ചൈനീസ് തലസ്ഥാനമായി ബെയ്‌ജിങ്ങിൽ പടുകൂറ്റന്‍ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ചെറുവിമാനം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. ബെയ്‌ജിങ്ങിലെ തന്നെ ഏറ്റവും ഉയരമുള്ള കെട്ടിടമായ, 109 നിലകളുള്ള 'സിറ്റിക് ടവർ' (CITIC Tower - ചൈന സുൻ) എന്ന കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചുകയറിയത്. അപകടത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കെട്ടിടത്തിൽ വിമാനം ഇടിച്ചുകയറിയതിനെ തുടർന്ന് അവശിഷ്ടങ്ങൾ താഴേക്ക് പതിക്കുന്നതും വിമാനത്തിന്‍റെ വാല്‍ ഭാഗം തകർന്നുവീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. നിലത്തുണ്ടായിരുന്ന ഒരു ടാക്സി കാറിന്‍റെ ചില്ലുകളും അവശിഷ്ടങ്ങൾ വീണ് തകർന്നിട്ടുണ്ട്. കെട്ടിടത്തിൽ നിന്ന് ആളുകളെ പൂർണമായി ഒഴിപ്പിച്ചു. നിരവധി ഫയർ എന്‍ജിനുകളും പൊലീസ് വാഹനങ്ങളും ആംബുലൻസുകളും സംഭവസ്ഥലത്തുണ്ട്. അതേസമയം, അപകടകാരണമോ ആളപായമോ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ചൈനീസ് അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അപകടത്തിൽപ്പെട്ട വിമാനത്തിന്‍റെ രജിസ്‌ട്രേഷൻ കോഡ് പ്രകാരം ചൈനയിൽ തന്നെ നിർമിച്ച 'സൺവേർഡ് എസ്.എ 60എൽ അറോറ' (Sunward SA 60L Aurora) എന്ന ലൈറ്റ് സ്പോർട്സ് വിമാനമാണ് ഇതെന്നാണ് പ്രാഥമിക സൂചന. ഒരു പ്രാദേശിക ജനറൽ ഏവിയേഷൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വിമാനം. സഞ്ചാര പാതയിൽ നിന്ന് വിമാനം പൂർണമായും വ്യതിചലിച്ചതായതാണ് ഫ്ലൈറ്റ്‌റഡാർ24-ൽ നിന്നുള്ള ഡാറ്റകള്‍ കാണിക്കുന്നത്.
അതേസമയം, ലോകത്തിലെ ഏറ്റവും ശക്തമായ സുരക്ഷാ വലയമുള്ള നഗരങ്ങളിലൊന്നായ ബെയ്ജിങ്ങിലെ അപകടം വൻ സുരക്ഷാ ആശങ്കയാണ് ഉയർത്തുന്നത്. കർശനമായ വ്യോമ സുരക്ഷാ നിയമങ്ങളുള്ള ബെയ്‌ജിങിന്‍റെ നഗര മധ്യത്തിൽ അപകടം ഉണ്ടായത് അധികൃതരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ മേയ് 1 മുതൽ നിയന്ത്രണങ്ങളുടെ ഭാഗമായി ബെയ്‌ജിങ് നഗരപരിധിയിൽ ഡ്രോണുകൾ വാങ്ങുന്നതിനും പറത്തുന്നതിനും സർക്കാർ കടുത്ത വിലക്കേർപ്പെടുത്തിയിരിക്കുകയായിരുന്നു. ഇതിനിടയിലാണ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു കോർപ്പറേറ്റ് മന്ദിരത്തിലേക്ക് ചെറുവിമാനം ഇടിച്ചുകയറിയത്.