus Accident in Kollam:

A woman in Kollam miraculously survived a bus accident after falling under the wheels, an incident that has gone viral. The shocking footage shows the woman narrowly escaping serious injury, prompting widespread discussion about pedestrian safety and driver responsibility.