തമിഴ്‌നാട് മാനവവിഭവശേഷി വകുപ്പ് മന്ത്രി ഡി.ശരത്കുമാർ ലഹരി മരുന്ന് ഉപയോഗിക്കുന്നു എന്നതരത്തില്‍ പ്രചരിച്ച വിഡിയോക്ക് പിന്നാലെ വിശദീകരണവുമായി മന്ത്രി. രണ്ട് വര്‍ഷം മുന്‍പ് വൈറലായ വിഡിയോയാണ് വീണ്ടും പ്രചരിക്കുവന്നത്. ഈ വിഡിയോ അടിസ്ഥാനമാക്കി ലഹരുമരുന്ന് ഉപയോഗിച്ച് എന്നാരോപിച്ച് ശരത് കുമാറിനെതിരെ പരാതി ഉണ്ടായിരുന്നു. ഇതിലാണിപ്പോള്‍ മന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്.
ചെന്നൈയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഐപിഎല്‍ മല്‍സരത്തിനിടെയാണ് സംഭവം. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മല്‍സരം കാണാനെത്തിയതായിരുന്നു ശരത് കുമാറും കുടുംബവും. ഗാലറിയില്‍ ഇരുന്ന് ശരത് കുമാര്‍ കയ്യില്‍വച്ച് എന്തോ പെടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആരോ പകര്‍ത്തി സമൂഹമാധ്യമത്തിലിട്ടു. ലഹരിയാണിതെന്ന രീതിയില്‍ വിഡിയോ വൈറലാകുകയായിരുന്നു. വിഡിയോയില്‍ മൊബൈൽ ഫോൺ സ്ക്രീനിൽ വെച്ച് എ.ടി.എം കാർഡ് ഉപയോഗിച്ച് മന്ത്രി എന്തോ പെടിക്കുന്നതായി കാണാം. ഇതിനൊപ്പം ഒരു 500 രൂപ നോട്ടും ദൃശ്യങ്ങളിലുണ്ട്. വർഷങ്ങൾക്ക് മുൻപ് മന്ത്രി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ 'ക്ലോസ് ഫ്രണ്ട്സ്' ലിസ്റ്റിലുള്ളവർക്കായി ‘തഗ് ലൈഫ്’ എന്നെഴുതി പങ്കുവച്ച വിഡിയോയാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ അത് ലഹരിമരുന്ന് അല്ലെന്നും തന്റെ മകളുടെ മരുന്നാണെന്നുമാണ് മന്ത്രിയുടെ വിശദീകരണം. മകള്‍ക്ക് സുഖമില്ലാതെ വന്നപ്പോള്‍ ഗുളിക പൊടിച്ച് നല്‍കിയതാണ്. ഇതിന്റെ ദൃശ്യങ്ങളാണ് തെറ്റായ രീതിയില്‍ പ്രചരിച്ചതെന്നും മന്ത്രി പറയുന്നു. ‘അന്ന് ഒന്നര വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മകൾക്ക് സുഖമില്ലായിരുന്നു. ഭാര്യ ഗുളിക നൽകാൻ ശ്രമിച്ചെങ്കിലും കുട്ടി അത് തുപ്പിക്കളഞ്ഞു. തുടർന്നാണ് ഗുളിക നന്നായി പൊടിച്ച് വെള്ളത്തിൽ കലക്കി നൽകാൻ ഡോക്ടർ നിർദ്ദേശിച്ചത്. ഗുളിക പൊടിക്കാൻ താനാണ് ആവശ്യപ്പെട്ടത്. സുഹൃത്തുക്കളിൽ ആരോ ഒരാളാണ് അന്ന് ആ വിഡിയോ എടുത്തത്. ഇപ്പോൾ മോശം ഉദ്ദേശത്തോടെ തെറ്റായ രീതിയിൽ ഈ വിഡിയോ പ്രചരിപ്പിക്കുകയാണ്’- മന്ത്രി പറഞ്ഞു. ഭാര്യയ്ക്കും മകൾക്കുമൊപ്പമുള്ള വിശദീകരണ വിഡിയോയാണ് മന്ത്രി പങ്കുവച്ചിരിക്കുന്നത്.
ചെന്നൈ താംബരം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് ശരത്കുമാർ. കഴിഞ്ഞ മാസമാണ് സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ മാനവവിഭവശേഷി മന്ത്രിയായി ചുമതലയേറ്റത്. കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ലഹരിക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനുമായി മുഖ്യമന്ത്രി വിജയ് ഒരു മാരത്തണിൽ പങ്കെടുത്ത അതേദിവസം തന്നെയാണ് മന്ത്രിയുടെ ഈ വിഡിയോയും പ്രചരിക്കാന്‍ ആരംഭിച്ചത്.
അതേസമയം, സംഭവത്തില്‍ മന്ത്രി ലഹരിമരുന്ന് ഉപയോഗിക്കുകയാണെന്ന് ആരോപിച്ച്, അദ്ദേഹത്തിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. ആളുകൾ ലഹരിമരുന്ന് ഉപയോഗിക്കുന്നതിന് സമാനമായ രീതിയിലാണ് വിഡിയോ എന്ന് ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈ എക്സിൽ കുറിച്ചു. മുഖ്യമന്ത്രി വിജയ് ലഹരി മാഫിയക്കെതിരെ കടുത്ത പോരാട്ടത്തിലാണ്. അതുകൊണ്ടു തന്നെ തന്റെ മന്ത്രിസഭയിലെ അംഗത്തിനെതിരെ ഉയർന്ന ഈ സംശയത്തിൽ വ്യക്തത വരുത്താൻ അദ്ദേഹം ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.