മകനെ നെഞ്ചോട് ചേർത്തുവളർത്തിയ ആ പിതാവിന്റെ വേർപാട് നാടിനും സുഹൃത്തുക്കൾക്കും മാത്രമല്ല, സൈബർലോകത്തിനും വേദനയായി. ഇടുക്കി കുമളിയിലെ സ്വകാര്യ ബസ് കണ്ടക്ടർ രഞ്ജീഷിന്റെ മരണവാർത്ത ഉൾക്കൊള്ളാനാകാതെ കണ്ണീരിലാണ് സുഹൃത്തുക്കളും നാട്ടുകാരും. രഞ്ജീഷിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നത്.
ഒരാഴ്ച മുൻപ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച രഞ്ജീഷ് ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ബുധനാഴ്ച മരിച്ചത്. കോഴിമലയിൽ മകനും മാതാപിതാക്കൾക്കുമൊപ്പമായിരുന്നു താമസം. ആറ് വർഷം മുൻപ് ജോലിക്കായി ഭാര്യ ഷാർജയിലേക്ക് പോയതോടെയാണ് രഞ്ജീഷും മകനും മാത്രമായത്. പിന്നീട് ഭാര്യ മറ്റൊരാളുമായി ബന്ധത്തിലായെന്നും രഞ്ജീഷുമായുള്ള ബന്ധം ഉപേക്ഷിച്ചെന്നും കുടുംബം പറയുന്നു.
ഒരു മാസം മുൻപ് നാട്ടിലെത്തിയ ഭാര്യ, മകനെ ഒപ്പം കൊണ്ടുപോകാൻ കട്ടപ്പന കോടതിയെ സമീപിച്ചു. കോടതി അനുമതി ലഭിച്ചതോടെ ഇത്രയും കാലം തനിക്കൊപ്പം വളർത്തിയ മകനെ രഞ്ജീഷിന് വിട്ടുനൽകേണ്ടിവന്നു. മകനെ പിരിഞ്ഞതിന്റെ വേദന താങ്ങാനാകാതെയാണ് രഞ്ജീഷ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് പഞ്ചായത്ത് അംഗം റോബിൻ കാരക്കാടൻ മനോരമ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
"ആറ് വർഷത്തിന് ശേഷം ഒരു മാസം മുൻപാണ് ഭാര്യ നാട്ടിലെത്തിയത്. മകനെ വിട്ടുകിട്ടാൻ അവർ കോടതിയെ സമീപിച്ചു. കോടതി അനുമതി നൽകിയതോടെ മകനെ അമ്മയ്ക്കൊപ്പം അയക്കേണ്ടിവന്നു. മകനോടുള്ള വേർപാടിന്റെ വേദന രഞ്ജീഷിന് താങ്ങാനായില്ല. മരണശേഷം അച്ഛന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോലും മകനെ അയക്കാൻ ആദ്യം തയ്യാറായില്ല. പിന്നീട് കോടതിയെ സമീപിച്ചാണ് ചടങ്ങുകൾക്കായി മകനെ എത്തിച്ചത്," റോബിൻ പറഞ്ഞു.
മകനെ ജീവനുതുല്യം സ്നേഹിച്ചിരുന്ന രഞ്ജീഷിന് ആ വേർപാട് സഹിക്കാനായില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു രഞ്ജീഷെന്നും ആരോടും പിണക്കമില്ലാത്ത സ്വഭാവമായിരുന്നെന്നും റോബിൻ പറയുന്നു. ബസ് കണ്ടക്ടറായി ജോലി ചെയ്യുന്നതിനിടെയുള്ള രഞ്ജീഷിന്റെ ദൃശ്യങ്ങളും സുഹൃത്തുക്കൾ പങ്കുവച്ച ഓർമകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. പ്രിയപ്പെട്ട മകനെ പിരിഞ്ഞതിന്റെ വേദനയിൽ ജീവിതം അവസാനിപ്പിച്ച രഞ്ജീഷിന്റെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.