കിങ് കോങ്ങും ഗോഡ്സിലയുമടങ്ങുന്ന മോണ്‍സ്റ്റര്‍വേഴ്സ് സിനിമകളുടെ ആരാധകരാണ് നിങ്ങളെങ്കില്‍ കിങ് കോങ്ങിന് ഏറ്റവും അരുമയും കിങ് കോങ്ങിന്‍റെ ഏറ്റവും അടുത്ത സുഹൃത്തുമായ ജിയയെ അറിയാമായിരിക്കും. എന്നാല്‍ ജിയയെ സ്ക്രീനില്‍ അവതരിപ്പിച്ച നടി കൈലി ഹോട്ടില്‍ (18) കാറപകടത്തില്‍ മരണമടഞ്ഞെന്ന വാര്‍ത്തയാണ് ആരാധകരെ കണ്ണീരിലാഴ്ത്തി പുറത്തുവരുന്നത്. ബധിരയായ നടി 2021ല്‍ അവതരിപ്പിച്ച ഗോഡ്സില വേഴ്സസ് കോങ്, 2024ലെ ഗോഡ്സില എക്സ് കോങ് തുടങ്ങിയ സിനിമകളിലെ കഥാപാത്രം ഏറെ പ്രേക്ഷകപ്രശംസയും ജനശ്രദ്ധയും നേടിയിരുന്നു.
യുഎസ് മേരിലാന്‍ഡ് സ്റ്റേറ്റില്‍ നടന്ന വാഹനാപകടത്തിലായിരുന്നു നടിയുടെ ദാരുണാന്ത്യം. തന്റെ മകള്‍ മരിച്ചെന്നും മൃതദേഹം കൈപ്പറ്റാനായി ടെക്സാസില്‍ നിന്ന് പുറപ്പെട്ട് കഴിഞ്ഞെന്നും പിതാവ് ലൈവിലൂടെ വ്യക്തമാക്കി. പാരമ്പര്യമായി ബധിരത പടര്‍ന്ന കുടുംബമാണ് കൈലിയുടേത് പിതാവും ബധിരത ബാധിതനാണ്.
സിനിമകളില്‍ ബധിരയായ കഥാപാത്രത്തെത്തന്നെയാണ് കൈലി അവതരിപ്പിച്ചിരുന്നത്. നടിയുടെ അഭിനയം ശാരീരിക വൈകല്യമുള്ള കുട്ടികള്‍ക്ക് വന്‍ പ്രചോദനമായിരുന്നു.