സാഖേഷ് കൂമ്പാളി
17-കാരിയെ പീഡിപ്പിച്ചകേസിൽ ഒന്നരമാസമായി ഒളിവിലായിരുന്ന അന്തർസംസ്ഥാന ലഹരിശൃംഖലയിലെ പ്രധാന കണ്ണി സാഖേഷ് കൂമ്പാളി കഴിഞ്ഞ ദിവസമാണ് പിടിയിലായത്. സാഖേഷ് കൂമ്പാളിയുടെ ലഹരി ഇടപാടുകൾക്ക് സംരക്ഷണം ഒരുക്കിയിരുന്നത് ബോക്സർമാരെന്ന് പൊലീസ്. ലഹരി വാങ്ങിയ ശേഷം പണം നൽകാതെ മുങ്ങുന്നവരെ ബോക്സർമാരെ ഉപയോഗിച്ച് ക്രൂരമായി മർദിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സാഖേഷിന്‍റെ ഫോൺവിളികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നഗരത്തിലെയും പരിസരങ്ങളിലെയും ചില ബോക്സർമാരുമായുള്ള ബന്ധം പോലീസിന് വ്യക്തമായത്. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. Also Read: നടി നികിത റാവലിനെ ബലമായി ചുണ്ടില്‍ ചുംബിച്ച് ആരാധിക; ഞെട്ടല്‍; വിഡിയോ .
സാഖേഷ് കൂമ്പാളി ഒരു ദിവസം 50,000 മുതൽ 75,000 രൂപയുടെ വരെ ലഹരി ഇടപാട് നടത്തിയിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ലഹരി വാങ്ങിയ ശേഷം പണം നൽകാതെ മുങ്ങിയ ഇടപാടുകാരനെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ കണ്ട് സാഖേഷ് ആസ്വദിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മർദനമേറ്റയാളെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. മുക്കം–കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത്, കുഴൽപ്പണ സംഘങ്ങളാണ് ലഹരിക്കായി പണം മുടക്കുന്നതെന്ന സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. Also Read: 'എല്ലാവരും സംശയിച്ചു, എന്നെ വിശ്വസിച്ചത് ഒരേയൊരാള്‍'; വേദിയില്‍ വിതുമ്പി ഗീതു മോഹന്‍ദാസ് .
തമിഴ് സിനിമയിലെ ‘റോളക്സ്’ എന്ന കഥാപാത്രത്തിന്‍റെ മാതൃകയിൽ ‘ഡോൺ’ എന്ന പ്രതിച്ഛായ സൃഷ്ടിച്ചാണ് ഇയാൾ സാമൂഹ മാധ്യമങ്ങളിൽ സാന്നിധ്യം അറിയിച്ചിരുന്നത് . സാമൂഹ മാധ്യമങ്ങളിലൂടെ പെൺകുട്ടികളെ പരിചയപ്പെട്ട് പ്രണയം നടിക്കുകയും തുടർന്ന് ലഹരി നൽകുകയും പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്ത ശേഷം ഇവരെ ലഹരി കടത്തിനായി കാരിയർമാരാക്കുകയും ചെയ്തിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. കുടുംബസമേതം യാത്ര ചെയ്യുന്നതെന്ന പ്രതീതി സൃഷ്ടിച്ച് യുവതികളോടൊപ്പം കാറുകളിൽ ലഹരി കടത്തിയിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നഗരത്തിലെയും പരിസരങ്ങളിലെയും സ്വകാര്യ ലോഡ്ജ് നടത്തിപ്പുകാർക്ക് സംഘവുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
സുൽത്താൻ ബത്തേരിയിലെ വനാതിർത്തിക്കടുത്തുള്ള സ്വകാര്യ റിസോർട്ട് വളഞ്ഞാണ് എരഞ്ഞിക്കൽ സ്വദേശി സാഖേഷ് കൂമ്പാളിയെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. ആയുധം കാട്ടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മൽപ്പിടിത്തത്തിലൂടെ കീഴടക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതും ലഹരിക്കടത്തും ഉൾപ്പെടെ ഏകദേശം 19 കേസുകൾ സാഖേഷിനെതിരെ നിലവിലുണ്ടെന്നാണ് പൊലീസ് പറയുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ബൈക്കും പൊലീസ് കണ്ടെത്തി. കുണ്ടൂപ്പറമ്പിലെ സാഖേഷിന്റെ സുഹൃത്തിന്റെ വീട്ടിൽനിന്നാണ് എലത്തൂർ ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ബൈക്ക് കണ്ടെടുത്തത്. സാഖേഷിന്റെ ലഹരി ശൃംഖലയിൽ യുവതികൾ ഉൾപ്പെടെ ഇരുനൂറോളം പേർ കണ്ണികളായിട്ടുണ്ടെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ഇവരുടെ സാമ്പത്തിക ഇടപാടുകളും ഫോൺ ബന്ധങ്ങളും വാഹനങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.