deepika

ബോളിവുഡ് സൂപ്പർതാരം ദീപിക പദുക്കോണുമായി വേർപിരിഞ്ഞതിൽ കുറ്റബോധമില്ലെന്ന് പറയുന്ന വിഡിയോ വൈറലായതിന് പിന്നാലെ  വിശദീകരണവുമായി നടനും മോഡലുമായ മുസമ്മിൽ ഇബ്രാഹിം. ഒരു വർഷം മുൻപുള്ള അഭിമുഖത്തിൽനിന്നുള്ള ഭാഗമാണ് ഇപ്പോൾ  വ്യാപകമായി പ്രചരിക്കുന്നതെന്ന് മുസമ്മിൽ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.

'പുതിയ വെളിപ്പെടുത്തലുകൾ എന്ന പേരിൽ പ്രചരിക്കുന്ന അഭിമുഖം ഒരു വർഷം മുമ്പ്   ചിത്രീകരിച്ചതാണ്. ഇപ്പോൾ പ്രചരിപ്പിക്കുന്നത് വളരെ നീണ്ട ഒരു സംഭാഷണത്തിൽ നിന്നുള്ള ഏതാനും നിമിഷങ്ങളാണ്. ചില വിഷയങ്ങളിലെ വിമുഖത, സന്ദർഭം, പരസ്പരബഹുമാനം എന്നിവ എഡിറ്റ് ചെയ്തപ്പോൾ നഷ്ടപ്പെട്ടു. ചില ഭാഗങ്ങൾ അടർത്തിയെടുക്കപ്പെട്ടു.

എന്‍റെ ജീവിതത്തിൽ വന്നുപോയിട്ടുള്ള ആളുകളെക്കുറിച്ച് ബഹുമാനത്തോടെ സംസാരിക്കാൻ ഞാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്, അത് മാറ്റമില്ലാതെ തുടരുന്നു.മറ്റുള്ളവരെപ്പോലെ, എന്‍റെ ജോലിയും ജീവിതവും കെട്ടിപ്പടുക്കുന്നതിൽ ഞാൻ വർഷങ്ങളോളം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്, സത്യസന്ധമായി സംസാരിക്കുന്നതിൽ ഞാൻ ഉറച്ചുനിൽക്കുന്നു' - മുസമ്മിൽ കുറിച്ചു.

കഴിഞ്ഞ വർഷം ജൂണിൽ സിദ്ധാർഥ് കണ്ണന് നൽകിയ അഭിമുഖത്തിലാണ് ദീപികയുമായുള്ള ബന്ധത്തെക്കുറിച്ച് മുസമ്മിൽ തുറന്നുപറഞ്ഞത്. 'അവളാണ് ആദ്യം പ്രൊപ്പോസ് ചെയ്തത്. ഞാൻ അവളുമായി പിരിഞ്ഞു. ആരെയും ഒരിക്കലും വേർപിരിഞ്ഞതിൽ ഞാൻ ഖേദിക്കുന്നില്ല. അക്കാലത്ത് ഞാൻ താരമായിരുന്നു, അവൾ വെറും മോഡലും. ഇപ്പോൾ അവൾ സൂപ്പർതാരമാണ്, എന്നെ ആർക്കും അറിയില്ല. ഞാനും അവളുടെ വലിയ ആരാധകനാണ്' മുസമ്മിൽ അന്ന് പറഞ്ഞു.

ദീപിക മുംബൈയിൽ പരിചയപ്പെട്ട ആദ്യത്തെ വ്യക്തി താനാണ്. അവരുടെ ആദ്യത്തെ യഥാർഥ പ്രണയബന്ധം താനുമായിട്ടായിരുന്നു. പിരിഞ്ഞശേഷവും ഏറെക്കാലം നല്ല സുഹൃത്തുക്കളായിരുന്നു. ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ വിവാഹശേഷം ബന്ധപ്പെട്ടിട്ടില്ല. അവരുടെ വളർച്ചയിൽ അസൂയയില്ല. ഇപ്പോൾ നല്ല നിലയിൽ എത്തിയത് കാണുമ്പോൾ സന്തോഷമുണ്ടെന്നും മുസമ്മിൽ അന്ന് കൂട്ടിച്ചേർത്തു. രൺവീർ സിങ്ങിന്‍റെ രൂപത്തിൽ ദീപികയ്ക്ക് സ്‌നേഹനിധിയായ ഭർത്താവുണ്ട്. ദുഅ എന്നൊരു മകളുണ്ട്. അതെല്ലാം അവളുടെ സ്വപ്‌നമായിരുന്നുവെന്നും മുസമ്മിൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അതേസമയം  രണ്ടമ്മത്തെ കുട്ടിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ദീപികയും രൺവീർ സിങ്ങും. 2024-ൽ പുറത്തിറങ്ങിയ 'സിങ്കം എഗെയ്ൻ' ആണ് ദീപികയുടെ ഒടുവിലത്തെ ചിത്രം. ഷാരൂഖ് ഖാനൊപ്പം 'കിങ്', അല്ലു അർജുൻ ചിത്രം 'രാക്ക' എന്നിവ അണിയറയിൽ ഒരുങ്ങുന്നു. 

ENGLISH SUMMARY:

Muzammil Ibrahim has issued a clarification after a video claiming he expressed no regret over his breakup with Bollywood superstar Deepika Padukone went viral. He stated that the interview circulating online was recorded a year ago, and the current clips are short, edited segments that omit context and mutual respect.