Image credit:facebook/ImKajalAggarwal
ബോളിവുഡില്‍ നടികള്‍ക്ക് നേരെയുള്ള മനോഭാവത്തില്‍ പ്രതികരിച്ചും ദക്ഷിണേന്ത്യന്‍ സിനിമകളെ പുകഴ്ത്തിയും നടി കാജല്‍ അഗര്‍വാള്‍. ഹിന്ദി സിനിമകള്‍ക്ക് കൈ കൊടുക്കുന്നത് വളരെ ആലോചിച്ച് മാത്രമാണെന്നും സ്ത്രീകളോടുള്ള സമീപനം ദക്ഷിണേന്ത്യന്‍ സിനിമാ രംഗത്തെ അപേക്ഷിച്ച് വളരെ മോശമാണെന്നും അവര്‍ തുറന്ന് പറയുന്നു. സല്‍മാനും രണ്‍ദീപ് ഹൂഡയ്ക്കുമെല്ലാം ഒപ്പം സ്ക്രീന്‍ പങ്കിട്ട താരം വളരെ വേഗത്തിലാണ് ദക്ഷിണേന്ത്യന്‍ സിനിമകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. ദക്ഷിണേന്ത്യന്‍ സിനിമകളുടെ നിലവാരം ബോളിവുഡിനെ അപേക്ഷിച്ച് വലിയതാണെന്നും ബോളിവുഡിലെ ശരാശരി റോളുകളെക്കാള്‍ പ്രാധാന്യം തനിക്ക് ദക്ഷിണേന്ത്യയില്‍ ലഭിക്കുന്നുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.
കൃത്യനിഷ്ഠ ബോളിവുഡിന്‍റെ ഏഴയലത്ത് കൂടിപ്പോയിട്ടില്ലെന്നും സൂപ്പര്‍താരങ്ങള്‍ക്കായി കാത്തുകെട്ടിയിരിക്കേണ്ടി വന്നിട്ടുണ്ടെന്നും കാജല്‍ പറയുന്നു. അതേസമയം, ദക്ഷിണേന്ത്യയില്‍ കൃത്യമായ സമയം എല്ലാത്തിനുമുണ്ടെന്നും താരം വ്യക്തമാക്കി. 'എന്നെ ഏറ്റവുമധികം നേരം കാത്തിരുത്തിയത് സല്‍മാന്‍ ഖാനാണ്. എനിക്കത് ഒട്ടും ശീലമില്ലായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നോര്‍ത്ത് ഞാന്‍ സത്യത്തില്‍ അമ്പരന്നു. വെളുപ്പിനെ ഷൂട്ടിങിനെത്തിയതാണ് ഞാന്‍. പക്ഷേ സല്‍മാന്‍ വന്നപ്പോള്‍ ഉച്ചയോ വൈകുന്നേരമോ ആയി. കാത്തിരുന്ന് മടുത്തപ്പോള്‍ സെറ്റില്‍ തന്നെയുള്ള ജിമ്മില്‍ ഞാന്‍ പോയി'- കാജല്‍ തുറന്ന് പറഞ്ഞു.
സ്ത്രീകളെ സിനിമയില്‍ അവതരിപ്പിക്കുന്നതില്‍ ബോളിവുഡിനെ അപേക്ഷിച്ച് ദക്ഷിണേന്ത്യ ബഹുദൂരം മുന്നിലാണെന്നും കാമ്പുള്ള വേഷങ്ങള്‍ ഇവിടെയാണ് അധികം ലഭിക്കുന്നതെന്നും കാജല്‍ പറയുന്നു. സ്ത്രീകളുടെ പൊക്കിളിനെ ചുറ്റിപ്പറ്റിയല്ല ഇന്നത്തെ ദക്ഷിണേന്ത്യന്‍ സിനിമകളെന്നും ആ കാലത്ത് നിന്നും വളര്‍ന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'സ്ത്രീ കേന്ദ്രീകൃതമായ കരുത്തുറ്റ കഥാപാത്രങ്ങള്‍ ഇവിടെയുണ്ടാകുന്നുണ്ട്, ബോളിവുഡിലാവട്ടെ, പ്രായമായ വേഷങ്ങളിലേക്ക് സ്ത്രീകള്‍ ചുരുങ്ങുന്നു. അത്തരം വേഷങ്ങള്‍ ഞാന്‍ ചെയ്യില്ലെന്ന് ഉറച്ചിട്ടുണ്ട്'- കാജല്‍ വിശദീകരിച്ചു. 'ദ് ഇന്ത്യാ സ്റ്റോറി'യാണ് കാജലിന്‍റേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. നിതേഷ് തിവാരിയുടെ രാമായണ പാര്‍ട്ട് 1,2 എന്നിവയില്‍ മണ്ഡോദരിയുടെ വേഷത്തിലും കാജലെത്തുന്നു.