Image: instagram.com/bollywoodhelpline

Image: instagram.com/bollywoodhelpline

പൊതുവേദികളിലും പരിപാടികളിലും താരങ്ങൾക്ക് നേരെയുണ്ടാകുന്ന ആരാധകരുടെ അതിരുവിട്ട പെരുമാറ്റങ്ങൾ പലപ്പോഴും വലിയ വാർത്തയാകാറുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ബോളിവുഡ് നടിയും നര്‍ത്തകിയുമായ നികിത റാവലിന് നേരെയാണ് പൊതുവേദിയിൽ ആരാധികയുടെ അതിക്രമമുണ്ടായത്.

ഒരു പൊതുചടങ്ങിന്റെ റെഡ് കാർപെറ്റില്‍ മാധ്യമങ്ങൾക്ക് മുന്നിൽ നികിത റാവല്‍ പോസ് ചെയ്യുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്യവേയാണ് അതിക്രമമുണ്ടായത്. സുരക്ഷാ വലയം ഭേദിച്ചെത്തിയ ആരാധിക ആദ്യം ഒരു സെൽഫിയെടുക്കാനാണ് ആവശ്യപ്പെട്ടത്. ആദ്യം സാഹചര്യം വളരെ ശാന്തമായിരുന്നു. നികിത ആരാധികയൊടോപ്പം പുഞ്ചിരിച്ച് സെല്‍ഫിക്ക് പോസ് ചെയ്യുകയും ചെയ്തു. എന്നാല്‍ പെട്ടെന്നാണ് സാഹചര്യം മാറിയത്.

അപ്രതീക്ഷിതമായി ആരാധിക നികിതയുടെ കവിളിൽ ചുംബിക്കുകയും പിന്നീട് ചുണ്ടിൽ ചുംബിക്കാനായി വലിച്ചടുപ്പിക്കുകയുമായിരുന്നു. ഈ സമയം താരം അസ്വസ്ഥയാകുന്നതും ആരാധികയെ തള്ളുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ ആരാധിക ബലമായി നികിതയുടെ ചുണ്ടില്‍ ചുംബിക്കുന്നു. ആ ഞെട്ടല്‍ മാറും മുന്‍പ് വീണ്ടും കവിളില്‍ ചുംബിക്കുകയും ചെയ്തു. ഭയന്ന നികിത ഒരു നിമിഷം എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാതെ നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവം ഞെട്ടലുണ്ടാക്കിയെങ്കിലും പെട്ടെന്ന് തന്നെ സമചിത്തത വീണ്ടെടുത്ത താരം അവിടെ നിന്നും റെഡ്കാര്‍പ്പറ്റില്‍ നിന്നും ഉടന്‍ നടന്നുനീങ്ങി. ക്യാമറകൾക്ക് മുന്നിൽ ഉണ്ടായ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. സെലിബ്രിറ്റികളുടെ സുരക്ഷയെക്കുറിച്ചും പൊതുസ്ഥലങ്ങളിൽ, സ്വന്തം ആരാധകരില്‍ നിന്നുപോലും അവർക്ക് നേരിടേണ്ടി വരുന്ന അതിക്രമത്തെ കുറിച്ചും വലിയ തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Bollywood actress Nikita Rawal was subjected to an unprovoked boundary violation by a female fan during a public red carpet event. After initially posing calmly for a requested selfie, the fan forcibly kissed Nikita on the cheek and lips. Although visibly shocked and unsettled, the actress quickly composed herself and walked away from the area. The incident has since gone viral, triggering intense social media debates concerning celebrity safety and personal boundaries in public spaces.