keerthy-suresh-on-item-dance
  • പാരഡൈസില്‍ കീര്‍ത്തി അഭിനയിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നുവെങ്കിലും ഇതുവരേക്കും കീര്‍ത്തിയോ, നാനിയോ, അണിയറ പ്രവര്‍ത്തകരോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല

നാനി ചിത്രം 'ദ പാരഡൈസി'ലെ ഡാന്‍സ് നമ്പറിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍താരം കീര്‍ത്തി സുരേഷ്. സിനിമയിലിപ്പോള്‍ നല്ല വേഷമൊന്നും കിട്ടാത്തതിനാല്‍ കീര്‍ത്തി ഐറ്റം ഡാന്‍സ് ചെയ്ത് പിടിച്ച് നില്‍ക്കാന്‍ നോക്കുന്നുവെന്നായിരുന്നു ഫ്രന്‍റ്​വുഡ്സ് ടിവി പുറത്തുവിട്ട വിഡിയോയില്‍ ഒരു യുവതി ഉയര്‍ത്തിയ വിമര്‍ശനം. ഇതോടെയാണ് കീര്‍ത്തി മൗനം വെടിഞ്ഞത്. 

നാനിയുടെ ചിത്രം കന്നഡയിലാണെന്നായിരുന്നു യുവതിയുടെ പരാമര്‍ശം. തനിക്കെതിരെയുയര്‍ന്ന ആരോപണത്തെ കീര്‍ത്തി നേരിട്ട രീതിയും ശ്രദ്ധേയമാണ്. ' വേറ ലെവല്‍, പക്ഷേ ഒരു ചെറിയ വ്യത്യാസമുണ്ട്. നാനി തെലുങ്കിലാണ് അഭിനയിക്കുന്നത് കന്നഡയിലല്ല' എന്നായിരുന്നു യുവതിക്ക് കീര്‍ത്തിയുടെ മറുപടി. നിരവധിപ്പേരാണ് കീര്‍ത്തിയുടെ കമന്‍റിന് പിന്തുണയുമായി എത്തിയത്. അനാവശ്യകാര്യങ്ങള്‍ക്ക് എന്തിന് മറുപടി നല്‍കണം, ഇതാ നോക്കൂ, തിരുത്തേണ്ടത് കീര്‍ത്തി തിരുത്തി എന്നായിരുന്നു ആരാധകരുടെ കമന്‍റ്. 

2017 ല്‍ നേനു ലോക്കലിലും 2023 ല്‍ ദസറയിലുമാണ് നാനിയും കീര്‍ത്തിയും ഒന്നിച്ചഭിനയിച്ചത്. രണ്ടും ബോക്സോഫീസ് ഹിറ്റുകളുമായി. പാരഡൈസില്‍ കീര്‍ത്തി അഭിനയിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നുവെങ്കിലും ഇതുവരേക്കും കീര്‍ത്തിയോ, നാനിയോ, അണിയറ പ്രവര്‍ത്തകരോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ചിത്രത്തിന്‍റെ ടീസര്‍ വ്യാഴാഴ്ച പുറത്തുവന്നതിലും കീര്‍ത്തി ഇല്ല.  രാഘവ് ജുയല്‍, മോഹന്‍ ബാബു, കയാദു ലോഹര്‍, തനിക്കേല ഭരണി, സൊനാലി കുല്‍ക്കര്‍ണി, സംപൂര്‍ണേഷ് ബാബു, ഈശ്വരി റാവു തുടങ്ങിയവരാണ് നാനിക്ക് പുറമെ ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. സെപ്റ്റംബര്‍ 24ന് ചിത്രം തിയേറ്ററുകളിലെത്തും. 

തെലുങ്കില്‍ റൗഡി ജനാര്‍ദ്ദന എന്ന ചിത്രമാണ് കീര്‍ത്തിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. രവി കിരണ്‍ കോല സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് ദേവരക്കൊണ്ടെയാണ് നായകന്‍. ചിത്രം ഡിസംബറിലാണ് റിലീസ്. ഇതിന് പുറമെ അനില്‍ രവിപുഡിയുടെ ഇതുവരെ പേരിടാത്ത ചിത്രത്തില്‍ വെങ്കിടേഷിനും കല്യാണ്‍ റാമിനും കൃതി ഷെട്ടിക്കുമൊപ്പം കീര്‍ത്തിയും അഭിനയിക്കുന്നുണ്ട്. 

ENGLISH SUMMARY:

South Indian superstar Keerthy Suresh has humorously responded to criticism from a YouTube channel user who claimed she resorted to doing an item song in Nani’s upcoming movie 'The Paradise' because she wasn't getting good acting roles. Without losing her cool, Keerthy corrected the critic's factual error regarding the film's language by pointing out that Nani acts in Telugu rather than Kannada. While rumors have circulated about her appearance in the film, neither the actors nor the makers have officially confirmed her involvement, and the movie is scheduled for a theatrical release on September 24. Meanwhile, Keerthy has several prominent projects lined up, including Ravi Kiran Kolan's 'Rowdy Janardhana' with Vijay Deverakonda and an untitled venture directed by Anil Ravipudi.