Image credit;X/mehr

Image credit;X/mehr

  • ഫെബ്രുവരി 28നുണ്ടായ ആക്രമണത്തില്‍ ഗുരുതരമായ പരുക്കുകളാണ് മുജ്തബയ്ക്കേറ്റത്. അംഗഭംഗം സംഭവിച്ചുവെന്നും കാഴ്ച നഷ്ടപ്പട്ടുവെന്നും മുഖത്തിന്‍റെ ഒരുഭാഗം നഷ്ടപ്പെട്ടുവെന്നുമെല്ലാം അഭ്യൂഹങ്ങളുണ്ടായി

പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ആരോഗ്യനില ഗുരുതരമെന്ന വാര്‍ത്തകള്‍ തള്ളി ഇറാന്‍. മുജ്തബ ഖമനയി പൂര്‍ണ ആരോഗ്യവാനായി കാണപ്പെടുന്ന വിഡിയോ ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ മെഹ്ര്‍ പുറത്തുവിട്ടു. എന്ന് ചിത്രീകരിച്ചുവെന്ന് വ്യക്തമല്ലാത്ത വിഡിയോയാണിത്. ഫെബ്രുവരി 28ലെ അമേരിക്കന്‍– ഇസ്രയേല്‍ ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് മുജ്തബയുടെ വിഡിയോ പുറത്തുവരുന്നത്. 

ചുറ്റിനും ആളുകള്‍ക്ക് നടുവില്‍ മുജ്തബ ഇരിക്കുന്നതും സംസാരിക്കുന്നതുമാണ് വിഡിയോയിലുള്ളത്. ഒരു കൈ സംസാരത്തിനിടയില്‍ ചലിപ്പിക്കുന്നതും മുഖത്ത് തൊടുന്നതും കാണാം. അതേസമയം,ഒരു കാല്‍ പകുതി മറച്ച നിലയിലാണ് വിഡിയോയിലുള്ളത്. മുഖത്തോ, ശരീരഭാഷയിലോ ആരോഗ്യപ്രശ്നങ്ങളൊന്നും പ്രകടമല്ല. ഊര്‍ജസ്വലനായാണ് അദ്ദേഹത്തെ കാണുന്നത്. 

മുജ്തബയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ഇസ്രയേല്‍ മാധ്യമങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്‍റെ പരമോന്നത നേതൃപദവി ഉടന്‍ ശൂന്യമാകുമെന്നും നേതാവില്ലാതെ ഉഴറുകയാണ് ഇറാനെന്നുമായിരുന്നു റിപ്പോര്‍ട്ട്. 'മുജ്തബയുടെ മരണവാര്‍ത്ത കേട്ടാല്‍ അതിശയിക്കാനില്ല' എന്നായിരുന്നു ജെറുസലേം പോസ്റ്റിനോട് ഇറാനില്‍ നിന്നുള്ള ഉന്നതന്‍ വെളിപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. വ്യാപകമായി ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് ഭരണകൂടത്തിന്‍റെ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സിയിലൂടെ ഇറാന്‍ മുജ്തബയുടെ വിഡിയോ പുറത്തുവിട്ടത്. 

ആയത്തുല്ല ഖമനയിയുടെ സംസ്കാരച്ചടങ്ങിലടക്കം മുജ്തബ പങ്കെടുത്തിരുന്നില്ല. സുരക്ഷാകാരണങ്ങളാലാണോ അതോ ആരോഗ്യസ്ഥിതി മോശമായതിനാലാണോ ഇതെന്ന് ചോദ്യം ഉയര്‍ന്നിരുന്നു. ഫെബ്രുവരി 28നുണ്ടായ ആക്രമണത്തില്‍ ഗുരുതരമായ പരുക്കുകളാണ് മുജ്തബയ്ക്കേറ്റത്. അംഗഭംഗം സംഭവിച്ചുവെന്നും കാഴ്ച നഷ്ടപ്പട്ടുവെന്നും മുഖത്തിന്‍റെ ഒരുഭാഗം നഷ്ടപ്പെട്ടുവെന്നുമെല്ലാം അഭ്യൂഹങ്ങളുണ്ടായി. മുജ്തബയ്ക്ക് സാരമായ പരുക്കേറ്റിരുന്നുവെന്നും ചികില്‍സയിലാണെന്നും അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തിയതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 

അതേസമയം, സമാധാന കരാറിലെത്തിച്ചേരാന്‍ ഇതാണ് ഏറ്റവും നല്ല സമയമെന്ന് ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസഷ്കിയന്‍ പ്രതികരിച്ചു. അമേരിക്കയും ഇസ്രയേലും നടത്തിയ അധിനിവേശ യുദ്ധത്തില്‍ ഇറാനാണ് വിജയിച്ചതെന്നും കൂടുതല്‍ കരുത്തരായതെന്നും പെസഷ്കിയന്‍ അവകാശപ്പെട്ടു. ഇനി സംഘര്‍ഷാവസ്ഥ ഉണ്ടാകാതിരിക്കാന്‍ മതിയായ നടപടികള്‍ സ്വീകരിക്കുന്നതിനായി ഒമാന്‍റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. യുദ്ധമോ, സമാധാനമോ അല്ലാത്ത ഈ സ്ഥിതിയില്‍ നിന്ന് എത്രയും വേഗത്തില്‍ പുറത്തുകടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 

ENGLISH SUMMARY:

Iran has released a video through the Mehr News Agency showing Supreme Leader Mojtaba Khamenei in good health, directly refuting recent reports by Israeli media claiming his condition was critical following a February 28 US-Israel attack. The unverified footage marks his first appearance since the strikes, which had fueled widespread rumors regarding severe injuries, loss of vision, and his absence from Ayatollah Khamenei's funeral rites. Meanwhile, Iranian President Masoud Pezeshkian asserted that Iran emerged victorious and stronger from the conflict, emphasizing that it is an opportune time to pursue a peace agreement with Oman mediating regional de-escalation efforts. This developing situation highlights ongoing geopolitical tensions and official media countermeasures by the Iranian state to maintain leadership stability.